പടക്കശാലയിലെ സ്‌ഫോടനത്തിന് കാരണം അമിതമായ അളവിൽ വെടിമരുന്ന് സൂക്ഷിച്ചത്

Friday 19 July 2024 1:28 AM IST

പാലോട്: നന്ദിയോട് ആലംപാറയിലെ ശ്രീ മുരുകാ ഫയർ വർക്‌സ് എന്ന പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിന് കാരണം അനുവദനീയമായതിലും കൂടുതൽ വെടിമരുന്നും പടക്കങ്ങളും സൂക്ഷിച്ചിരുന്നതിനാലാണെന്ന് ഫയർ ഫോഴ്സ് കണ്ടെത്തി. വെടിമരുന്ന് കൂട്ടിയോജിപ്പിച്ചപ്പോഴുണ്ടായ തീപ്പൊരിയിൽ നിന്നാകാം ഉഗ്രസ്‌ഫോടനമുണ്ടായതെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽ 70 ശതമാനം പൊള്ളലേറ്റ പടക്കശാല ഉടമ പച്ച പുലിയൂർ ഗിരിജ വിലാസത്തിൽ ഷിബു (45)​ മരിച്ചിരുന്നു. 10 വർഷത്തോളമായി ഷിബു പടക്കനിർമ്മാണം നടത്തുന്ന ഷിബുവിന് ആലംപാറയിലെ കട കൂടാതെ പുലിയൂരിലും ഇവർക്ക് പടക്ക നിർമ്മാണശാലയുണ്ട്. ഭാര്യ മഞ്ജുവിന്റെ പേരിലാണ് ലൈസൻസ്. മുമ്പ് ഷിബുവിന്റെ പേരിലായിരുന്നു ലൈസൻസ്. 2020ൽ പുലിയൂരിലെ പടക്കശാലയിൽ സ്‌ഫോടനത്തിൽ പടക്ക് കെട്ടുകയായിരുന്ന ജോലി ചെയ്തിരുന്ന വൃദ്ധ മരിച്ചതോടെ ലൈസൻസ് നഷ്ടമായി. തുടർന്നാണ് മഞ്ജുവിന്റെ പേരിൽ ലൈസൻസ് എടുത്തത്. ഉന്നത വിദ്യാഭ്യാസമുണ്ടെങ്കിലും സർക്കാർ ജോലി ലഭിക്കാതിരുന്ന ഭിന്നശേഷിക്കാരിയായ മഞ്ജു പടക്കശാലയിൽ ഷിബുവിനെ സഹായിച്ചിരുന്നു. പുലിയൂരിലെ പടക്കശാലയിലേക്കുള്ള വെടിമരുന്നും ആലംപാറയിൽ സൂക്ഷിച്ചിരുന്നു. ഇവ പുലിയൂരിലേക്ക് കൊണ്ടുപോകാനായി മാറ്റുമ്പോഴായിരിക്കാം സ്‌ഫോടനം നടന്നതെന്ന് സംശയിക്കുന്നതായി മഞ്ജു പറഞ്ഞു. സ്‌ഫോടനത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ഷിബുവിന്റെ മൃതദേഹം സംസ്‌കരിച്ചു. ഏക മകൾ ശിവപ്രിയ നന്ദിയോട് എസ്.കെ.വി.സ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 2021 ആഗസ്റ്റ് 15ന് നന്ദിയോട് ചൂടലിൽ പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ലൈസൻസിയും സ്ത്രീ തൊഴിലാളിയും മരിച്ചിരുന്നു.


പരിശോധന ശക്തമാക്കി പൊലീസ്

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാപൊലീസ് മേധാവി കിരൺ നാരായണന്റെ നിർദ്ദേശത്തെ തുടർന്ന് പ്രദേശത്തെ പടക്കനിർമ്മാണ ശാലകളിലും ഗോഡൗണുകളിലും പാലോട് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി റെയ്ഡ് നടത്തി. നന്ദിയോട് ആനക്കുഴി ആനി ഭവനിൽ അലോഷ്യസ് എന്ന ജയന്റെ വീടിനോടു ചേർന്ന കടയിൽ നിന്ന് മൂന്നു ലക്ഷം രൂപയുടെ പൂക്കുറ്റികളും വർണങ്ങളും പിടിച്ചെടുത്തു. ഇയാൾക്ക് ലൈസൻസില്ലെന്നാണ് വിവരം. ജയൻ ഒളിവിലാണ്.

Advertisement
Advertisement