ആംനസ്റ്റി- 24: ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങ്, നികുതി കുടിശികക്കാർക്ക് പുതിയ സമാശ്വാസം

Saturday 20 July 2024 1:31 AM IST

ചെറുകിട വ്യാപാര മേഖലയുടെ ഏറ്റവും വലിയ പരാതിയാണ് നികുതി കുടിശികയും അതിന്മേലുള്ള നിയമ നടപടികൾ കാരണമുള്ള നൂലാമാലകളും. നികുതി ഉദ്യോഗസ്ഥരുടെ തെറ്റായ അസെസ്‌മെന്റും മറ്റു സാങ്കേതിക പ്രശ്നങ്ങളും കാരണം ദുരിതം അനുഭവിക്കേണ്ടിവരുന്നുവെന്നതാണ് പ്രധാന പരാതി. കുടിശിക കേസുകളുടെ നടത്തിപ്പിനായി നികുതി വകുപ്പിന്റെ ശേഷിയുടെ ഗണ്യമായ ഭാഗം നീക്കിവയ്‌ക്കേണ്ടി വരുന്നത് മറ്റൊരു പ്രശ്നമാണ്. ചെറിയ നികുതി കുടിശികയിൽ പലിശയും പിഴയും ചേർത്ത് വലിയ തുകയാണ് സർക്കാർ കണക്കുകളിലുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് നികുതി കുടിശികയിൽ ആംനസ്റ്റി പദ്ധതികൾ പ്രഖ്യാപിക്കാൻ തുടങ്ങിയതെങ്കിലും,​ ഇവ ഫലപ്രദമായില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിലാണ് ചെറുകിട വ്യാപാര മേഖലയെ നികുതി കുടിശിക മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ, ഫലപ്രദമായ പുതിയൊരു പദ്ധതി 'ആംനസ്റ്റി 2024" എന്ന പേരിൽ ഇപ്പോൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ആംനസ്റ്റിയെ ഒരു വരുമാന സ്രോതസായി കാണുന്ന രീതിയിൽ നിന്നു മാറി, എന്നും തലവേദനയായി ശേഷിച്ചിരുന്ന പഴയ കാലഘട്ടത്തിന്റെ നികുതി അവശിഷ്ടങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യം. നികുതിയിന്മേലുള്ള സർചാർജ്, കാർഷികാദായ നികുതി, അഡംബര നികുതി, കേന്ദ്ര വിൽപന നികുതി എന്നീ നിയമങ്ങൾക്കു കീഴിലുണ്ടായിരുന്ന കുടിശികകളെയാണ് ഈ പദ്ധതി പരിഗണിക്കുന്നത്. പൊതു വിൽപന നികുതി നിയമത്തിലെ മദ്യവിൽപനയുമായി ബന്ധപ്പെട്ട നികുതി, ടേൺഓവർ ടാക്സ്, കോംപൗണ്ടിംഗ് നികുതി എന്നിവയ്ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്നു മാത്രം.

ചെറിയ കുടിശിക

അടയ്ക്കേണ്ട

ഈ പദ്ധതിയിലൂടെ ഏറ്റവും നേട്ടമുണ്ടാവുക ചെറുകിട വ്യാപാരികൾക്കാണ്. തീരെ ചെറിയ കുടിശികകൾ പൂർണമായും ഒഴിവാക്കുകന്നതാണ് പദ്ധതിയുടെ പ്രധാന ഭാഗം. 50,​000 രൂപയിൽ താഴെയുള്ള കുടിശികകൾ അവയുടെ നികുതി തുകയുടെ മാത്രം അടിസ്ഥാനത്തിൽ പൂർണമായി ഒഴിവാക്കും. അതായത് പിഴ, പലിശ എന്നിവ നോക്കാതെ നികുതി തുക മാത്രം നോക്കി, അത് 50,​000-ത്തിൽ താഴെയാണെങ്കിൽ ഒരു രൂപ പോലും പുതുതായി ഈടാക്കാതെ (അപേക്ഷപോലും ആവശ്യപ്പെടാതെ)​ ഒഴിവാക്കും. ആകെയുള്ള കുടിശികയുടെ 44 ശതമാനം ഈ വിഭാഗത്തിലാണെങ്കിലും, ഇതിന്റെ ആകെ മൂല്യം 116 കോടി രൂപയാണ്. ഇതിൽത്തന്നെ പിഴയും പലിശയും ഒഴിവാക്കിയാൽ പിരിഞ്ഞുകിട്ടാനുള്ള നികുതി 33 കോടിയും!ഇതാകട്ടെ,​ പിരിഞ്ഞുകിട്ടാനുള്ള ആകെ തുകയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്.

കുടിശിക നോക്കി

നാല് സ്ളാബ്

ആംനസ്റ്റി 2024 അനുസരിച്ച്,​ കുടിശികകളെ തുകയുടെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകളായി തിരിച്ചിട്ടുണ്ട്. ഒന്നാം സ്ലാബിലാണ് 50,​000 രൂപയിൽ താഴെയുള്ളവ. ആ കുടിശികകളാണ് പൂർണമായും ഒഴിവാക്കുക. രണ്ടാം സ്ലാബ്,​ 50,​000 രൂപ മുതൽ പത്തുലക്ഷം വരെ കുടിശികകൾക്കുള്ളതാണ്. ഇതിൽ നികുതി തുകയുടെ 30 ശതമാനം മാത്രം അടച്ച് കുടിശിക തീർക്കാം. 10 ലക്ഷം മുതൽ ഒരുകോടി രൂപ വരെയുള്ളതാണ് മൂന്നാം സ്ളാബ്. ഇതിലെ കുടിശികകളെ രണ്ടായി തിരിച്ചിട്ടുണ്ട്- കോടതി വ്യവഹാരത്തിലുള്ള കുടിശികകൾ നികുതി തുകയുടെ 40 ശതമാനം അടച്ച് തീർക്കാം. വ്യവഹാരം ഇല്ലാത്തവയാകട്ടെ,​ 50 ശതമാനം അടച്ച് തീർപ്പാക്കാനാകും.

നാലാമത്തെ സ്ലാബിലെ ഒരു കോടി രൂപയിൽ കൂടുതലുള്ള കുടിശികകളെയും രണ്ടായി തിരിച്ചിരിക്കുന്നു. വ്യവഹാരത്തിലുള്ള കുടിശികകൾ നികുതി തുകയുടെ 70 ശതമാനം അടച്ചും,​ വ്യവഹാരമില്ലാത്തവ നികുതിയുടെ 80 ശതമാനം അടച്ചും തീർക്കാം. ആംനസ്റ്റി 2024 പദ്ധതിയെ മറ്റ് ആംനസ്റ്റികളിൽനിന്നു വ്യതസ്തമാക്കുന്നത് ഇനി പറയുന്നവയാണ്:

 എല്ലാ സ്ലാബിലും പിഴയും പലിശയും പൂർണമായി ഒഴിവാക്കുന്നു.

 നികുതി തുക ആസ്പദമാക്കി മാത്രമാണ് സ്ലാബുകൾ നിശ്ചയിക്കുന്നതും അടയ്‌ക്കേണ്ട തുക തീരുമാനിക്കുന്നതും.

 കുടിശിക തീർക്കാൻ താത്പര്യമുള്ളവർക്കു പോലും പലപ്പോഴും തടസമായിരുന്നത് പിഴയും പലിശയുമാണ്. ആ തടസം പൂർണമായി നീക്കി.

 നേരത്തേ അടച്ച തുകകൾ,​ ഈ പദ്ധതിയുടെ ഭാഗമായി അടച്ചതായി കണക്കാക്കി ആനുകൂല്യം നൽകും. ഭാഗികമായി അടച്ച തുകകൾ, റിക്കവറി നടപടികളിലൂടെ സർക്കാർ ഈടാക്കിയ തുകകൾ എന്നിവയുടെ കിഴിവും ലഭിക്കും.

 ഓരോ കുടിശികയെയും പ്രത്യേകം പ്രത്യേകമായി തീർപ്പാക്കാം.

ആദ്യം ചേർന്നാൽ

അധിക നേട്ടം

പദ്ധതിയിൽ ആദ്യ സമയത്ത് ചേരുന്നവർക്കാണ് മേൽപ്പറഞ്ഞ സ്ലാബുകളിലെ നിരക്കുകൾ ബാധകമാവുക. പദ്ധതിയിൽ ചേരാൻ വൈകുന്തോറും ആനുകൂല്യം കുറയും. പദ്ധതി പ്രകാരം അടയ്‌ക്കേണ്ട തുക ഒടുക്കിയതിന്റെ ചെല്ലാൻ സഹിതം ഓൺലൈൻ അപേക്ഷ നൽകി പദ്ധതിയിൽ ചേരാം. അപേക്ഷ ജില്ലാ തല അതോറിറ്റി പരിശോധിച്ച് ആംനസ്റ്റി സർട്ടിഫിക്കറ്റ് നൽകും.

ഈ പദ്ധതിക്കൊപ്പം,​ ജി.എസ്.ടി കൗൺസിലും വ്യാപാര മേഖലയ്ക്ക് ഊർജ്ജം പകരുന്ന ചില തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. 2021 നവംബർ 30-നു മുമ്പായി എടുത്ത,​ 2020- 21 സാമ്പത്തിക വർഷം വരെയുള്ള മുഴുവൻ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും നിലവിലെ നിയമപ്രകാരമുള്ള സമയപരിധി നോക്കാതെ അനുവദിക്കാനുള്ള തീരുമാനമാണ് ഒന്ന്. 2019- 20 സാമ്പത്തിക വർഷം വരെയുള്ള സെക്ഷൻ 73 നോട്ടീസുകൾ തീർപ്പാക്കാൻ അവയുടെ പിഴയും പലിശയും ഒഴിവാക്കി നൽകിയിട്ടുമുണ്ട്. ഈ ഇളവുകളും സംസ്ഥാന സർക്കാരിന്റെ ആംനസ്റ്റി 2024 പദ്ധതിയും ഒന്നിക്കുമ്പോൾ കേരളത്തിലെ വാണിജ്യ സമൂഹത്തിന് സമാശ്വാസത്തിന്റെ പുതിയൊരു അദ്ധ്യായം തുറക്കാനാവും.

Advertisement
Advertisement