'വീട്ടിൽ വന്ന മൂന്ന് ശത്രുക്കൾ കാരണം കളക്‌ടറായി', വിക്രമാദിത്യനിലെ ദുൽഖറോ കൃഷ്‌ണതേജ ഐഎഎസ്

Friday 19 July 2024 3:23 PM IST

കുട്ടികളുടെ മാമൻ എന്ന് പ്രസിദ്ധനായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനും തൃശൂർ കളക്ടറുമായിരുന്ന വി.ആർ.കൃഷ്ണതേജ കേരള കേഡർ വിട്ട് സ്വദേശമായ ആന്ധ്രയിലേക്ക് മടങ്ങി. ഉപമുഖ്യമന്ത്രി പവൻകല്യാണിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായാണ് നിയമനം. മൂന്ന് വർഷത്തെ ഡെപ്യൂട്ടേഷനിൽ കൃഷ്ണതേജയെ ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കഴിഞ്ഞ ആഴ്‌ചയാണ് കേന്ദ്രം ഉത്തരവിറക്കിയത്.

ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ കൃഷ്ണതേജ 2015 ഐ.എ.എസ് ബാച്ചാണ്. പ്രളയത്തിലും കൊവിഡിലും തേജയുടെ സ്തുത്യർഹ സേവനങ്ങൾ കണക്കിലെടുത്ത് പവൻ കല്യാണിന്റെ ഓഫീസ് അദ്ദേഹത്തെ ആവശ്യപ്പെടുകയായിരുന്നു. പവൻ കല്യാണിന് ഗ്രാമവികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയാണ്.


ദേശീയപാത, കൂർക്കഞ്ചേരി - കൊടുങ്ങല്ലൂർ പാത, തൃശൂർ-കുറ്റിപ്പുറം പാത നിർമ്മാണത്തിലെ പ്രതിസന്ധി മാറ്റാൻ ഇടപെട്ട തേജ, തൃശൂർ പൂരം നടത്തിപ്പിൽ കാട്ടിയ മികവ് പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആലപ്പുഴയിൽ സബ് കളക്ടറായിരിക്കെ പ്രളയകാലത്ത് ''ഐ ആം ഫോർ ആലപ്പി'' കൂട്ടായ്മ രൂപീകരിച്ച് കുട്ടനാടൻ ജനതയ്ക്കായും പ്രവർത്തിച്ചു.

കൊവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പഠന സഹായത്തിന് സ്‌പോൺസർമാരെ കണ്ടെത്തുന്ന തേജയുടെ പദ്ധതി ശ്രദ്ധേയമായി. ആദ്യമായി തന്നെ മുന്നിലെത്തിയ കുട്ടിക്ക് സൂപ്പർതാരം അല്ലു അർജ്ജുൻ വഴി നാല് വർഷത്തെ നഴ്‌സിംഗ് പഠിക്കാനുള്ള മുഴുവൻ തുകയും സമാഹരിച്ചു. പിന്നാലെ മറ്റൊരു കുട്ടിക്ക് എൻആർഐ വ്യവസായി വഴി പഠനസഹായം ഒരുക്കുകയായിരുന്നു. ആലപ്പുഴയിൽ മൂന്നൂറും തൃശൂരിൽ അറുന്നൂറും പേർക്കാണ് സഹായമെത്തിച്ചത്. നിരവധി പേർക്ക് ചികിത്സാസഹായവും നൽകി.

കുട്ടികളുടെ മാമൻ

ആലപ്പുഴ കളക്ടറായിരിക്കെയാണ് കുട്ടികളുടെ മാമൻ എന്ന പേര് വീണത്. കേരളകൗമുദിയിലെ ഒരു വാർത്തയിലാണ് ' കുട്ടികളുടെ മാമൻ' എന്ന തലക്കെട്ട് നൽകിയത്. ഇത് വൈറലായി. പരിപാടികളിൽ തന്റെ വിദ്യാഭ്യാസവും ദുരിതവുമെല്ലാം വിശദീകരിച്ചതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ശത്രുക്കൾ കളക്‌ട‌റാക്കി

ശത്രുക്കൾ കളക്‌ടറാക്കിയ ചരിത്രമാണ് തനിക്കുള്ളതെന്ന് കൃഷ്‌ണതേജ തന്നെ പറഞ്ഞിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് കൃഷ്‌ണ ജനിച്ചതെന്ന് പറഞ്ഞിരുന്നല്ലോ. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ഒരു മൾട്ടീനാഷണൽ കമ്പനിയിൽ ജോലി ലഭിച്ചു. ഐഎഎസിനെ പഠിക്കുന്ന സുഹൃത്തായ റൂം മേറ്റിൽ നിന്നാണ് കളക്‌ടർ എന്ന പദവിയെ കുറിച്ചും, സമൂഹത്തിന് നൽകാൻ കഴിയുന്ന സേവനങ്ങളെ കുറിച്ചും കൃഷ്‌ണതേജ മനസിലാക്കുന്നത്. തുടർന്ന് ഐഎഎസ് മോഹം മനസിലുണരുകയായിരുന്നു. സുഹൃത്തിന്റെ കൂടെ കോച്ചിംഗ് സെന്ററിൽ ചേർന്ന് പഠനം ആരംഭിച്ചു. ലാൽ ജോസ് സംവിധാനം ചെയ‌്ത വിക്രമാദിത്യൻ എന്ന സിനിമയുമായി ചില സാദൃശ്യങ്ങൾ അങ്ങനെ കൃഷ്‌ണതേജയുടെ ജീവിതത്തിലുമുണ്ടായി.

മൂന്ന് തവണ അഭിമുഖഘട്ടത്തിൽ വരെ എത്തിയെങ്കിലും പരാജയപ്പെട്ടു. എന്താണ് തന്റെ തോൽവിക്ക് പിന്നിലെ കാരണമെന്ന് മനസിലാക്കാൻ കഴിയാതെ ഐഎഎസ് സ്വപ്‌നം ഉപേക്ഷിച്ചു. വീണ്ടും മറ്റൊരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിക്ക് കയറി. ആ സമയത്താണ് ശത്രുക്കളായ മൂന്ന് പേർ കൃഷ്‌ണയെ അന്വേഷിച്ച് വീട്ടിൽ വന്നത്. സിവിൽ സർവീസ് പരാജയത്തിൽ പരിഹസിക്കാനായിരുന്നു അവരുടെ വരവ്. പ്രധാനമായും മൂന്ന് കുറ്റങ്ങളാണത്രേ അവർ പറഞ്ഞത്. കൈയക്ഷരം മോശം, നല്ല ഭാഷയിൽ കഥ എഴുതുന്നതു പോലെ വേണമായിരുന്നു പരീക്ഷ എഴുതാൻ, അഭിമുഖത്തിൽ വ്യക്തമായും സ്പഷ്‌ടമായും സംസാരിക്കണമായിരുന്നു. ഇതായിരുന്നു മൂന്ന് കുറ്റങ്ങൾ.

ജീവിതത്തിലെ വലിയൊരു ടേണിംഗ് പോയിന്റായി മാറുകയായിരുന്നു കൃഷ്‌ണതേജയ്‌‌ക്കത്. ശത്രുക്കൾക്കാണ് നമ്മുടെ പ്രശ്നങ്ങൾ പെട്ടെന്ന് കണ്ടെത്താൻ കഴിയുന്നതെന്ന് താൻ മനസിലാക്കിയ നിമിഷമായിരുന്നു അതെന്ന് തേജ പറയുന്നു. നമ്മുടെ സുഹൃത്തുക്കൾ പോസിറ്റീവ് പറയുമ്പോൾ ശത്രുക്കൾ നെഗറ്റീവ് കണ്ടെത്തും. അടുത്ത തവണ പരീക്ഷയിൽ 66ആമത് റാങ്ക് നേടി ലക്ഷ്യം പൂർത്തീകരിച്ചു.

''ചുരുങ്ങിയ കാലമേ കേരളത്തിൽ പ്രവർത്തിച്ചുള്ളൂവെങ്കിലും സംതൃപ്തിയോടെയാണ് വിട പറയുന്നത്''.-വി.ആർ.കൃഷ്ണ തേജ.

Advertisement
Advertisement