യു.പിയിൽ ട്രെയിൻ പാളം തെറ്റി 4 മരണം

Friday 19 July 2024 12:36 AM IST

ലക്‌നൗ:ചണ്ഡിഗർ- ദിബ്രുഗഡ് എക്‌സ്‌പ്രസ് ട്രെയിൻ ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാല് മരണം. 60ലേറെ പേർക്ക് പരിക്കേറ്റു.

ചണ്ഡിഗഡിൽ നിന്ന് അസാമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്നു ട്രെയിൻ. മോട്ടിഗഞ്ച്, ജിലാഹി സ്റ്റേഷനുകൾക്കിടയിൽ പിക്കൗരയിൽ ഇന്നലെ ഉച്ചയ്ക്ക് 2.35നായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. എൻ.ഡി.ആർ.എഫ് സംഘങ്ങളുൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടകാരണം വ്യക്തമായിട്ടില്ല.

മരിച്ചവരുടെ കുടംബങ്ങൾക്ക് പത്ത് ലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപ വീതവും സഹായം റെയിൽവേ പ്രഖ്യാപിച്ചു.

ബുധനാഴ്ച രാത്രി 11.35നാണ് ചണ്ഡിഗറിൽ ട്രെയിൽ പുറപ്പെട്ടത്.

നാല് എ.സി കോച്ചുകൾ ഉൾപ്പടെ 12 കോച്ചുകൾ അപകടത്തിൽപ്പെട്ടെന്നാണ് റിപ്പോർട്ട്. ചില കോച്ചുകൾ തലകീഴായി മറിഞ്ഞു.15 ആംബുലൻസും 40 അംഗ മെഡിക്കൽ സംഘവും സ്ഥലത്തുണ്ട്. കൂടുതൽ ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.

ട്രെയിൻ അപകടങ്ങൾ വർദ്ധിക്കുന്നതിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാകുന്നതിനിടെയാണ് ദുരന്തം. മോദി സർക്കാർ റെയിൽ സുരക്ഷ അവഗണിക്കുന്നതാണ് അപകടകാരണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

Advertisement
Advertisement