ബൈഡന് വീണ്ടും കൊവിഡ്, പിന്മാറാൻ സമ്മർദ്ദം ഏറുന്നു

Friday 19 July 2024 12:41 AM IST

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ ജോ ബൈഡന്റെ (81)അനാരോഗ്യവും ഓർമ്മക്കുറവും ചർച്ചയാകുന്നതിനിടെ കൂനിന്മേൽ കുരു പോലെ അദ്ദേഹം വീണ്ടും കൊവിഡിന്റെ പിടിയിലായി. മൂന്നാം തവണയാണ് ബൈഡന് കൊവിഡ് ബാധിക്കുന്നത്. ഇതോടെ പ്രചാരണ പരിപാടികൾ നിറുത്തിവച്ചു.

ഏകാന്ത വിശ്രമത്തിലാണെന്ന് ബൈഡൻ ഇന്നലെ ട്വീറ്റ് ചെയ്തു. ചെറിയ ശ്വാസ തടസവും മൂക്കൊലിപ്പും ഉണ്ടെന്നും അഞ്ചു ദിവസം വിശ്രമം വേണമെന്നും പ്രസിഡന്റിന്റെ ഡോക്ടർ അറിയിച്ചു.

പ്രസിഡന്റിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ കഴിയാത്തവിധം ബൈഡന്റെ ആരോഗ്യം വഷളാവുകയാണെന്ന് വിമർശകർ ആരോപിക്കുന്നുണ്ട്.

അതിനിടെ ബൈഡന് വധഭീഷണി മുഴക്കിയ ഫ്ലോറിഡ സ്വദേശിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ജൂലായ് 11 നായിരുന്നു സംഭവം. ബൈഡനെ കൊല്ലുമെന്ന് സന്ദേശം അയയ്‌ക്കുകയായിരുന്നു.

ഡെമോക്രാറ്റിക് പാർട്ടിക്കാരിൽ നിന്നുതന്നെ ബൈഡൻ പിന്മാറണം എന്ന ആവശ്യം ശക്തമാകുന്നുണ്ട്. ട്രംപിനെ തോൽപ്പിക്കാൻ ബൈഡന് കഴിയില്ലെന്ന് മുൻ സ്പീക്കർ നാൻസി പെലോസി അദ്ദേഹത്തോട് നേരിട്ട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ബൈഡന്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റുകളുടെ ജയസാദ്ധ്യത കുറയ്ക്കുമെന്നും ഭരണം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും പറഞ്ഞു. പെലോസി ഇത് നിഷേധിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ്‌ കമല ഹാരിസ് ജയിക്കില്ലേയെന്ന് പെലോസിയോട് ബൈഡൻ ചോദിച്ചുവത്രെ. ബൈഡൻ പിന്മാറേണ്ടെന്ന് വാദിക്കുന്നവർ കറുത്ത വർഗക്കാരുടെ (ബ്ലാക്‌സ് ) ഉറച്ച പിന്തുണ ഇപ്പോഴും അദ്ദേഹത്തിനുണ്ടെന്ന് അവകാശപ്പെടുന്നു.

കരുത്തോടെ ട്രംപ്

വധശ്രമത്തെ അതീജിവിച്ച ആത്മവിശ്വാസത്തിനു പുറമെ വൈസ് പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി ജെ.ഡി വാൻസ് വന്നതും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് കരുത്തായി. വാൻസ് റിപ്പബ്ലിക്കൻ കൺവെൻഷനിൽ നടത്തിയ പ്രസംഗം ആകർഷകമായി. എബ്രഹാം ലിങ്കനു ശേഷം താടിയുള്ള ഒരാൾ മത്സരിക്കുന്നു എന്ന പ്രത്യേകതയും വാൻസിനുണ്ട്. കൺവെൻഷനിൽ വാൻസിന്റെ ഭാര്യ ഉഷയാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ഇന്ത്യൻ വംശജയാണ് ഉഷ വാൻസ്. വധശ്രമത്തിൽ സുരക്ഷാ മുൻകരുതൽ എടുക്കുന്നതിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായി എന്നാരോപിച്ച് റിപ്പബ്ലിക്കൻ സെനറ്റർമാർ ഇന്നലെ സീക്രട്ട് സർവീസ് ഡയറക്ടറെ തടഞ്ഞുനിറുത്തി രാജി ആവശ്യപ്പെട്ടു.

ഇന്ന് രാത്രി നടക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിൽ ട്രംപിന്റെ നോമിനേഷൻ പ്രഖ്യാപിക്കും. വധശ്രമത്തിനു ശേഷം നിലപാടുകളിൽ വന്ന മാറ്റങ്ങൾ അദ്ദേഹം പറയും.

Advertisement
Advertisement