കൈക്കൂലി ചോദിച്ച ഡോക്ടർക്കെതിരെ അന്വേഷണം
കായംകുളം : നിത്യവൃത്തിയ്ക്ക് പോലും വകയില്ലാത്ത നിർദ്ധനയുവതിയുടെ ഓപ്പറേഷൻ നടത്താൻ നാലായിരത്തി അഞ്ഞൂറ് രൂപ കൈക്കൂലി ചോദിച്ച കായംകുളം സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശം. ഗൈനക്കോളജിസ്റ്റ് ഡോ.മിനി സേവ്യറിനെതിരെ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് കായംകുളം ഐകൃജംഗ്ഷൻ സ്വദേശി മാജിദയുടെ പരാതിയിൻമേൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്.
ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് മൂവായിരം രൂപ തനിക്കും അനസ്തേഷ്യ നൽകുന്ന ഡോക്ടർക്ക് ആയിരത്തി അഞ്ഞൂറ് രൂപയും വേണമെന്ന് ഡോ.മിനി ആവശ്യപ്പെട്ടതായി മാജിത പറഞ്ഞു.
നിരവധി ആരോഗ്യ പ്രശ്നങ്ങളാൽ വീർപ്പുമുട്ടുന്ന മാജിത നാട്ടുകാരുടെ സഹായം കൊണ്ടാണ് ജീവിക്കുന്നത്. രണ്ട് മാസം മുൻപ് രക്തസ്രാവത്തെ തുടർന്നാണ് ഡോക്ടറെ കാണാനെത്തിയത്. എന്നാൽ തുടർ പരിശോധനകൾ വീട്ടിലാക്കി. ഒാരോ തവണയും കാണുമ്പോൾ ഡോക്ടർക്ക് 300 രൂപ വീതം നൽകി. വെള്ളിയാഴ്ച ഓപ്പറേഷൻ നിശ്ചയിച്ചപ്പോഴാണ് നാലായിരത്തി അഞ്ഞൂറ് രൂപകൂടി നൽകണമെന്ന് ആവശ്യപ്പെട്ടത്. തനിക്ക് ഒപ്പം ഓപ്പറേഷൻ നിശ്ചയിച്ചവരെല്ലാം പണം കൊടുക്കാൻ തയ്യാറാണ് പക്ഷേ താൻ എവിടുന്ന് പണമുണ്ടാക്കാനാണന്ന് മാജിദ ചോദിക്കുന്നു.