കുറ്റകൃത്യങ്ങൾ പെരുകുന്നു മുണ്ടക്കയത്തും വേണം ക്യാമറ
മുണ്ടക്കയം : എല്ലാ ടൗണിലും മോട്ടോർ വാഹനവകുപ്പിന്റെ എ.ഐ ക്യാമറയും പൊലീസിന്റെ സി.സി.ടി.വി ക്യാമറയുമുണ്ട്. പക്ഷേ ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം ടൗണിൽ മാത്രം ഇതൊന്നും ഇല്ല. ടൗൺ കേന്ദ്രീകരിച്ച് കുറ്റകൃതൃങ്ങൾ പെരുകിയിട്ടും ക്യാമറ സ്ഥാപിക്കാത്തതിൽ ജനം പ്രതിഷേധത്തിലാണ്. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായതിനാൽ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ടൗൺ വഴി കടന്നുപോകുന്നത്. ഇതിൽ കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും പെടും.
ജെസ്‌ന തിരോധാനം ഉൾപ്പെടെ പല കേസുകൾ വന്നപ്പോഴും പൊലീസിന് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ ക്യാമറകളെ ആശ്രയിക്കേണ്ടി വന്നു. ഇത്തരം ക്യാമറകളിലെ ദൃശ്യങ്ങളുടെ തെളിച്ചം കുറവാകുന്നത് പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിനയാകാറുണ്ട്. അധികം വ്യാപര സ്ഥാപനങ്ങളും പുറത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടില്ലായെന്നതും പൊലീസിന് വെല്ലുവിളിയാണ്. ഇക്കാരണത്താൽ തന്നെ തൊട്ടടുത്ത കടയിൽ മോഷണം നടന്നാൽ പോലും പ്രതിയെ തിരിച്ചറിയാൻ സാധിക്കില്ല. മാലിന്യം തള്ളുന്ന വാഹനം പിടികൂടാനും സാധിക്കുന്നില്ല. രണ്ടുവർഷം മുൻപ് പട്ടാപ്പകൽ സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയിരുന്നു. ബൈക്ക് ഉടമയും സുഹൃത്തുക്കളും ചേർന്ന് കിലോമീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ കാമറയിൽ നിന്നാണ് മോഷ്ടാക്കൾ ബൈക്ക് ഓടിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കണ്ടുപിടിച്ചത്.
സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം
ബൈപ്പാസ് റോഡിൽ ഉൾപ്പെടെ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ ക്യാമറകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടെങ്കിലും തുടർനടപടികളുണ്ടായില്ല. സ്വകാര്യ കമ്പനിവഴി പദ്ധതി നടപ്പാക്കാനും നീക്കം നടത്തിയിരുന്നു.
മുണ്ടക്കയം ടൗണിലും പൊലീസിന്റെ നിരീക്ഷണക്യാമറ വരേണ്ടത് അത്യാവശ്യമാണ്. - സുലൈമാൻ, വ്യാപാരി