'ആവേശ'പൂർവ്വം  റാഗിംഗ്

Saturday 20 July 2024 2:01 AM IST

ഒരു റാഗിംഗും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ നിമിഷങ്ങളുമാണ് കേരളക്കര സ്വീകരിച്ച 'ആവേശം' എന്ന സിനിമയെ കളറാക്കുന്നത്. അധോലോക ബന്ധങ്ങളിലേക്ക് സിനിമയിൽ റാഗിംഗ്, വിദ്യാർത്ഥികളെ കൊണ്ടുചെന്നെത്തിക്കുന്നത് കണ്ട് നമ്മളും ആവേശത്തോടെ കയ്യടിച്ചതാണ്. എന്നാൽ സിനിമയിലെ ആവേശം ഉൾക്കൊണ്ട് സീനിയേഴ്സ് പോരിനിറങ്ങിയപ്പോൾ സ്‌കൂൾതലം മുതൽ കലാലയങ്ങൾ വരെ സംഘർഷ ഭരിതമാവുന്ന കാഴ്ചയാണ് കാണുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ റാഗിംഗ് ഇപ്പോഴും അലോസരപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. വർഷങ്ങളായി നൂറുകണക്കിന് നിരപരാധികളുടെ ജീവൻ അപഹരിക്കുകയും മിടുക്കരായ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ നശിപ്പിക്കുകയും ചെയ്തിട്ടും ഇപ്പോഴും പലയിടത്തും റാഗിംഗ് തുടരുകയാണ്. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിന്റെ ഞെട്ടൽ വിട്ടുമാറാത്ത സമൂഹത്തിലാണ് അനുദിനം പുതിയ റാഗിംഗ് വാർത്തകളും വരുന്നത്. പൊലീസും നാട്ടുകാരും പി.ടി.എയും പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങുന്നുണ്ടെങ്കിലും പലയിടത്തും കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയാണ്. കോളേജുകളെക്കാൾ കൂടുതൽ ഇപ്പോൾ പ്ലസ്ടു സ്‌കൂളുകളിലാണ് റാഗിംഗ് കൂടുതൽ. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിലെ ഒട്ടുമിക്ക പ്ലസ്ടു സ്‌കൂളുകളും റാഗിംഗ് പ്രശ്നങ്ങളുണ്ടായി. ചിലയിടത്ത് പൊലീസ് ഇടപെട്ടു, മറ്റു ചിലയിടത്ത് പി.ടി.എയും നാട്ടുകാരും പ്രശ്നം പരിഹരിച്ചു. വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത നിലനിൽക്കുന്നുവെന്നാണ് അദ്ധ്യാപകരും പി.ടി.എ. ഭാരവാഹികളും പറയുന്നത്.


ഭീതിയുടെ നിഴലിൽ
കേട്ടുകേൾവി മാത്രമുള്ള റാഗിംഗിനെപ്പറ്റിയുള്ള ചിന്തകളോടെയാണ് ഓരേ വിദ്യാർത്ഥിയും പുതിയ സ്‌കൂൾ അന്തരീക്ഷത്തിലേക്ക് എത്തുന്നത്. വെറും തമാശയെന്ന് പറഞ്ഞ് ചിലപ്പോൾ വിദ്യാലയ അധികൃതർ റാഗിംഗിനെ നിസാരവത്കരിക്കുന്നുണ്ടെങ്കിലും ഒളിഞ്ഞും തെളിഞ്ഞും സ്‌കൂളുകളിൽ പോലും റാഗിംഗിന്റെ പേരിൽ ക്രൂരപീഡനങ്ങൾ നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്. കുട്ടികൾ വളർന്നുവരുന്ന സാഹചര്യവും സാമൂഹിക ചുറ്റുപാടുമാണ് റാഗിംഗിലേക്ക് നയിക്കുന്നതെന്ന് പറയുമെങ്കിലും മെച്ചപ്പെട്ട പാരന്റിംഗ് രീതികൊണ്ട് കുട്ടികളുടെ സാമൂഹിക വിരുദ്ധ സ്വഭാവങ്ങൾ മാറ്റനാകും എന്നും അദ്ധ്യാപകരും മനശാസ്ത്ര വിദഗ്ധരും നിരന്തരം പറയുന്നു. മറ്റുള്ളവരെ പീഡിപ്പിക്കാനും പരിഹസിക്കാനുമുള്ള അവസരങ്ങളെ പുതുതലമുറയിൽ ആഘോഷമാക്കുകയാണ്. അവസരം കിട്ടിയാൽ അവർ അത് മുതലെടുക്കുകയാണ്. സഹപാഠികളെ പരിഹസിക്കുന്നതിൽ ആനന്ദിക്കുക, ശാരീരികമായി ഉപദ്രവിക്കുക, അതിൽ കുറ്റബോധം ഇല്ലാതെ വീഡിയോകൾ ചിത്രീകരിക്കുക എന്നിവയൊക്കെ മാനസിക വൈകൃതങ്ങളാണ്. റാഗിംഗ് നിരോധന നിയമം നിലവിലുണ്ടെങ്കിലും ഇത് നടപ്പിലാക്കുന്നതിൽ വരുന്ന അപാകതകളാണ് അക്രമവാസനകളുള്ളവർ മുതലെടുക്കുന്നത്. അതിനാൽ ബോധവത്ക്കരണത്തോടൊപ്പം ശക്തമായ നിയമ സംവിധാനം നടപ്പിലാക്കിയാൽ മാത്രമേ റാഗിംഗ് നിയന്ത്രണ വിധമാക്കാനാകു.


കാര്യം നിസാരം
ജൂനിയർ വിദ്യാർത്ഥികൾ ഷൂ ധരിച്ച് വരുന്നതും പുതിയ ഹെയർ സ്‌റ്റൈലുകൾ പരീക്ഷിക്കുന്നതുമൊക്കെ ചോദ്യം ചെയ്താണ് റാഗിംഗ് ആരംഭിക്കുന്നത്. എന്നാൽ പിന്നീട് ഇത് കയ്യാങ്കളിയിലേക്കും വെല്ലുവിളികളിലേക്കും നീങ്ങുകയാണ്.പയ്യന്നൂർ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം സീനിയർ വിദ്യാർത്ഥികൾ ഇത്തരത്തിൽ റാഗ് ചെയ്തു. കോളേജിനുള്ളിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. അവസാന വർഷ വിദ്യാർത്ഥികളായ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. മർദ്ദിച്ച സംഭവത്തിൽ മാത്രമാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. റാഗിംഗ് വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടില്ല. റാഗിംഗിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ മാടായി സ്വദേശിയായ വിദ്യാർത്ഥി പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്.
റാഗിംഗ് നിരോധന നിയമം നിലവിലുണ്ടെങ്കിലും ഇത് നടപ്പാകുന്നില്ല. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സൽപ്പേര്, രാഷ്ട്രീയ ഇടപെടലുകൾ, കുറ്റക്കാരായ കുട്ടികളുടെ ഭാവി നശിക്കാൻ ഇടവരുന്നത്, ഇത്തരം കാര്യങ്ങളാണ് ശക്തമായ നടപടികളിൽ നിന്നും അധികൃതരെ പിന്തിരിപ്പിക്കുന്നത്.


റാഗിംഗും ആന്റി റാഗിംഗ് കമ്മറ്റിയും

ഒരു ക്യാമ്പസിൽ പുതുതായി വരുന്ന വിദ്യാർത്ഥികൾ തങ്ങളുടെ അപ്രമാദിത്വം കാട്ടാനുള്ള ഇരകളാണെന്നു സീനിയേഴ്സ് ചിന്തിക്കുന്നിടത്താണു റാഗിംഗിന്റെ തുടക്കം. തങ്ങളും റാഗ് ചെയ്യപ്പെട്ടിരുന്നു, അതിനാൽ നിങ്ങളുമനുഭവിക്കണമെന്ന ന്യായം ഇതിനു പറയുന്നവരുമുണ്ട്. വിദ്യാർത്ഥിയെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, അധിക്ഷേപിക്കുക, അയാൾക്ക് നാണക്കേട് ഉണ്ടാകാവുന്ന വിധത്തിൽ പെരുമാറുക, പരിഹാസപാത്രമാക്കുന്ന രീതിയിലുള്ള തമാശകൾ കാണിക്കുന്നതുമൊക്കെ റാഗിംഗിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു വിദ്യാർത്ഥിക്ക് മാനസികമായും ശാരീരികമായും വിഷമം ഉണ്ടാക്കുന്ന ഏതൊന്നിനെയും റാഗിംഗ് എന്ന് പറയാം. തന്റെ വ്യക്തിത്വത്തിനു നേരിടുന്ന അപമാനം പലർക്കും ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക പ്രയാസങ്ങളുണ്ടാക്കുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരുണ്ട്, സമൂഹവുമായി ബന്ധം വിച്ഛേദിച്ച് ഒറ്റപ്പെട്ടു ജീവിതം തള്ളിനീക്കുന്നവരുണ്ട്. റാഗിംഗ് നടത്തിയ വിദ്യാർത്ഥിക്ക് അത് തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴ ശിക്ഷയായും വരെ ലഭിക്കുന്നതാണ്. കൂടാതെ പിന്നീട് വരുന്ന മൂന്ന് വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടർന്ന് പഠിക്കുവാൻ സാധിക്കുന്നതല്ല. റാഗിംഗ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസമുണ്ടാക്കുമെന്നും അവരുടെ കംഫർട് സോൺ പൊളിച്ച് അവരെ കൂടുതൽ മികവുറ്റവരാക്കുമെന്നുമൊക്കെയുള്ള പിന്തിരിപ്പൻ ചിന്തകളുള്ളവരും നമുക്കിടയിലുണ്ട്. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം കൂട്ടാൻ ക്രിയാത്മകവും പോസിറ്റീവുമായ എത്രയോ മാർഗങ്ങളുണ്ട്. സീനിയർ വിദ്യാർത്ഥികളുടെ ഭീഷണിയിൽ പരാതിപ്പെടാൻ മടിക്കുന്നതും റാഗിംഗിനു പ്രോത്സാഹനമായി മാറുകയാണ്.

വർദ്ധിച്ചു വരുന്ന റാഗിംഗ് നിമിത്തം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിംഗ് കമ്മിറ്റി ഉണ്ടായിരിക്കേണ്ടതാണ്. ഇതിൽ സിവിൽ പൊലീസ് അഡ്മിനിസ്‌ട്രേഷൻസ്, ലോക്കൽ മീഡിയ, എൻ.ജി.ഒ എന്നിവയും കൂടാതെ പ്രസ്തുത ഇൻസ്റ്റിറ്റിയൂഷനിലെ അദ്ധ്യാപക പ്രതിനിധികൾ, രക്ഷിതാക്കളുടെ പ്രതിനിധികൾ, വിദ്യാർത്ഥികളുടെ പ്രതിനിധികൾ എന്നിവയും ഉണ്ടായിരിക്കണം. സ്ഥലം സർക്കിൾ ഇൻപെക്ടറും ഈ കമ്മിറ്റിയിൽ എക്സ് ഒഫീഷ്യോ മെമ്പറാണ്. കൂടാതെ പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ ഒരു ആന്റി റാഗിംഗ് സ്ക്വാഡും നിർബന്ധമാണ്. നടപ്പാക്കാൻ ബാദ്ധ്യതപ്പെട്ട അധികാരികൾ നിയമങ്ങൾ ശക്തമായി നടപ്പാക്കിയാൽ മാത്രമേ സമൂഹത്തിലെ ഇത്തരം വിപത്തുകൾ നിർത്തലാക്കാൻ സാധിക്കുകയുള്ളൂ.

Advertisement
Advertisement