അമീർ ഉൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്‌തു

Friday 19 July 2024 4:13 AM IST

ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ മാനഭംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന കേസിൽ അസാം സ്വദേശി മുഹമ്മദ് അമീർ ഉൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്‌ത് സുപ്രീംകോടതി. വിചാരണക്കോടതി വിധിച്ച തൂക്കുകയർ കേരള ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ അമീർ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സഞ്ജയ് കരോൽ, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. അപ്പീലിൽ വാദംകേട്ട് അന്തിമ തീർപ്പുണ്ടാകുന്നതു വരെ സ്റ്റേ തുടരും.

കുറ്റവാളിയെ സംബന്ധിച്ച പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും, തൃശൂർ മെഡിക്കൽ കോളേജിൽ മാനസിക പരിശോധന നടത്തി അതിന്റെ റിപ്പോർട്ടും സംസ്ഥാന സർക്കാർ എട്ടാഴ്ചയ്‌ക്കകം സമർപ്പിക്കണം. ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും തേടി. മാനസാന്തര സാദ്ധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി ദേശീയ നിയമ സർവകലാശാലയിലെ പ്രതിനിധിയെയും നിയോഗിച്ചു.

2016 ഏപ്രിൽ 28ന് വൈകിട്ട് അഞ്ചരയോടെ നിയമ വിദ്യാർത്ഥിനിയുടെ വീട്ടിൽ കയറി കൊടും ക്രൂരത നടത്തിയെന്നാണ് കേസ്. പൊലീസ് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷയെന്ന് അമീർ ഇസ്ലാം ഹർജിയിൽ ആരോപിച്ചു. 2016 ജൂൺ 16ന് ആലുവ പൊലീസ് ക്ലബിൽ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് രേഖ. യഥാർത്ഥത്തിൽ അറസ്റ്റ് തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നായിരുന്നു. ഇരയുമായോ കുടുംബാംഗങ്ങളുമായോ മുൻപരിചയമുണ്ടായിരുന്നില്ല. മുൻവൈരാഗ്യമില്ല. ഡോക്‌ടർമാരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

Advertisement
Advertisement