ജീവിതം തുന്നിയെടുക്കുന്ന ഖാദിമേഖലയുടെ ഇഴപൊട്ടുന്നു

Saturday 20 July 2024 2:01 AM IST

ഖാദി നമ്മുടെ ദേശീയതയുടെ അടയാളമാണ്.... നിരവധിയാളുകളുടെ ജീവനോപാധിയും. എന്നാൽ ഇന്ന് സ്ഥിതിമാറി, ഖാദിയും ഖാദിത്തൊഴിലാളികളും ഇഴപൊട്ടിയ ജീവിതങ്ങൾ തുന്നിയെടുക്കാനുള്ള പോരാട്ടത്തിലാണ്. സ്വാതന്ത്ര്യ സമരസേനാനികളുടെ സമരായുധമായിരുന്നു ഖാദി. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ടായിട്ടും സമരായുധം എന്നതിലുപരി ഒരു കുടുംബത്തിന്റെ ജീവിതോപാധിയായി മാറാൻ ഖാദി മേഖലയ്ക്കായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഭൂരിഭാഗം തൊഴിൽ മേഖലകളിലും ഒരു ചെറിയ കുടുംബത്തിന്റെ ജീവിതത്തിനാവശ്യമായ വേതനം തൊഴിലാളിക്ക് ലഭിക്കുമ്പോൾ ഖാദി മേഖലയുടെ സ്ഥിതി തീർത്തും വ്യത്യസ്തമാണ്. ജീവിതച്ചെലവിന്റെ നാലിലൊന്ന് വരുമാനംപോലും ഖാദി തൊഴിലാളിക്ക് ലഭിക്കുന്നില്ല. കൂലിക്കു പുറമെ സർക്കാർ ആനുകൂല്യങ്ങളായിരുന്നു ഈ മേഖലയിലെ തൊഴിലാളിയുടെ ഏക ആശ്വാസം. എന്നാൽ അത് മാസങ്ങളോളം കുടിശ്ശികയായതോടെ വർണങ്ങൾ നെയ്‌തെടുക്കുന്ന ഖാദി തൊഴിലാളിയുടെ ജീവിതത്തിൽ ഇരുണ്ട ചായങ്ങൾ മാത്രം ബാക്കിയാകുകയാണ്.

വർഷങ്ങളുടെ കുടിശിക

ഉപഭോക്താക്കൾക്ക് ഖാദി തുണി വില്പന നടത്തിയ വകയിൽ വർഷം മുഴുവൻ 20 ശതമാനം കിഴിവും 90 വിശേഷദിവസങ്ങളിൽ 30 ശതമാനം കിഴിവും അനുവദിച്ചിരുന്നു. ഇത് സംസ്ഥാന സർക്കാർ ഉപഭോക്താക്കൾക്ക് നൽകുന്ന ആനുകൂല്യമാണ്. ഈ ആനുകൂല്യം മുൻകാലങ്ങളിൽ അതാതു സാമ്പത്തിക വർഷം തന്നെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴിത് അഞ്ചുവർഷമായി കുടിശ്ശികയാണ്. ഏതാണ്ട് 60 കോടി രൂപ ഈ ഇനത്തിൽ ഖാദി സ്ഥാപനങ്ങൾക്ക് ലഭിക്കാനുണ്ട്.

കുറഞ്ഞ വരുമാനക്കാരായ ഖാദി നൂൽപ്പ്, നെയ്ത്തു തൊഴിലാളികളുടെ മിനിമം കൂലി 16 മാസമായി കുടിശ്ശികയാണ്. കേരളത്തിലെ ഖാദിസ്ഥാപനങ്ങളായ സർവ്വോദയ സംഘങ്ങൾ (6 എണ്ണം), തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ, എറണാകുളത്തെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഫെഡറേഷൻ, തിരുവനന്തപുരത്തെ ഗാന്ധിസ്മാരക നിധി, കൂടാതെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന പതിനഞ്ചോളം വരുന്ന ചെറിയ ഖാദി സൊസൈറ്റികൾ എന്നിവയിലെ തൊഴിലാളികൾക്ക് 16 മാസത്തെയും സംസ്ഥാന ഗവൺമെന്റ് നിയന്ത്രണത്തിലുള്ള ഖാദി ബോർഡിലെ തൊഴിലാളികൾക്ക് 13 മാസത്തേയും മിനിമം വേതനം ലഭിക്കാനുണ്ട്. കൂലി കുടിശ്ശികയും ആനൂകൂല്യ കുടിശ്ശികകളും യഥാസമയം ലഭിക്കാത്തതിനാൽ കേരളത്തിൽ മാത്രം 14,000ത്തോളം വരുന്ന ഖാദി തൊഴിലാളികളും അനുബന്ധതൊഴിൽ ചെയ്യുന്ന തൊഴിലാളികളും ദുരിതത്തിലാണ്.

ഖാദി തൊഴിലാളികൾക്ക് പ്രതിദിനം 104 രൂപ ഡി.എ നൽകുന്നത് സംസ്ഥാന സർക്കാരാണ്. ഒരു കഴി നൂൽ നൂറ്റാൽ 14 രൂപ 90 പൈസയാണ് യഥാർത്ഥ കൂലി. അതിൽ 10 രൂപ ഖാദി സ്ഥാപനവും, 4 രൂപ 90 പൈസ സർക്കാരും മിനിമം കൂലി പൂരകസംഖ്യ ഇനത്തിൽ നൽകണം. ഒരു മീറ്റർ ഖാദി തുണി നെയ്താൽ 64 രൂപയാണ് കൂലി. അതിൽ 54 രൂപ ഖാദി സ്ഥാപനവും 10 രൂപ സർക്കാറും നൽകണം. നൂലിന്റെ നമ്പറിന് അനുസരിച്ച്, കളർ, ഡിസൈൻ, കുപ്പടം നെയ്ത്തുകൾക്ക് കൂലിയിൽ വ്യത്യാസമുണ്ട്. നൂൽപ്പുകാർക്ക് 24 കഴിയും, നെയ്ത്തുകാർക്ക് 4.50 മീറ്ററുമാണ് പ്രതിദിന ടാർജറ്റ്. തൊഴിലാളികൾക്ക് ടാർജറ്റ് പൂർത്തീകരിക്കാനാവത്തതിനാൽ വേതനത്തിലും കുറവ് വരും. ചർക്കയുടെയും, തറിയുടെയും കേടുപാടുകൾ, സ്‌പെയർപാർട്സുകളുടെ അപര്യാപ്തത, അസംസ്‌കൃത സാധനങ്ങൾ കൃത്യമായി ലഭിക്കാതിരിക്കൽ, കാലാവസ്ഥയുടെ വ്യതിയാനം, ടെക്നീ ഷ്യൻമാരുടെ കുറവ്, ഇവയെല്ലാം തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കൂലി ഭക്ഷണത്തിന് പോലും തികയില്ല

സംസ്ഥാനത്ത് ഖാദി ബോർഡിന്റെയും മറ്റ് ഖാദി സ്ഥാപനങ്ങളുടെയും കീഴിലുള്ള 14,000ഓളം തൊഴിലാളികളിൽ 95 ശതമാനവും സ്ത്രീകളാണ്. കുറഞ്ഞ കൂലിയും തൊഴിലിലെ അസ്ഥിരതയുമാണ് നെയ്ത്തുതൊഴിലിൽ നിന്ന് പുരുഷന്മാർ പിന്മാറാനുള്ള പ്രധാന കാരണം. സംസ്ഥാന ഖാദി ബോർഡിന് കീഴിൽ 232 നൂല്പു കേന്ദ്രങ്ങളും 154 നെയ്ത്തു കേന്ദ്രങ്ങളുമാണുള്ളത്. തൊഴിലാളി, ഖാദിസ്ഥാപനം, സംസ്ഥാന സർക്കാർ, കേന്ദ്ര ഖാദി കമ്മിഷൻ എന്നീ നാല് തലങ്ങളിലൂടെയാണ് ഖാദി മേഖല മുന്നോട്ടുപോകുന്നത്. മറ്റ് മൂന്ന് മേഖലകളിലുമുണ്ടാകുന്ന പ്രശ്നങ്ങളും താത്പര്യക്കുറവും അന്തിമമായി ബാധിക്കുന്നത് സംസ്ഥാനത്തെ ഖാദി തൊഴിലാളികളെ തന്നെയാണ്.

ആഴ്ചയിൽ ആറുദിവസം തൊഴിലും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും കൃത്യമായി നൽകിയാൽ ഖാദി തൊഴിലാളിക്ക് വലിയ പ്രശ്നങ്ങളില്ലാതെ ജീവിതനൂലിഴകളെ കൂട്ടിയോജിപ്പിക്കാൻ കഴിയും. എന്നാൽ വർഷങ്ങളായി അധികൃതർക്ക് ഇതിന് കഴിഞ്ഞിട്ടില്ല. കൃത്യമായി തൊഴിൽ ലഭിക്കുന്നില്ലെന്നുള്ളതാണ് ഖാദി തൊഴിലാളിയുടെ പ്രധാന പ്രശ്നം. താരതമ്യേന കുറഞ്ഞ കൂലിയുള്ള നൂല്പ് മേഖലയിലാണ് തൊഴിലില്ലായ്മ വലിയ പ്രയാസങ്ങളുണ്ടാക്കുന്നത്.

24 കഴി നൂലാണ് ഒരു തൊഴിലാളിയുടെ ഒരുദിവസത്തെ ശരാശരി അദ്ധ്വാനഭാരം. എന്നാൽ കുറേ വർഷമായി 24 കഴി നൂൽ ഉത്പാദിപ്പിക്കാനുള്ള അസംസ്‌കൃതവസ്തുക്കളും സാഹചര്യവും തൊഴിലാളിക്ക് ലഭിക്കാറില്ല. ശരാശരി 10 കഴി നൂലാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. 10 കഴി നൂലിന് മിനിമം കൂലിയടക്കം 149 രൂപയാണ് ലഭിക്കുക. മിനിമം കൂലി തുക സർക്കാരാണ് നൽകേണ്ടത്. അത് സർക്കാരിൽ നിന്ന് ലഭിക്കുമ്പോൾ മാത്രമേ തൊഴിലാളിക്ക് കിട്ടുകയുള്ളൂ. അതിന് മാസങ്ങളോളം കാത്തിരിക്കേണ്ടിവരും.

മിനിമം കൂലി ഒഴിവാക്കിയാൽ 10 കഴി നൂലിന് 75 രൂപയാണ് കൂലി. 12 ശതമാനം വെൽഫെയർ ഫണ്ട് പിടിച്ചാൽ 66 രൂപയാണ് ഒരുദിവസത്തെ ശരാശരി കൂലിയായി ലഭിക്കുക. ഇത് ഒരുനേരത്തെ ഭക്ഷണത്തിനുപോലും തികയില്ല.

ഖാദിമേഖലയിലേക്ക് തൊഴിലാളികളെ ആകർഷിക്കാനും നിലവിലുള്ളവർക്ക് പ്രോത്സാഹനം നൽകാനുമായി സംസ്ഥാന സർക്കാർ നടപ്പാക്കിയതാണ് ഉത്പാദന ബോണസ്. ഒരു കഴി നൂല് ഉത്പാദിപ്പിക്കുന്ന നൂൽപ് തൊഴിലാളിക്ക് കൂലിക്ക് പുറമെ ബോണസായി 60 പൈസ ലഭിക്കും. അതേപോലെ ഒരു കൈ നൂൽ തുണിയാക്കി മാറ്റുന്ന നെയ്ത്തുതൊഴിലാളിക്ക് ബോണസായി 1.8 രൂപ ലഭിക്കും. ഉത്പാദന ബോണസ് തൊഴിലാളികൾക്ക് വലിയ ആശ്വാസമായിരുന്നുവെങ്കിലും വർഷങ്ങളായി അത് മുടങ്ങിയിട്ട്. തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മജിയുടെ ഗ്രാമസ്വരാജിന്റെ ഭാഗമായി രൂപം കൊണ്ട ഖാദി പ്രസ്ഥാനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ ദേശീയതയേയും ചരിത്രത്തേയും ഓരോ മനുഷ്യരുടെയും മനസിലേക്ക് ഇത്രമേൽ ഇഴയടുപ്പത്തോടെ തുന്നിച്ചേർത്ത പ്രസ്ഥാനം നിലനിൽക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്.

Advertisement
Advertisement