ചണ്ഡിഗഡ് ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റി, കോച്ചുകൾ തലകീഴായി മറിഞ്ഞു; നാല് മരണം

Thursday 18 July 2024 4:21 PM IST

ലഖ്നൗ:ചണ്ഡിഗഡിൽ നിന്നും ദിബ്രുഗഡിലേക്ക് പുറപ്പെട്ട ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെ​റ്റി അപകടം. ഉത്തർപ്രദേശിലെ ഗോണ്ടയിലെ ജിലാഹി റെയിൽവേസ്‌​റ്റേഷന് സമീപത്തായിരുന്നു അപകടം. പത്ത് മുതൽ 12 കോച്ചുകൾ മറിഞ്ഞെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തിൽ നാല് പേർ മരണപ്പെട്ടതായി സൂചനയുണ്ട്.

അപകടത്തിൽ ട്രെയിനിന്റെ എ സി കോച്ചുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരാകുകയായിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. ദിബ്രുഗഡ് എക്സ്പ്രസ് ചണ്ഡിഗഡിൽ നിന്നും ദിബ്രുഗഡിലേക്ക് സ്ഥിരം സർവീസ് നടത്തുന്ന ട്രെയിനാണ്. അപകടത്തിൽ മരിച്ചവരുടെയും പരിക്കേ​റ്റവരുടെയും വിശദവിവരങ്ങൾ ശേഖരിച്ചുവരികയാണെന്നാണ് അധികൃതർ അറിയിച്ചത്.

അപകടസ്ഥലത്തേക്ക് 40 അംഗ മെഡിക്കൽസംഘത്തെയും 15 ആംബുലൻസുകളും അയച്ചിട്ടുണ്ട്. സംഭവം നിരീക്ഷിക്കുന്നതിനായി ജില്ലാ മജിസ്‌ട്രേ​റ്റും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പുറപ്പെട്ടിട്ടുണ്ട്. ജിലാഹി റെയിൽ വേ സ്​റ്റേഷൻ എത്തുന്നതിന് കുറച്ച് കിലോമീ​റ്ററുകൾക്ക് മുൻപ് പാളം തെ​റ്റുകയായിരുന്നു. അപകടത്തെ തുടർന്ന് ഇതുവഴി കടന്നുപോകേണ്ടിയിരുന്ന മ​റ്റ് ട്രെയിനുകളെ വഴിതിരിച്ച് വിട്ടതായി നോർത്ത് ഈസ്‌​റ്റേൺ റെയിൽവേയുടെ സിപിആർഒ ഉദ്യോഗസ്ഥനായ പങ്കജ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement