അതിഥി തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈലും കവർന്നു
കാളികാവ്: അതിഥി തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈലും കവർന്നതായി പരാതി. വീട് ശുചീകരണത്തിനെന്ന് പറഞ്ഞ് കൊണ്ടുവന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കവർച്ചക്കിരയായത്. കാളികാവ് ചെങ്കോട് കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആസാം സ്വദേശികളായ നൂർ മുഹമ്മദലി, സുഹൂർ അലി എന്നിവരെ ചെങ്കോട് ഉസ്മാൻപടിയിലെ ഒരു വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്ന യുവാവ് തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും കവർന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി.
അടഞ്ഞ് കിടക്കുന്നവീടിന്റെ പരിസരം ശുചീകരിക്കാൻ ഏർപ്പാടാക്കി യുവാവ് തിരിച്ചുപോയി. ഇതിനിടയിൽ ആസാം തൊഴിലാളികളുടെ സഞ്ചിയിൽ കരുതിയ ഫോണും നാലായിരം രൂപയും യുവാവ് അവരറിയാതെ കൈക്കലാക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
യുവാവിനെ കാണാതായതോടെ തട്ടിപ്പ് ബോദ്ധ്യമായ തൊഴിലാളികൾ നിരാശരായി മടങ്ങുന്നതിനിടയിൽ പട്രോളിംഗ് നടത്തുന്ന പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി കാമറ പരിശോധിച്ചു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി അറിയുന്നു.