കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; വിവാദ ഐഎഎസ് ട്രെയിനി പൂജയുടെ അമ്മ അറസ്റ്റിൽ

Thursday 18 July 2024 11:49 AM IST

ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറുടെ മാതാവ് മനോരമ ഖേദ്‌കർ അറസ്റ്റിൽ. കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന കേസിലാണ് മനോരമയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഒന്നര വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റുണ്ടായത്. കർഷകർ സംഭവ സമയത്ത് തന്നെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ, പൂജ വിവാദത്തിലായതോടെയാണ് ഇപ്പോൾ മാതാവിനെതിരെ പൊലീസ് കേസെടുത്തത്.

കേസിൽ കർഷകരുടെ മൊഴി നേരത്തേ തന്നെ രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ റായ്‌‌ഗഡിൽ വച്ചാണ് മനോരമ ഖേദ്‌കറെ അറസ്റ്റ് ചെയ്‌തത്. ഐഎഎസ് നേടാൻ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെന്ന പരാതിയിൽ പൂജ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

കോടികളുടെ സ്വത്തുക്കൾ ഉണ്ടായിട്ടും ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകിയ പൂജ, കാഴ്‌ചവൈകല്യത്തിന് കൃത്രിമ രേഖയുണ്ടാക്കിയെന്നും ആരോപണം ഉയർന്നിരുന്നു. എല്ലിന് ബലക്ഷയം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ശാരീരിക വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. പൂജയ്‌ക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അന്വേഷണം നടത്തുകയാണ്.

അതേസമയം, പൂനെ ജില്ലാ കളക്‌ടർക്കെതിരെ പൂജ മാനസിക പീഡനത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ മൊഴിയെടുക്കാനായി പൂജയോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരിശീലനം മതിയാക്കി മസൂറിയിലെ ഐഎഎസ് അക്കാ‌ഡമിയിൽ തിരികെയെത്താൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൂനെ ജില്ലാ കളക്ടർക്കെതിരെ മാനസിക പീഡനത്തിന് പൂജ പരാതി നൽകിയത്.

കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൂജയെ പൂനെയിൽ നിന്ന് വിദർഭയിലേക്ക് സ്ഥലംമാറ്റിയത്. പ്രത്യേക ക്യാബിനും ജീവനക്കാരും വേണമെന്ന് ആവശ്യപ്പെടുകയും സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തെന്ന് കളക്ടറുടെ റിപ്പോർട്ടിലുണ്ടായിരുന്നു.

Advertisement
Advertisement