മണ്ണിന്റെ മക്കൾ നിയമം: അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്ന് സിദ്ധരാമയ്യ

Friday 19 July 2024 1:34 AM IST

ബംഗളൂരു: എതിർപ്പിനെത്തുടർന്ന് മരവിപ്പിച്ച 'മണ്ണിന്റെ മക്കൾ വാദം' നടപ്പാക്കുന്ന ബില്ലിൽ ആശയക്കുഴപ്പമുണ്ടെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ വിശദമായ ചർച്ച നടത്തുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിൽ തത്കാലം മരവിപ്പിക്കാൻ തീരുമാനിച്ചു. തിങ്കളാഴ്ച നിയമസഭയിൽ വിഷയം സംബന്ധിച്ച് സമ്പൂർണ ചർച്ച നടന്നിരുന്നില്ല എന്നും സിദ്ധരാമയ്യ നിയമസഭയിൽ പറഞ്ഞു. ബില്ലിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആർ.അശോകന് ആവശ്യപ്പെട്ടപ്പോൾ മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ തീരുമാനം എക്സിലൂടെ അറിയിക്കുകയും മൂന്ന് തവണ മാറ്റിയെന്നും കർണാടകയിൽ തുഗ്ലക്ക് സർക്കാരാണെന്നും അശോകൻ ആരോപിച്ചു. അതേസമയം ബിൽ നിയമനടപടികളിലേക്ക് വഴിവച്ചേക്കും. ബിൽ നടപ്പിലായാൽ മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ആശങ്കവേണ്ടെന്നും വിശാല താത്പര്യത്തെ സർക്കാർ സംരക്ഷിക്കുമെന്നും വ്യവസായമന്ത്രി എം.ബി. പാട്ടീൽ പ്രതികരിച്ചു. കന്നഡിഗർക്ക് മുൻഗണന ഉറപ്പാക്കാൻ മാത്രമാണ് ലക്ഷ്യമെന്നും മറ്റാരെയും ബാധിക്കില്ലെന്നും തൊഴിൽ മന്ത്രി എസ്. സന്തോഷ് പറഞ്ഞു.

സ്വകാര്യ കമ്പനികളിലെ മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനവും ഇതര തസ്തികകളിൽ 75 ശതമാനവും കന്നഡിഗർക്ക് നൽകാനുള്ള ബില്ലിനെതിരെ വ്യാപക പ്രതിഷേധം ഉയ‌ർന്നിരുന്നു. തുടർന്നാണ് ബിൽ മരവിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആന്ധ്രയിലേക്ക് സ്വാഗതം

ഇതിനിടെ കമ്പനികളെ ആന്ധ്രയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന ഐ.ടി മന്ത്രിയും ടി.ഡി.പി എം.എൽ.എയുമായ നാരാ ലോകേഷ്. നിയന്ത്രണങ്ങളില്ലാതെ ഏറ്റവും മികച്ച സൗകര്യങ്ങളും തടസമില്ലാത്ത വൈദ്യുതിയും അനുയോജ്യമായ സാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് എക്സിൽ കുറിച്ചു.

Advertisement
Advertisement