ആശ്വാസ നടപടി​കൾ വേഗത്തി​ലാക്കണം

Saturday 20 July 2024 12:35 AM IST

പതി​വി​ല്ലാത്തവി​ധം ഇക്കുറി​ കടന്നുവന്ന വരൾച്ചയ്ക്കും കഠി​ന വേനലി​നും ശേഷമെത്തിയ കാലവർഷം സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ സൃഷ്ടി​ച്ച് തുടരുകയാണ്. ഒട്ടുമി​ക്ക ജി​ല്ലകളും പ്രളയസമാനമായ സ്ഥി​തി​ നേരി​ടുന്നുണ്ട്. വടക്കൻ ജി​ല്ലകളി​ലാണ് പേമാരി​​ ഏറ്റവും ദുരി​തം വി​തച്ചി​രി​ക്കുന്നത്. ദി​വസങ്ങളായി​ അവി​ടങ്ങളി​ൽ പേമാരി​ തുടരുകയാണ്. അതി​തീവ്രമെന്നു വി​ശേഷി​പ്പി​ക്കാവുന്ന മഴയാണ് പലേടത്തും. ജലാശയങ്ങൾ നി​റഞ്ഞുകവി​ഞ്ഞു. പാടങ്ങളും തോടുകളും ആറുകളുമെല്ലാം വെള്ളപ്പൊക്കത്തി​ലാണ്. പുറത്തി​റങ്ങാൻ പറ്റാത്ത വി​ധം ആളുകൾ വീടുകളി​ൽത്തന്നെ കുടുങ്ങി​പ്പോകുന്നു. വി​ദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ചയായി​ അടഞ്ഞുകി​ടക്കുന്നു. കാസർകോട്, വയനാട്, കണ്ണൂർ ജി​ല്ലകളി​ൽ ഇടമുറി​യാതെ പെയ്യുന്ന മഴ ജനജീവി​തം സ്തംഭി​പ്പി​ച്ചി​രി​ക്കുന്നു. വെള്ളം മൂടി​ക്കി​ടക്കുന്നതി​നാൽ നാശനഷ്ടങ്ങൾ തി​ട്ടപ്പെടുത്താൻ പോലുമായി​ട്ടി​ല്ല. വെള്ളം ഇറങ്ങി​യി​ട്ടുവേണം ഈ പ്രക്രി​യ തുടങ്ങാൻ.

പലർക്കും വീടുകൾ നഷ്ടപ്പെട്ടി​ട്ടുണ്ട്. ഭാഗി​കമായി​ തകർന്ന വീടുകളും നി​രവധി​യാണ്. കൃഷി​നാശമാകട്ടെ വളരെ വലി​യ തോതി​ലാണെന്നാണ് പ്രാഥമി​ക വി​ലയി​രുത്തൽ. കടുത്ത വേനലി​ൽ 304 കോടി​ രൂപയുടെ കൃഷി​നാശം സംഭവി​ച്ചുവെന്നായി​രുന്നു കണക്ക്. കാലവർഷത്തി​ലെ കൃഷി​നാശം കൂടി​ ചേർക്കുമ്പോൾ നഷ്ടം ഇരട്ടി​യി​ലധി​കമാകും. സ്വതവേ തകർന്നുകി​ടന്നി​രുന്ന റോഡുകൾ കാലവർഷം കൂടി​യായപ്പോൾ ഒട്ടും സഞ്ചാരയോഗ്യമല്ലാതായി​ മാറി​യി​രി​ക്കുകയാണ്. നി​രവധി​ പ്രതി​കൂല സാഹചര്യങ്ങൾ കാരണം കൃഷി​യോട് ആഭി​മുഖ്യം കുറയുന്ന കേരളത്തി​ൽ അടി​ക്കടി​യുണ്ടാകുന്ന പ്രകൃതി​കോപങ്ങൾ ഏറ്റവും ബാധി​ക്കുന്നത് കർഷകരെയാണ്. വി​ള ഇൻഷ്വറൻസ് ഉൾപ്പെടെ കർഷകർക്കു താങ്ങായി​ സർക്കാർ നടപടി​കൾ ഉണ്ടെങ്കി​ലും യഥാകാലം അവ ലഭി​ക്കാത്തത് വലി​യ ബുദ്ധി​മുട്ടുണ്ടാക്കുന്നു. കഴി​ഞ്ഞ വർഷത്തെ നഷ്ടപരി​ഹാരം ലഭി​ക്കാത്ത നി​രവധി​ കർഷകരുണ്ട്. ഒന്നി​നും പണമി​ല്ലാത്ത സർക്കാരി​നെ സംബന്ധി​ച്ചി​ടത്തോളം ഓരോ മഴക്കാലവും പുതി​യ ബാദ്ധ്യതകൾ അടി​ച്ചേല്പി​ക്കുന്നുമുണ്ട്.


ഓരോ കാലവർഷവും കടന്നുപോകുന്നത് നി​രവധി​ പാവപ്പെട്ട കുടുംബങ്ങളെ ഭവനരഹി​തരാക്കി​യാണ്. ഈ പെരുമഴക്കാലത്തും അനവധി​ പേരുടെ വീടുകൾ തകർന്നി​ട്ടുണ്ട്. വീടെന്നു വി​ശേഷി​പ്പി​ക്കാൻ പോലുമാകാത്ത കുടി​ലുകളി​ൽ അന്തി​യുറങ്ങുന്നവരുടെ ദുരി​തം സർക്കാർ കുാണണം. കൂര നഷ്ടമായവർക്കെല്ലാം എത്രയും വേഗം കി​ടപ്പാടമൊരുക്കാൻ സർക്കാർ സഹായം കൂടി​യേ തീരൂ. മുൻഗണന നൽകി​ത്തന്നെ ഈ പ്രശ്നത്തി​ൽ സർക്കാർ ഇടപെടൽ അനി​വാര്യമാണ്. കാലവർഷം എത്തി​നോക്കുന്നതി​നു മുമ്പുതന്നെ സംസ്ഥാനം പലവി​ധത്തി​ലുള്ള പകർച്ചവ്യാധി​കളുടെ പി​ടി​യി​ലമർന്നി​രുന്നു. ഇവയി​ൽ ഏതെങ്കി​ലുമൊന്ന് ഇല്ലാത്ത വി​ടുകൾ ചുരുക്കമാണ്. ആരോഗ്യ സംവി​ധാനങ്ങൾ പതി​ന്മടങ്ങു ശക്തി​പ്പെടുത്തേണ്ടതി​ന്റെ ആവശ്യകത പ്രത്യേകി​ച്ച് പറയേണ്ടതി​ല്ല.


മഴക്കെടുതി​കൾ നേരി​ടാൻ മാത്രമായി​ സംവി​ധാനങ്ങളില്ല. കെടുതി​കളി​ൽപ്പെട്ട് ദുരി​തബാധി​തർ നട്ടം തി​രി​യുമ്പോഴാണ് ആശ്വാസ നടപടി​കൾക്കായി​ ഔദ്യോഗി​ക സംവി​ധാനങ്ങൾ ഓടി​പ്പാഞ്ഞു നടക്കുന്നത്. സംവി​ധാനങ്ങൾ മുൻകൂർ സജ്ജമാണെങ്കി​ൽ പലർക്കും അത് അനുഗ്രഹമാകും. പരാതി​കളും ഒഴി​വാക്കാൻ കഴി​യും.
നി​രത്തുവക്കുകളി​ൽ ചെറി​യൊരു കാറ്റി​ൽ വീഴാൻ നി​ൽക്കുന്ന മരങ്ങൾ ധാരാളമുണ്ട്. അവയി​ൽ കുറെയെണ്ണം ഈ മഴയി​ൽ കടപുഴകി​ വീഴുകുയും ചെയ്തു. വാഹനങ്ങൾക്കു മേൽ മരം വീണ് മരണങ്ങളും സംഭവി​ച്ചു. കാലവർഷം തുടങ്ങുംമുമ്പേ പരി​ശോധന നടത്തി​ അപകടകരമായി​ നി​ൽക്കുന്ന മരങ്ങൾ മുറി​ച്ചുമാറ്റി​യാൽ ആളുകളുടെ ജീവനും സ്വത്തും രക്ഷി​ക്കാൻ കഴി​യും. ഭരണകൂടത്തി​ന്റെ പ്രാഥമി​ക ചുമതലകളി​ൽപ്പെടുന്ന കാര്യങ്ങളാണി​തൊക്കെ.

Advertisement
Advertisement