ഓപ്പറേഷൻ ' മഫ്തി ': നിയമം ലംഘിച്ച സ്വകാര്യ ബസുകൾ കുടുങ്ങി

Friday 19 July 2024 12:59 AM IST

ചാരുംമൂട് : മഫ്തിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയമ ലംഘനം നടത്തിയ സ്വകാര്യ ബസുകൾ കുടുങ്ങി. സ്വകാര്യ ബസുകളെപ്പറ്റി മാവേലിക്കര ജോയിന്റ് ആർ ടി ഒ എം ജി മനോജിന് കിട്ടിയ അനവധി പതിരാതികളുടെ അടിസ്ഥാനത്തിലാണ് യൂണിഫോം ഇല്ലാതെ യാത്രക്കാരായി സ്വകാര്യ ബസുകളിൽ പരിശോധന നടത്തുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.

മഫ്തിയിൽ എത്തിയ ഉദ്യോഗസ്ഥർ രാവിലെ മുതൽ തന്നെ സ്വകാര്യ ബസുകളെ നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് എം.വി.ഐമാരായ പ്രമോദ് എ, സജു പി.ചന്ദ്രൻ എന്നിവർ ചാരുംമൂട് നിന്ന് വിവിധ റൂട്ടുകളിൽ യാത്ര നടത്തി. മിക്ക ബസുകളുടെയും ഡ്രൈവറും കണ്ടക്ടറും യൂണിഫോം ധരിച്ച് കൊണ്ടല്ല സർവീസ് നടത്തുന്നത് എന്ന് യാത്രക്കാർ പരാതിപ്പെട്ടു. ചില വാഹനങ്ങൾ അറ്റകുറ്റപ്പണികൾ നടത്താതെ സർവീസ് നടത്തുന്നതായും കണ്ടെത്തി. ഡോർ അടക്കാതെ സർവീസ് നടത്തിയ മൂന്നു വാഹനങ്ങൾ പരിശോധനയിൽ കുടുങ്ങി. നാല് വാഹനങ്ങളിലെ കണ്ടക്ടർമാർക്ക് ലൈസൻസ് ഇല്ല. മറ്റു വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ സ്റ്റോപ്പുകളിൽ നിർത്തുന്ന ബസ്സുകൾക്ക് കർശന താക്കിത് നൽകി. അമിതശബ്ദത്തിൽ മ്യൂസിക് സിസ്റ്റം ഉപയോഗിച്ച രണ്ടു വാഹനങ്ങൾക്കെതിരെ കേസ് എടുത്തു. കാഴ്ച മറക്കുന്ന രീതിയിൽ മുൻ ക്ലാസിൽ സ്റ്റിക്കർ ഒട്ടിച്ച മൂന്ന് വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. യാത്രക്കാരുടെ സഹായത്തോടെ പരിശോധന തുടരുമെന്ന് മാവേലിക്കര ജോയിൻറ് ആർ ടി ഒ അറിയിച്ചു.