കോട്ടീശ്വർ സിംഗും മഹാദേവനും ജഡ്‌ജിമാരായി ചുമതലയേറ്റു

Friday 19 July 2024 12:24 AM IST

ന്യൂഡൽഹി: ജസ്റ്റിസ് എൻ. കോട്ടീശ്വർ സിംഗും ജസ്റ്റിസ് ആർ. മഹാദേവനും ഇന്നലെ സുപ്രീംകോടതി ജഡ്‌ജിമാരായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. ഇതോടെ നിലവിലുണ്ടായിരുന്ന രണ്ട് ഒഴിവുകൾ നികന്ന് 34 അംഗങ്ങളെന്ന പൂർണ അംഗബലത്തിലേക്ക് സുപ്രീംകോടതിയെത്തി. മണിപ്പൂരിൽ നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്‌ജിയാണ് എൻ. കോട്ടീശ്വർ സിംഗ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കൂടി ഉറപ്പിക്കാനാണ് അദ്ദേഹത്തിന്റെ നിയമനം. ജമ്മു കാശ്‌മീർ - ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കേയാണ് പരമോന്നത കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം.

തമിഴ്നാട്ടിലെ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ജഡ്‌ജിയാണ് ആർ. മഹാദേവൻ. മദ്രാസ് ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസായിരിക്കേയാണ് സുപ്രീംകോടതിയിലേക്കുള്ള നിയമനം. പരമോന്നത കോടതിയിൽ പട്ടികവിഭാഗത്തിന് പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമായാണിത്. ജുഡിഷ്യൽ സർവീസിലെ അദ്ദേഹത്തിന്റെ മികച്ച ട്രാക്ക് റെക്കോർഡും കൊളീജിയം പരിഗണിച്ചു.

Advertisement
Advertisement