ഗവർണർക്ക് നിയമ പരിരക്ഷ: പരിശോധിക്കാൻ സുപ്രീംകോടതി

Saturday 20 July 2024 4:45 AM IST

ന്യൂഡൽഹി: ഭരണഘടനയിലെ അനുച്ഛേദം 361 ഗവർണർക്കെതിരെയുള്ള ക്രിമിനൽ അന്വേഷണം വിലക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി. ഗവർണർക്ക് നിയമപരിരക്ഷ വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദമാണിത്. പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച ബംഗാൾ രാജ്ഭവൻ മുൻ ജീവനക്കാരിയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

വിഷയത്തിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്,​ അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിയുടെ സഹായം തേടി. കേന്ദ്രസർക്കാരിനെ കക്ഷിചേർക്കാൻ അനുമതി നൽകി. ബംഗാൾ സർക്കാരിന് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. ആഗസ്റ്റ് 12ന് വിഷയം വീണ്ടും പരിഗണിക്കും.

ഭരണഘടന പ്രകാരം പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഗവർണർക്ക് നിയമപരിരക്ഷയുണ്ടെന്ന നിലപാടാണ് ആനന്ദബോസ് സ്വീകരിച്ചിരിക്കുന്നതെന്ന് ഹർജിയിൽ മുൻ ജീവനക്കാരി ചൂണ്ടിക്കാട്ടി. അനുച്ഛേദം 361 ഗവർണർക്കെതിരെയുള്ള പൊലീസ് അന്വേഷണം വിലക്കിയിട്ടില്ല. ക്രിമിനൽ നിയമം പ്രയോഗിക്കേണ്ട സാഹചര്യങ്ങളിൽ നിയമപരിരക്ഷ അവകാശപ്പെടാനാകില്ല. നിയമപരിരക്ഷ അനുവദിക്കപ്പെട്ടാൽ ആനന്ദബോസ് ഗവർണർ പദവിയൊഴിയുന്നതു വരെ വിചാരണയ്‌ക്കായി കാത്തിരിക്കേണ്ടി വരും. ഇത് അന്യായവും, മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

Advertisement
Advertisement