പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം, അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

Thursday 18 July 2024 9:27 PM IST

ന്യൂഡല്‍ഹി: കേരളത്തെ ഞെട്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് വി. ആര്‍ ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതിയുടെ അപ്പീലില്‍ വിധി പറയുന്നതുവരെയാണ് വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതിയുടെ ഉത്തരവ്.

പ്രതിയുടെ മനശാസ്ത്ര ജയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ശിക്ഷ ലഘൂകരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ അതു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും വേണമെന്നും കോടതി പറഞ്ഞു.

നിരപരാധി എന്ന് തെളിയിക്കാന്‍ തന്റെ കൈയില്‍ തെളിവുകളുണ്ടെന്ന് ഹര്‍ജിയില്‍ അമീറുല്‍ ഇസ്ലാം ചൂണ്ടിക്കാട്ടുന്നു. വധശിക്ഷയുടെ ഭരണഘടനാ സാദ്ധ്യതയും ഹര്‍ജിയില്‍ പ്രതി ചോദ്യം ചെയ്യുന്നു. അഭിഭാഷകരായ സതീഷ് മോഹനന്‍, സുഭാഷ് ചന്ദ്രന്‍,ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുലിന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.

നിയമവിദ്യാര്‍ത്ഥിനി അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ കഴിഞ്ഞ മേയ് 20 നാണ് ഹൈക്കോടതി ശരിവെച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അസാം സ്വദേശി അമീറുള്‍ ഇസ്ലാമിനെ വധശിക്ഷക്ക് വിധിച്ചത്.

ഡി.എന്‍.എ അടക്കം സര്‍ക്കാര്‍ ഹാജരാക്കിയ സുപ്രധാന തെളിവുകളെല്ലാം വിശ്വസനീയമാണെന്നും വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളില്‍ നിയമ വിദ്യാര്‍ത്ഥിനിയായ യുവതി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടത്.