കൊച്ചി കേരളത്തിലെ ഡ്രഗ് സിറ്റി, ഏത് മുക്കിലും മൂലയിലും ലഹരി ഇഷ്ടംപോലെ കിട്ടും: വെളിപ്പെടുത്തലുമായി പ്രശസ്ത മോഡൽ

Friday 19 July 2024 3:21 PM IST

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് വില്പന പരസ്യമായി നടക്കുന്നുവെന്നും മുംബയിലും ബംഗളൂരുവിലും ലഭിക്കുന്നതിനെക്കാൾ സുലഭമായി ഇവിടെ സിന്ത​റ്റിക്ക് മയക്കുമരുന്നുകൾ ഉൾപ്പടെ ലഭിക്കുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡൽ അൽക്കാ ബോണി. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്ന അൽക്ക ജാമ്യംനേടി പുറത്തിറങ്ങിയ ശേഷം ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. ബംഗളൂരുവിലും മുംബയിലും ഉൾപ്പടെ പ്രവർത്തിക്കുന്ന പ്രമുഖ മോഡലാണ് വരാപ്പുഴ സ്വദേശിനിയായ അൽക്കാ ബോണി.


മറൈൻ ഡ്രൈവിലും കലൂർ സ്റ്റേഡിയത്തിലും രാത്രി കാലങ്ങളിൽ ഉൾപ്പടെ പരസ്യമായാണ് ലഹരി വില്പന എന്നാണ് അൽക്ക പറയുന്നത്. പാൻസിന്റെ പോക്ക​റ്റിൽ മയക്കുമരുന്നുമായി എത്തി വേണോ എന്ന് പരസ്യമായി ചോദിക്കുന്നവർവരെയുണ്ട്. പൊലീസ് എത്താത്ത സമയത്താണ് ഇവരുടെ വില്പന. ലഹരി വേണോ എന്ന് ചോദിച്ചുകൊണ്ടാണ് ഇവരുടെ വിൽപ്പനയെന്നും അൽക്ക പറയുന്നുണ്ട്. മുംബയിലും ബംഗളൂരുവിലും ചില മേഖലകളിൽ മാത്രമാണ് മയക്കുമരുന്ന് വില്പന. അവിടെ പരിചയമുള്ളവർക്ക് മാത്രമാണ് ലഹരി കിട്ടുന്നതെന്നും എന്നാൽ ഇവിടെ അങ്ങനെയല്ലെന്നും അൽക്ക വ്യക്തമാക്കി.

മോഡലിംഗ് രംഗത്തെ എല്ലാവരും ലഹരി ഉപയോഗിക്കുന്നില്ലെങ്കിലും ചിലർ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അൽക്ക പറയുന്നു. താൻ കഴിഞ്ഞ മൂന്നുവർഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ ഒരിക്കൽപ്പോലും വില്പന നടത്തിയിട്ടില്ലെന്നും അവർ വെളിപ്പെടുത്തുകയും ചെയ്തു. ലഹരി ഉപയോഗിച്ചതിനെത്തുടർന്നുള്ള ശാരീരിക പ്രശ്നങ്ങൾ ഉൾപ്പടെയുള്ളവ തന്നെ വേട്ടയാടുന്നുണ്ടെന്നും ഇനി ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്നും അവർ പറയുന്നുണ്ട്. തങ്ങൾ സ്ഥിരമായി ഒരാളുടെ പക്കൽ നിന്നല്ല ലഹരി വാങ്ങുന്നതെന്നും അവർ പറഞ്ഞു.

ഇക്കഴിഞ്ഞ മേയ് പതിനേഴിനാണ് അൽക്ക ഉൾപ്പടെയുള്ളവരെ ലഹരിമരുന്നുമായി ഹോട്ടൽമുറിയിൽ നിന്ന് അറസ്​റ്റുചെയ്യുന്നത്. കൊക്കെയ്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇത് വിൽക്കാൻ കൊണ്ടുവന്നതല്ലെന്നും ചെറിയ അളവിൽ മാത്രമാണ് ഉണ്ടായിരുന്നതെന്നും പറയുന്ന അൽക്ക ഒരു ആൺ സുഹൃത്താണ് അത് കൊണ്ടുവന്നതെന്നും ഉപയോഗിക്കാനായിരിക്കാം എന്നും പറയുന്നുണ്ട്. എന്നാൽ അറസ്​റ്റിലായവരുടെ കൂട്ടത്തിൽ ഇയാൾ ഉണ്ടായിരുന്നില്ല. പിറന്നാൾ ദിനത്തിലായിരുന്നു അറസ്​റ്റ്. ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞശേഷമായിരുന്നു ഇവർക്ക് ജാമ്യം ലഭിച്ച് പുറത്തറിങ്ങിയത്.

വില്പനയ്‌ക്കെത്തിച്ച കൊക്കെയ്ൻ, മെത്ത്, കഞ്ചാവ് എന്നിവ കണ്ടെടുത്തിരുന്നു എന്നണ് അറസ്റ്റുചെയ്യുന്ന വേളയിൽ പൊലീസ് പറഞ്ഞിരുന്നത്. പ്രതികളിൽ ഒരാളുടെ മൊബൈൽഫോണിൽ നിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചും സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നതിന്റെയും ചിത്രങ്ങൾ ലഭിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞിരുന്നു.

Advertisement
Advertisement