മലയോരത്ത് ശമനമില്ലാതെ ദുരിതമഴ അയ്യൻകുന്നിൽ വൻ മണ്ണിടിച്ചിൽ

Friday 19 July 2024 8:50 PM IST

മലയോര ഹൈവേയിൽ രണ്ടാം ദിവസവും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല
ഇരിട്ടി താലൂക്കിൽ അഞ്ചു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

ഇരിട്ടി: ഇരിട്ടി മേഖലയിൽ കാലവർഷക്കെടുതിക്ക് ശമനമില്ല.അയ്യൻകുന്നു പഞ്ചായത്തിൽ വൻ മണ്ണിടിച്ചിലുണ്ടായി. പുഴയിലേയും തോടുകളിലേയും വെളളം ഇറങ്ങി തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപൊക്ക ഭീഷണി ഒഴിവായെങ്കിലും ശമനമില്ലാതെ തുടരുന്ന മഴ ആശങ്ക സൃഷ്ടിക്കുകയാണ്. മുടിക്കെട്ടിയ അന്തരീക്ഷവും ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയും മേഖലയിൽ തുടരുകയാണ്.

ഇരിട്ടി താലൂക്കിൽ അഞ്ചു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോളാരി, കൊട്ടിയൂർ, കേളകം, കരിക്കോട്ടക്കരി വില്ലേജുകളിലെ അഞ്ചു കുടുംബങ്ങളിലെ 21 പേരായാണ് അപകടകരമായ സ്ഥലങ്ങളിൽ നിന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതെന്ന് ഇരിട്ടി തഹസിൽദാർ ലാലിമോൾ അറിയിച്ചു. എടൂർ ആറളം മലയോര ഹൈവേയിൽ ചെന്തോട് പാലത്തിന്റെ സമാന്തര റോഡ് വെള്ളത്തിൽ മുങ്ങി വെള്ളക്കുത്തിൽ തകർന്നതിനെത്തുടർന്ന് ഉണ്ടായ ഗതാഗത സ്തംഭനം ഇന്നലെയും തുടർന്നു. ഇരിട്ടി, പേരാവൂർ സംസ്ഥാന പാതയിൽ ഹാജി റോഡ് വഴി മലയോര ഹൈവേയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പാലപ്പുഴയിൽ നിന്നും കാക്കയങ്ങാട് വഴിയാണ് തിരിച്ചുവിടുന്നത്. റോഡിന് ഇരുവശവും ഗതാഗത നിരോധം ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ആറളം ഫാം ഹയർ സെക്കൻഡറി സ്‌കൂളിന്റെ ചുറ്റുമതിലും കഞ്ഞിപുരയും ഭാഗകമായി തകർന്നു. മതിൽ 30 മീറ്ററോളം നീളത്തിലാണ് നിലംപൊത്തിയത്. കഞ്ഞി പുരയോട് ചേർന്ന വിറക് പുര പൂർണ്ണമായും തകർന്നു. കാട്ടാനകൾ സ്‌കൂൾ കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കാനാണ് സ്‌കൂളിന് ചുറ്റും മതിൽ പണിതത്. ചുറ്റുമതിൽ തകർന്നതോടെ അത് കുട്ടികളുടെ സുരക്ഷക്കും ഭീഷണി തീർക്കുകയാണ്.

അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ വൻ മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മണ്ണാണ് ഇടിഞ്ഞുതാണത്. സംഭവമറിഞ്ഞ് നാട്ടുകാരും പോലീസും വില്ലേജ് അധികൃതരും ജനപ്രതികളും സ്ഥലത്തെത്തി. മേഖലയിൽ കഴിഞ്ഞ മൂന്നുദിവസമായി ശക്തമായ മഴ തുടരുകയായിരുന്നു. ഇവിടെ പ്രവർത്തിക്കുന്ന ക്വാറിക്ക് സമീപത്തായി വലിയതോതിൽ കൂട്ടിയിട്ട മണ്ണാണ് ഇടിഞ്ഞ് താഴുന്നത്. ഇതോടെ ഇതിന് താഴ്വാരത്തുള്ള കാർഷികവിളകൾ ഉൾപ്പെടെ നശിച്ചിട്ടുണ്ട്. അധികൃതർ ഈദിന്റെ താഴ്വാരത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് .

Advertisement
Advertisement