'അമേരിക്കയിൽ ഏറ്റവും വളരുന്നത് മലയാളി സമൂഹം': ഫൊക്കാന കൺവെൻഷന് തുടക്കമായി

Friday 19 July 2024 9:46 AM IST

വാഷിംഗ്‌ടൺ: അമേരിക്കയിൽ ഏറ്റവും വളരുന്നത് മലയാളി സമൂഹമാണെന്ന് അമേരിക്കൻ കോൺഗ്രസ്‌ അംഗം രാജ കൃഷ്ണാമൂർത്തി പറഞ്ഞു.ബെഥെസ്ഡ മോണ്ട് ഗോമറി കൗണ്ടി മായിരയറ്റ് ഹോട്ടൽ കോൺഫറൻസ് സെന്റ്ററിൽ അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 21-ാമത് അന്തർദ്ദേശീയ കൺവെൻഷൻ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇടപെടാൻ മലയാളികളിലെ യുവ തലമുറ ശ്രമിക്കണമെന്ന് ബാബു സ്റ്റീഫൻ അഭ്യർത്ഥിച്ചു.

കേരളത്തിലും ഇന്ത്യയിലും ഇപ്പോൾ അമേരിക്കയിലും അധികാര കേന്ദ്രത്തോട് അടുത്ത് നിൽക്കും വിധം ഫൊക്കാനയെ വളർത്താൻ ഡോ.ബാബു സ്റ്റീഫന് കഴിഞ്ഞതായി മുൻ അമേരിക്കൻ അംബാസിഡർ ഡോ. ടിപി ശ്രീനിവാസൻ പറഞ്ഞു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യ പ്രഭാഷണം നടത്തി .

നടനും എംഎൽഎയുമായ മുകേഷ്, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എഎ റഷീദ്, മുരുകൻ കാട്ടാക്കട, ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷാഹി തുടങ്ങിയവർ പങ്കെടുത്തു.

കൺവൻഷന് മുന്നോടിയായി നടന്ന ഉജ്വല ഘോഷയാത്രയിൽ താലപ്പൊലിയേന്തിയ വനിതകൾ , ചെണ്ടമേളം, പരമ്പരാഗത കേരളീയ കലാരൂപങ്ങൾ തുടങ്ങിയവ അണിനിരന്നു. ഫ്രാൻസിസ് ജോർജ് എം.പി,മുകേഷ് എം എൽ എ , മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഡോ. കല ഷഹി , വൈസ് പ്രസിഡന്റ് ഷാജി വർഗീസ് ,ട്രഷറർ ബിജു കൊട്ടാരക്കര ,ന്യൂന പക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ .എ എ റഷീദ്,വിമൻസ് ഫോറം ചെയർമാൻ ഡോ . ബ്രിജിറ്റ് ജോർജ്, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement