5 ലക്ഷത്തിന്റെ സാധന സാമഗ്രികൾ നഷ്ടമായി, പടപ്പാട് ക്ഷേത്രത്തിൽ പത്താംതവണയും കവർച്ച

Friday 19 July 2024 12:12 AM IST

തിരുവല്ല : കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ വീണ്ടും മോഷണം. ശ്രീകോവിലും തിടപ്പള്ളിയും ഓഫീസ് മുറിയും സ്റ്റോർ മുറിയടക്കം കുത്തിത്തുറന്ന മോഷ്ടാക്കൾ 5 ലക്ഷത്തിലധികം രൂപയുടെ സാധന സാമഗ്രികൾ കവർന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്.
ഇന്നലെ പുലർച്ചെ അഞ്ചിന് മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ആറടിയോളം പൊക്കവും 50 കിലോയോളം തൂക്കമുള്ള രണ്ട് വിളക്കുകളും നീളമേറിയ കുത്തുവിളക്കും തൂക്കുവിളക്കുകളും ഉൾപ്പെടെ ചെറുതും വലുതുമായ 50ൽ അധികം ഓട്ടുവിളക്കുകൾ മോഷ്ടിക്കപ്പെട്ടു. കലശകുടങ്ങളും പിത്തള പറ, രണ്ട് പൂജാസെറ്റ് എന്നിവയും കവർന്നിട്ടുണ്ട്. വൈദ്യുതി ഫ്യുസ് ഊരി മാറ്റിവച്ച ശേഷമാണ് മോഷണം നടത്തിയത്. സംഭവത്തിന് പിന്നിൽ ഒന്നിലധികം പേർ ഉണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. സാധനസാമഗ്രികൾ കൊണ്ടുപോകാൻ ഇടത്തരം വാഹനം ഉപയോഗിച്ചതായും പൊലീസ് സംശയിക്കുന്നു.

അടിക്കടി മോഷണം ;

കാമറകൾ തകരാറിൽ
മോഷണങ്ങൾ പതിവായതോടെ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ സ്ഥാപിച്ച സി.സി ടി.വി ക്യാമറകൾ പ്രവർത്തന രഹിതമാണ്. മോഷ്ടാക്കൾക്ക് തകർക്കാൻ പറ്റാത്തവിധം ഉയരത്തിൽ സ്ഥാപിച്ച ഈ ക്യാമറകൾ മാസങ്ങൾക്ക് മുമ്പ് ഇടിമിന്നലിൽ തകരാറിലായെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്ത് തവണ ഇവിടെ മോഷണം നടന്നിട്ടുണ്ട്.

കള്ളൻ കാണാമറയത്ത്,

വിഷയം നിയമസഭയിലും

കഴിഞ്ഞ ഏപ്രിലിൽ തിരഞ്ഞെടുപ്പിന് തലേദിവസവും ഇവിടെ മോഷണം നടന്നിരുന്നു. എന്നാൽ ഇതുവരെയും ഒരു പ്രതിയെ പോലും പിടികൂടിയിട്ടില്ല. ഇക്കാര്യം സമീപവാസിയായ മാത്യു ടി.തോമസ് എൽ.എൽ.എ നിയമസഭയിൽ വരെ ഉന്നയിച്ചു. ഇത്രയേറെ സാധനസാമഗ്രികൾ ആദ്യമായാണ് ഇവിടെ നിന്ന് മോഷ്ടിക്കപ്പെടുന്നത്.

1. വിളക്കുകളും കുടങ്ങളും പറയും കവർന്നു, 2. കാവൽക്കാരനെ നിയോഗിക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണമെന്ന് ഭക്തജനങ്ങൾ.

പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം ഊർജ്ജിതമാക്കി. വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി.

ബി.കെ.സുനിൽ കൃഷ്ണൻ,

സർക്കിൾ ഇൻസ്പെക്ടർ, തിരുവല്ല

Advertisement
Advertisement