മാർക്കോ ക്ളൈമാക്സ് കുണ്ടറയിൽ

Saturday 20 July 2024 12:33 AM IST

ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോയായി ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന മാർക്കോ എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് ചിത്രീകരണം ആഗസ്റ്റ് 18ന് കുണ്ടറയിൽ ആരംഭിക്കും. പത്തു ദിവസത്തെ ചിത്രീകരണത്തോടെ പാക്കപ്പ് ആകും.

മാർക്കോയിൽ ഉണ്ണി മുകുന്ദന് വില്ലനായി ജഗദീഷ് എത്തുന്നു. മൂന്നാറിൽ ചിത്രീകരണത്തിന് തുടക്കം കുറിച്ച മാർക്കോയ്ക്ക് എറണാകുളത്തും ചിത്രീകരണം ഉണ്ടായിരുന്നു . ഇപ്പോൾ ഷെഡ്യൂൾ ബ്രേക്കിലാണ്. ഹനീഫ് അദേനി സംവിധാനം ചെയ്ത് മികച്ച വിജയം നേടിയ മിഖായേ, സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന പ്രതിനായക കഥാപാത്രത്തെ നായക കഥാപാത്രമാക്കിയാണ് മാർക്കോ ഒരുങ്ങുന്നത്. മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസിലൂടെ വൻ മുതൽമുടക്കിൽ എത്തുന്ന മാസ് എന്റർടെയ്നറായ മാർക്കോയിൽ ബോളിവുഡ് താരം യുക്തി തരേജ ആണ് നായിക. അതുല്യ നടൻ തിലകന്റെ ചെറുമകനും നടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ ആണ് ചിത്രത്തിൽ മറ്റൊരു വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അഭിമന്യുവിന്റെ സിനിമാ അരങ്ങേറ്റമാണ് മാർക്കോ.

സിദ്ധിഖ്, റിയാസ് ഖാൻ, ആൻസൻ പോൾ , കബീർ ദുഹാൻസിംഗ് തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു . കലൈകിംഗ് സൺ, സ്റ്റണ്ട് സിൽവ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രഫേഴ്സ്. കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂർ ആണ് സംഗീതം.ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, ക്യൂബ്സ് എന്റർടെയ്ൻമെന്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവർ ചേർന്നാണ് നിർമ്മാണം.

Advertisement
Advertisement