പൊലീസിനെ വട്ടംചുറ്റിച്ച സൈക്കിൾ മോഷ്ടാവ് പിടിയിൽ

Saturday 20 July 2024 1:42 AM IST

ഹരിപ്പാട്: നാളുകളായി പൊലീസിനെ വട്ടംചുറ്റിച്ച സൈക്കിൾ മോഷ്ടാവ് പിടിയിൽ. കണ്ണൂർ ജില്ലയിലെ നാരാത്ത് വില്ലേജിൽ ദേവനുരാഗി വീട്ടിൽ നിന്നും വീയപുരം വില്ലേജിൽ വെള്ളം കുളങ്ങര മുറിയിൽ കുന്നത്ര വടക്കത്തിൽ വീട്ടിൽ താമസിക്കുന്ന രാജപ്പനാണ് (61) ഹരിപ്പാട് പൊലീസിൻ്റെ വലയിലായത്. ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സൈക്കിൾ മോഷണം പതിവായിരുന്നു. സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മിക്ക സൈക്കിളും മോഷ്ടിച്ചത് ഒരാളാണെന്നു മനസിലായി. കഴിഞ്ഞ തിങ്കളാഴ്ച ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിന്റെ സമീപത്തുള്ള ബേക്കറിയുടെ മുന്നിൽ വെച്ചിരുന്ന കാർത്തികപള്ളി വെട്ടുവെനി പുത്തൂർ വീട്ടിൽ രാജേഷിന്റെ മകൻ ജ്യോതിഷി്റെ സൈക്കിൾ രാത്രി എട്ട് മണിയോടെ മോഷണം പോയി. പൊലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വിയിലൂടെ രാജപ്പനാണ് മോഷ്ടാവെന്ന് കണ്ടെത്തിയെങ്കിലും പഴയതാമസ സ്ഥലത്തു നിന്നും പോയതായും കണ്ണൂരാണ് ഇപ്പോൾ താമസമെന്നു പൊലീസ് കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആക്ടിവ സ്കൂട്ടർ കൊണ്ട് വെച്ചതിന് ശേഷം പരിസരത്തെ കടകളിലേക്ക് സൈക്കിളിൽ വരുന്നവരെ നിരീക്ഷിച്ച ശേഷം അവർ കടയിലോട്ടു കയറുന്ന തക്കം നോക്കി സൈക്കിളുമായി കടന്നു കളയുകയാണ് പതിവ്. ബുധനാഴ്ച ഹരിപ്പാട് റെയിൽവേ പരിസരത്ത് നിന്നാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. ഇയാൾ സൈക്കിൾ കൊണ്ടുപോയി വിൽക്കുന്ന മൂന്ന് കടകളിൽ പൊലീസ് അന്വേഷണം നടത്തിയപ്പോൾ അടുത്തിടയായി 15സൈക്കിൾ കൊടുത്തതായി കടക്കാർ പറഞ്ഞു. .എസ് എച്ച്.ഒ. മുഹമ്മദ്‌ ഷാഫി, എസ്.ഐ.മാരായ ശ്രീകുമാർ, ഷൈജ, എ.എസ്.ഐ. പ്രിയ, സി .പി.ഒ. മാരായ അജയൻ, സനീഷ്, ശ്യാം, എ. നിഷാദ്, അൽ അമീൻ, രതീഷ് ,വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Advertisement
Advertisement