യഥാർത്ഥ ഗുരു, മാതാവിനും മീതെ! അമൃതകിരണം
ഹിന്ദു, ബുദ്ധ, ജൈന മതങ്ങളിലെല്ലാം ഏറെ പ്രാധാന്യമുള്ള ദിനമാണ് ഗരുപൂർണിമ. അറിവു പകരുന്ന ആചാര്യനോടും സംസാരദുഃഖത്തിൽ നിന്ന് രക്ഷിക്കുന്ന ഗുരുവിനോടുമുള്ള ശിഷ്യന്റെ കൃതജ്ഞതയുടെ പ്രതീകമാണ് ഗുരുപൂർണിമ. വേദവ്യാസ മഹർഷിയുടെ ജന്മദിനമാകയാൽ വ്യാസപൂർണിമ എന്നും ഇതിനെ വിളിക്കാറുണ്ട്. എല്ലാ മാനുഷിക ബന്ധങ്ങളിലും വച്ച് ഏറ്റവും ശ്രേഷ്ഠമാണ് ഗുരുശിഷ്യ ബന്ധം. ഭാരതീയ സംസ്കാരത്തിൽ അതിന് ഏറ്റവും ഉയർന്ന സ്ഥാനമാണുള്ളത്. എന്നാൽ ഈ ബന്ധത്തെ പൂർണമായി ഉൾക്കൊള്ളാൻ ഇന്നു പലർക്കും സാധിക്കുന്നില്ല.
ഗുരുവിന്റെ മുന്നിലുള്ള അനുസരണയും വിധേയത്വവും ഒരുതരത്തിലുള്ള അടിമത്തമല്ലേ എന്ന് ചിലർ സംശയിക്കാറുണ്ട്. സത്യത്തെ അറിയണമെങ്കിൽ 'ഞാനെന്ന ഭാവം" പോകണം. ശിഷ്യൻ തന്നത്താൻ ചെയ്യുന്ന സാധനയിലൂടെ 'ഞാൻ" ഭാവം പോകാൻ പ്രയാസമാണ്. അഹംഭാവം നീങ്ങണമെങ്കിൽ ഒരു സദ്ഗുരുവിന്റെ നിർദ്ദേശാനുസരണം സാധന ചെയ്യുകതന്നെ വേണം. ഗുരുവിനു മുന്നിൽ തല കുനിക്കുമ്പോൾ ശിഷ്യൻ ആ വ്യക്തിയെയല്ല, ഗുരു പ്രതിനിധീകരിക്കുന്ന ആദർശത്തെയാണ് വണങ്ങുന്നത്.
നമ്മുടെ മാതാപിതാക്കളേയും അദ്ധ്യാപകരേയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ നമ്മൾ വളരുകയായിരുന്നുവല്ലോ. അതുപോലെ, ഗുരുവിനോടുള്ള അനുസരണയിലൂടെ ശിഷ്യൻ വിശാലതയിലേക്ക് ഉയരുകയാണു ചെയ്യുന്നത്. ശിഷ്യരുടെ നന്മയ്ക്കുവേണ്ടി ഗുരുക്കന്മാർ അവരോടു ചിലപ്പോൾ ഗൗരവത്തിൽ പെരുമാറിയെന്നിരിക്കാം. ഒരു കൊച്ചുകുട്ടി തീയിൽ കൈവയ്ക്കാൻ തുടങ്ങുമ്പോൾ അമ്മ കുട്ടിയെ അടിച്ചു എന്നിരിക്കും. വിദ്വേഷം കൊണ്ടാണോ അമ്മ കുട്ടിയെ അടിക്കുന്നത്? ഒരിക്കലുമല്ല. കുട്ടിയെ ആപത്തിൽനിന്ന് രക്ഷിക്കാനാണ്. യഥാർത്ഥ ഗുരു ശിഷ്യനെ ശാസിക്കുന്നുവെങ്കിൽ, അത് അവന്റെ നന്മ മാത്രം ലക്ഷ്യമാക്കിയാണ് .
കടലാസു പൂക്കളുണ്ടാക്കുന്ന ഒരു കലാകാരൻ കത്രികകൊണ്ട കടലാസു മുറിച്ച് തുണ്ടുകളാക്കുന്നതു കാണുമ്പോൾ കാര്യമറിയാത്ത ഒരാൾ ചിന്തിക്കും, 'എന്തിനാണ് ഈ വർണക്കടലാസു മുറിച്ചു പാഴാക്കിക്കളയുന്നത്!" മറ്റുള്ളവർ കാണാത്ത ഒന്നിനെ കലാകാരൻ ആ കടലാസു കഷണങ്ങളിൽ കാണുന്നുണ്ട്. അതുപോലെ ശിഷ്യനിൽ മറ്റുള്ളവർ കാണാത്ത ഒന്നിനെ ഗുരു കാണുന്നുണ്ട്. ഗുരുവിന്റെ ശാസനയും ശകാരവുമെല്ലാം ശിഷ്യന്റെയുള്ളിലെ ആത്മസ്വരൂപത്തെ പ്രകാശിപ്പിക്കാൻ വേണ്ടിയാണ്.
ഏത് അനുഭവത്തെയും വേദനയോ സന്തോഷമോ ആക്കി മാറ്റുന്നത്, അതനുഭവിക്കുന്നയാളുടെ മനോഭാവമാണ്. പ്രസവിക്കാൻ പോകുന്ന കുഞ്ഞിനെ ഓർക്കുമ്പോൾ ഒരു ഗർഭിണിക്ക് ആ പത്തുമാസവും ആഹ്ലാദകരമായി മാറുന്നു. അതുപോലെ തന്റെ ലക്ഷ്യത്തെക്കുറിച്ചു ബോധമുള്ള ഒരു ശിഷ്യന് ഗുരുവിന്റെ ശാസനയും ശിക്ഷയും പീഡനമായി അനുഭവപ്പെടുകയില്ല, അനുഗ്രഹമായേ തോന്നുകയുള്ളൂ . ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായിക്കാണില്ല. ശിഷ്യനോട് നിറഞ്ഞ സ്നേഹം മാത്രമാണ് ഗുരുവിനുള്ളത്. താൻ എത്ര കഷ്ടപ്പെട്ടാലും നിന്ദിക്കപ്പെട്ടാലും ശിഷ്യൻ വിജയിക്കുന്നതു കാണാനാണ് ഗുരു ആഗ്രഹിക്കുന്നത്. യഥാർത്ഥ ഗുരു ഒരു ഉത്തമയായ മാതാവിലും മീതെയാണ്.
ഗുരു കേവലം വ്യക്തിയല്ല, പരമമായ തത്ത്വംതന്നെയാണ്. സത്യം, ധർമ്മം, ത്യാഗം, പ്രേമം തുടങ്ങിയ ആദർശങ്ങളുടെ മൂർത്തരൂപമാണു ഗുരു. ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ ഈ ആദർശങ്ങളെ ഉൾക്കൊണ്ട് സ്വയം ഉദ്ധരിക്കാൻ ശിഷ്യനു സാധിക്കുന്നു. അതാണു ഗുരുസമർപ്പണത്തിന്റെ മഹത്ത്വം.