മാവോയിസ്‌റ്റ് മനോജ് കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി: വയനാട്ടിൽ കുഴിബോംബ് വച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് തൃശൂർ ഏവണ്ണൂർ പടിഞ്ഞാറത്തറ വീട്ടിൽ മനോജ് (31) അറസ്റ്റിലായി. ബ്രഹ്മപുരത്തെ അനുഭാവികളിൽ നിന്ന് ഫണ്ട് ശേഖരിച്ച് മടങ്ങാൻ ശ്രമിക്കുന്നതിനിടെ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നാണ് ഭീകരവിരുദ്ധ സേന (എ.ടി.എസ് ) പിടികൂടിയത്.
വയനാട്ടിലെ കബനിദളത്തിലെ പ്രധാനിയാണ് ആഷിക്ക് എന്നും അറിയപ്പെടുന്ന മനോജെന്ന് എ.ടി.എസ് അറിയിച്ചു. 14 യു.എ.പി.എ കേസുകളിൽ പ്രതിയാണ്.
സ്‌പെഷ്യൽ ഓപ്പറേഷൻസ് എസ്.പി. തപോഷ് ബസുമതാരിയുടെ സംഘമാണ് അറസ്റ്റ് ചെയ്‌തത്. നെടുമ്പാശേരിയിലെ എ.ടി.എസ് ആസ്ഥാനത്ത് എത്തിച്ച മനോജിനെ ചോദ്യം ചെയ്തു. കൊച്ചിയിലെയും വയനാട്ടിലെയും സഹായികളുടെയും വിവരം ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ഗവ. എൻജിനിയറിംഗ് കോളേജിൽ പഠിക്കുമ്പോഴാണ് മാവോയിസത്തിൽ ആകൃഷ്‌ടനായത്. എൻജിനിയറിംഗ് പൂർത്തിയാക്കാതെ, കാര്യവട്ടം കാമ്പസിൽ നിന്ന് ബി.എയും എം.എയും നേടി. മനോജിനെ കാണാനില്ലെന്ന് കഴിഞ്ഞവർഷം വീട്ടുകാർ വിയ്യൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വയനാട്ടിൽ മാവോയിസ്റ്റ് പ്രവർത്തനമാണെന്ന് കണ്ടെത്തിയത്.
വയനാട്ടിൽ ശേഷിക്കുന്ന നാല് മാവോയിസ്റ്റുകളിൽ ഒരാളാണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. മൊയ്തീൻ, വയനാട് സ്വദേശി സോമൻ, തമിഴ്‌നാട് സ്വദേശി സന്തോഷ് എന്നിവരാണ് മറ്റുള്ളവർ.
അടിപിടി കേസും
തൃശൂർ: മനോജിനെതിരെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ അടിപിടി കേസുള്ളതായി വിയ്യൂർ പൊലീസ് അറിയിച്ചു. രാമവർമ്മപുരം വിമല കോളേജിന് പിന്നിൽ താമസിച്ചിരുന്ന മനോജ് അഞ്ചു വർഷമായി തിരുവനന്തപുരത്താണ്. അപൂർവമായാണ് നാട്ടിലെത്തിയിരുന്നത്.
നാട്ടുകാരുമായി ബന്ധമില്ല. തിരുവനന്തപുരത്ത് പി.ജി വിദ്യാർത്ഥിയായ ശേഷം മാവോയിസ്റ്റ് പ്രവർത്തനം സജീവമാക്കിയിരുന്നു. മാവോയിസ്റ്റുകൾക്കിടയിലെ സന്ദേശവാഹകനാണെന്നാണ് വിവരം. വയനാട്ടിലെ കുഴിബോംബ് കണ്ടെടുത്തതു മുതൽ തീവ്രവാദ വിരുദ്ധ സേനയുടെ നിരീക്ഷണത്തിലായിരുന്നു.