‘ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമർശിക്കുമ്പോൾ അൽപം മര്യാദയാകാം, തുറന്നടിച്ച് ഗായിക അഭയ ഹിരൺമയി

Monday 29 July 2019 6:44 PM IST

ഗോപി സുന്ദറിനോടൊപ്പം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അഭയ ഹിരൺമയി. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തി ഗോപി സുന്ദറാണെന്നും എന്നാൽ വിമർശിക്കുമ്പോൾ അൽപം മര്യാദ ആവാമെന്നും അഭയ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭയ ഇക്കാര്യം വ്യക്തമാക്കിയത്.

സംഗീതമവുമായി ബന്ധപ്പെട്ട് നിൽക്കുന്നവരോട് നിൽക്കാൻ തനിക്ക് വലിയ ഇഷ്ടമാണെന്നും എന്നാൽ പാഷനും പ്രൊഫഷനുമെല്ലാം മ്യൂസിക്കാണെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്നും അഭയ പറയുന്നു. സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വയ്ക്കാനാണ് തനിക്കിഷ്ടം. വിമർശനങ്ങളെ എല്ലാം പോസിറ്റീവായി കാണാനാണ് ശ്രമിക്കാറുള്ളതെന്നും പറഞ്ഞു. ‘ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമർശിക്കുമ്പോൾ അൽപം മര്യാദയാകാമെന്നും അഭയ കൂട്ടിച്ചേർത്തു.

അഭയയുടെ വാക്കുകൾ ഇങ്ങനെ

‘അന്ന കത്രീനയോടൊപ്പമാണ് ഞാൻ ആദ്യമായി ഗോപിയുടെ സ്റ്റുഡിയോയിൽ പോകുന്നത്. ആദ്യമായി റെക്കോർഡിങ്ങ് സെഷൻ കാണുന്നതും അങ്ങനെയാണ്. സംഗീതവുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെ കൂടെ നിൽക്കാൻ എനിക്കു വലിയ ഇഷ്ടമായിരുന്നു. പക്ഷേ, എന്റെ പാഷനും പ്രൊഫഷനുമെല്ലാം മ്യൂസിക്കാണെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. എന്നെക്കൊണ്ട് പാടിച്ചു നോക്കി ഗോപി ചോദിക്കുമായിരന്നു. നീ എന്തിനാണ് എഞ്ചിനീയറിങ്ങിൽ ഇങ്ങനെ കമ്പി പിടിക്കാൻ പോകുന്നത്. സംഗീതം രക്തത്തിൽ അലിഞ്ഞതാണെങ്കിലും മ്യൂസിക്കിലേ ഞാൻ രക്ഷപ്പെടൂ എന്ന തിരിച്ചറിവ് എനിക്കുണ്ടായത് വളരെ വൈകിയാണ്.’

അമ്മയും വല്യച്ഛനുമെല്ലാം കർണാടക സംഗീതത്തിൽ പ്രാവിണ്യം തെളിയിച്ചവരാണെങ്കിലും സംഗീതത്തിൽ ഒരു കരിയറുണ്ടെന്ന് കുടുംബം കരുതിയിരുന്നില്ലെന്നും അഭയ പറഞ്ഞു. കർണാടിക് ടച്ചുള്ള പാട്ടുകളാണ് യൂട്യൂബില്‍ പോലും കാര്യമായി കേൾക്കുന്നത്. പക്ഷേ, ഒരു ഗുരുമുഖത്തു നിന്നും സംഗീതം പഠിച്ചത് ഇരുപത്തിയറാമത്തെ വയസ്സിലാണെന്നും അഭയ ഹിരൺമയി പറഞ്ഞു.

സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വയ്ക്കാനാണ് തനിക്കിഷ്ടം. വിമർശനങ്ങളെ എല്ലാം പോസിറ്റീവായി കാണാനാണ് ശ്രമിക്കാറുള്ളത്. ‘ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമർശിക്കുമ്പോൾ അൽപം മര്യാദയാകാം. ഞാൻ കൊലപാതകമോ തീവ്രവാദ പ്രവർത്തനമോ ചെയ്ത ഒരാളൊന്നുമല്ല. തികച്ചും എന്റെ വ്യക്തിപരമായ കാര്യത്തിലാണ് ഈ ഇടപെടൽ. പക്ഷേ, അതുകൊണ്ടാണ് ബോൾഡാകാൻ സാധിച്ചത്. അഭയ .കൂട്ടിച്ചേർത്തു.