അർജുന്റെ ജീവൻ രക്ഷിക്കാൻ കേരളത്തിന്റെ ഇടപെടൽ

Saturday 20 July 2024 4:03 AM IST

കോഴിക്കോട് /തിരുവനന്തപുരം: അർജുൻ ഓടിച്ച ലോറിയുടെ ജി.പി.എസും മൊബൈൽ ഫോൺ ടവർ ലൊക്കേഷനുമെല്ലാം രക്ഷാപ്രവർത്തനം നടത്തുന്നവരെ അറിയിച്ചെങ്കിലും കാര്യക്ഷമായി തിരച്ചിൽ നടക്കുന്നില്ലെന്ന പരാതിയുമായി അർജുന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് കേരളം ഇടപെട്ടത്.

കർണാടക പൊലീസിൽ പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ ഇടാൻ പോലും തയ്യാറായിരുന്നില്ല. കാലാവസ്ഥ പ്രതികൂലമായതിനാൽ മണ്ണ് നീക്കാൻ സാധിക്കുന്നില്ലെന്നാണ് ബന്ധുക്കളെ അറിയിച്ചത്. വ്യാഴാഴ്ച ബന്ധുക്കൾ എം.കെ.രാഘവൻ എം.പിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകി. ഇതോടെയാണ് ഇടപെടൽ ശക്തമായതും രക്ഷാപ്രവർത്തനത്തിന് വേഗം വർദ്ധിച്ചതും.

കാർവാറിൽനിന്ന് ലോറിയിൽ തടിയുമായി വരുമ്പോൾ 16ന് ആയിരുന്നു അപകടം. ദേശീയപാതയിലേക്ക് വലിയ കുന്നാണ് ഇടിഞ്ഞുവീണത്.17ന് ഭാര്യ സഹോദരൻ ജിതിനും മറ്റ് ബന്ധുക്കളും അങ്കോളയിലേക്ക് പോയി. ലോറി ഉടമയായ കോഴിക്കോട് മുക്കം സ്വദേശി മനാഫും സംഭവ സ്ഥലത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഗതാഗത മന്ത്രി ഗണേശ് കുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോഴിക്കോട് എം.പി. എം.കെ. രാഘവൻ എന്നിവരാണ് വിഷയത്തിൽ ഇടപെട്ടത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദ്ദേശപ്രകാരം രക്ഷാപ്രവർത്തനം ശക്തമാക്കുകയായിരുന്നു. അതുവരെ രണ്ട് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു മണ്ണ് നീക്കം ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സ്ഥലത്തെ ജില്ലാ കലക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇ-മെയിൽ അയച്ചു.

കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും മന്ത്രി കെ.ബി.ഗണേശ്‌കുമാറും സംഭവസ്ഥലത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.

ഏകോപനത്തിനായി എസ്.ഡി.എം.എ. മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസിനെ ചുമതലപ്പെടുത്തിയതായി റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു.

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഫോണിൽ വിളിച്ചു.

വ്യാഴാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിൽനിന്നും എസ്.ഡി.എം.എയിൽനിന്നും കർണാടക സർക്കാരിന് അടിയന്തര സന്ദേശം പോയി. ഇന്നലെ രാവിലെയും ബന്ധപ്പെട്ടു.

കർണടക ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടുവെന്ന് മന്ത്രി ഗണേശ്‌കുമാർ പറ‌ഞ്ഞു. റവന്യൂ മന്ത്രിയുമായും സംസാരിച്ചു. ബന്ധുക്കളുമായും സംസാരിച്ചു. കാസർകോട് നിന്ന് എം.വി.ഐ ചന്ദ്രകുമാർ, എ.എം.വി.ഐമാരായ അരുൺരാജ്, എം.സുധീഷ്, ഡ്രൈവർ മനോജ്‌ എന്നിവരെ 280 കിലോമീറ്റർ അകലെയുള്ള സംഭവ സ്ഥലത്തേക്ക് അയച്ചു.

അർജുന്റെ കുടുംബാംഗങ്ങളുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസും സംസാരിച്ചു. എം.കെ.രാഘവൻ എം.പി അർജുന്റെ വീട് സന്ദർശിച്ചു.


.

Advertisement
Advertisement