പിന്മാറിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ പാർട്ടി തോൽക്കും, ബൈഡനെ കൈവിട്ട് ഒബാമയും, പകരം കമല ഹാരിസോ?

Friday 19 July 2024 2:52 PM IST

വാഷിം‌ഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ജോ ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിൽ വീണ്ടും ആശയക്കുഴപ്പം. ഡെമോക്രാറ്റുകൾക്കിടയിൽ ജോ ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിൽ പുനഃരാലോചന നടക്കുന്നതായാണ് വിവരം. ബൈഡനും ഇക്കാര്യം ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. അനാരോഗ്യവും ചെറിയ ഓർമ്മപിശകും ഉണ്ടായിരിക്കെ കൊവിഡും ബാധിച്ചതോടെയാണ് ബൈഡൻ ഇങ്ങനെ ആലോചിക്കുന്നത്.

മുൻ പ്രസിഡന്റ് ബരാക് ഒബാമ, സ്‌പീക്കർ നാൻസി പെലോസി എന്നിവർക്കും ബൈഡന്റെ വിജയസാദ്ധ്യതയിൽ ആശങ്കയുണ്ട്. ബൈഡന്റെ വിജയത്തിലേക്കുള്ള പാത അത്യന്തം ചുരുങ്ങിപ്പോയെന്ന് കരുതുന്നതായി ഒബാമ പറഞ്ഞതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമമായ വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ബൈഡൻ പിന്മാറിയില്ലെങ്കിൽ പാർട്ടി പരാജയപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നാൻസി പെലോസി ബൈഡനോട്‌ ഫോണിൽ അറിയിച്ചെന്നും വിവരമുണ്ട്. പാർട്ടിയുടെ തോൽവി ആശങ്കപ്പെടുന്നവരുടെ ആവശ്യം അംഗീകരിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസിനെത്തന്നെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ബൈഡന്റെ അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഡെലവാറിലെ റെഹോബോത്ത് ബീച്ചിലുള്ള അവധിക്കാല വസതിയിലാണ് ബൈഡൻ ഇപ്പോൾ കൊവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്നത്. ബുധനാഴ്ചയാണ് അദ്ദേഹത്തിന്‌ രോഗം സ്ഥിരീകരിച്ചത്. ഇന്ന് ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണ സമിതി യോഗം ചേരുന്നുണ്ട്. പ്രചരണത്തിന്‌ വേണ്ടത്ര പണം ലഭിക്കാത്തതും ഇവരെ അലട്ടുന്നു.

Advertisement
Advertisement