സോഫ്റ്റ്‌വെയർ അപ്ഡേഷൻ പണിപറ്റിച്ചു ; കമ്പ്യൂട്ടർ 'കൂട്ടമരണം' , സ്‌തംഭിച്ച് ലോകം

Saturday 20 July 2024 4:51 AM IST

 തകരാർ വിൻഡോസ് 10ൽ

 80% കമ്പ്യൂട്ടറിലും വിൻഡോസ്

ന്യൂയോർക്ക്: ലോകത്തെ സ്തംഭിപ്പിച്ച് ​ ഇന്നലെ നിരവധി രാജ്യങ്ങളിൽ കോടിക്കണക്കിന് കമ്പ്യൂട്ടറുകൾ പൊടുന്നനെ പണിമുടക്കി. വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിലായതോടെ കമ്പ്യൂട്ടറുകൾ ബൂട്ട് ചെയ്യാതെ ഷട്ട് ഡൗൺ - റീസ്റ്റാർട്ട് മോഡിലായി. സൈബർ സ്തംഭനം എല്ലാമേഖലകളിലും പ്രഹരമായി.

അമേരിക്കൻ സൈബർ സുരക്ഷാകമ്പനിയായ ക്രൗഡ്‌ സ്ട്രൈക്കിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റാണ് വില്ലനായത്. അപ്ഡേഷന് ശേഷം റീസ്റ്റാർട്ട് ചെയ്‌ത കമ്പ്യൂട്ടറുകൾ നിശ്ചലമായി. മൈക്രോസോഫ്റ്റ് 365, ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങളെല്ലാം തടസപ്പെട്ടു.

ഇന്ത്യ, അമേരിക്ക, ​ബ്രിട്ടൻ, ജർമ്മനി, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസീലാൻഡ്, സ്പെയിൻ തുടങ്ങി നിരവധി രാജ്യങ്ങളെ ബാധിച്ചു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3.26നാണ് തകരാർ തുടങ്ങിയത്. പിന്നീട് ലോകമെമ്പാടും വ്യാപിച്ചു. ലോകത്തെ കമ്പ്യൂട്ടറുകളിൽ 80 ശതമാനത്തിലും വിൻഡോസ് സിസ്റ്റമാണ്.

ബ്ലൂ സ്ക്രീൻ ഒഫ് ഡെത്ത് എന്ന എറർ ആണ് കമ്പ്യൂട്ടറുകളെ നിശ്ചലമാക്കിയത്. സ്ക്രീൻ നീലനിറത്തിലായി പൊടുന്നനെ ഷട്ട് ഡൗൺ ആവും. പിന്നെ റീസ്റ്റാർട്ട് ആവും. ഇത് ആവർത്തിക്കും.

ക്രൗഡ്‌സ്ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ അപ്‌ഡേറ്റിലെ തകരാറാണ് കുഴപ്പമുണ്ടാക്കിയത്. ഹാക്കിംഗ് ഉൾപ്പെടെ തടയുന്ന എൻഡ് പോയിന്റ് ഡിറ്റക്‌ഷൻ ആൻഡ് റെസ്പോൺസ് (EDR) സോഫ്റ്റ്‌വെയർ ആണ് ഫാൽക്കൺ. സൈബർ സുരക്ഷിതത്വത്തിന് ഉപയോഗിക്കുന്ന ഫാൽക്കണിൽ തകരാറുണ്ടെങ്കിൽ കമ്പ്യൂട്ടറും തകരാറിലാവും. ഫാൽക്കണിലെ വൈറസ് സാന്നിദ്ധ്യമാവാം കാരണമെന്ന് റിപ്പോർട്ടുണ്ട്.

കൂട്ടക്കുഴപ്പം

ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി. ഓൺലൈൻ ബുക്കിംഗ്, ചെക്ക് ഇൻ, ബോ‌ർഡിംഗ് പാസ് സേവനങ്ങൾ സ്തംഭിച്ചു. ചെക്കിൻ കൗണ്ടറുകളിൽ ക്യൂ നീണ്ടു. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ,​ ടെലികോം കമ്പനികൾ, ടിവി, റേഡിയോ നിലയങ്ങൾ, സൂപ്പർ മാർക്കറ്റുകൾ,​ ആശുപത്രികൾ, സമൂഹമാദ്ധ്യമ കമ്പനികൾ, ഐ.ടി, മെട്രോ റെയിൽ,​ ഓഹരി വിപണി മേഖലകളെല്ലാം പ്രതിസന്ധിയിലായി. ശസ്‌ത്രക്രിയകൾ മുടങ്ങി. സ്ഥാപനങ്ങളുടെ സൈറ്റുകളും ആപ്പുകളും നിശ്ചലമായി. ബാങ്ക് സെർവറുകൾ തകർന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിശ്ചലമായി. വാർത്താ ഏജൻസികൾക്കും ബുദ്ധിമുട്ടുകൾ നേരിട്ടു. മാഞ്ചസ്റ്റർ ഫുട്ബാൾ ക്ലബിന്റെ വെബ്സൈറ്റ് തകർന്നു.

ഇന്ത്യയിലും വിമാനം

കൂട്ടത്തോടെ മുടങ്ങി

ഇൻഡിഗോ 300 സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ,​ സ്പൈസ് ജെറ്റ്,​ആകാശ് എയർ, ഇൻഡിഗോ,​ വിസ്താര എയർലൈനുകളിലും സേവനങ്ങൾ മാന്വലായി. ബോർഡിംഗ് പാസുകൾ എഴുതിയാണ് നൽകിയത്. ഡൽഹി,​ മുംബയ്,​ ചെന്നൈ,​ ഹൈദരാബാദ്,​ ബംഗളൂരു വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി.

പരിഹാരം നീളും

തകർന്ന കമ്പ്യൂട്ടറുകൾ മാന്വലായി നന്നാക്കണം. വൻകിട സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകൾ ശരിയാക്കാൻ ആഴ്ചകളെടുക്കും. കമ്പ്യൂട്ടറുകൾ തുടർച്ചയായി റീകണക്ട് ചെയ്യാൻ ശ്രമിച്ചതിന്റെ സമ്മർദ്ദം മൈക്രോസോഫ്റ്റിന്റെ മാനേജ്മെന്റ് സിസ്റ്റത്തിലും പിഴവുകളുണ്ടാക്കി.

Advertisement
Advertisement