നാടിന്റെ ഗന്ധം കൊതിച്ച് ഗാനഗന്ധർവ്വൻ              

Saturday 20 July 2024 4:04 AM IST

 ഉടനെ നാട്ടിലെത്തും

വാഷിംഗ്ടൺ : നാട്ടിൽ വന്നിട്ട് നാലു വർഷം കഴിഞ്ഞു. ആഗ്രഹമില്ലാഞ്ഞിട്ടല്ല. കൊവിഡാണ് ആദ്യം തടസമായത്. രണ്ട് വർഷത്തിലധികം കൊവിഡ് കൊണ്ടുപോയി. പിന്നീട് ഓരോ കാരണങ്ങൾ. നാടിന്റെ ഗന്ധം.... അല്ല സുഗന്ധം... നുകരാൻ കൊതിയാകുന്നു.

മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് ഇവിടെ ഡാളസിലെ വീട്ടിലിരുന്ന് കേരളകൗമുദിയോട് പറഞ്ഞു.

ഈ മാസം അവസാനം അല്ലെങ്കിൽ ആഗസ്റ്റ് ആദ്യം തന്നെ നാട്ടിലെത്താനാണ് ആലോചിക്കുന്നത്. പലവട്ടം ഒരുങ്ങിയതാണ്. ഇക്കുറി എല്ലാം ശോഭനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൺപതാം പിറന്നാൾ വേളയിൽ നാട്ടിൽ ഉണ്ടാകാൻ കഴിഞ്ഞില്ല. ഞാനും പ്രഭയും വന്നില്ലെങ്കിലും മലയാളികൾ എല്ലാം ഗംഭീരമാക്കി. ആ സ്നേഹവായ്പ് നൽകിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. നാട്ടിൽ വരുമ്പോൾ, എല്ലാം ഒത്തുവന്നാൽ പുതിയ പാട്ടും പാടണമെന്നാണ് വിചാരം. നാട്ടിൽ അടുപ്പമുള്ളവരെല്ലാം വരാനായി വിളിക്കുന്നുണ്ട്. സ്വരലയ ഗന്ധർവ്വ സന്ധ്യ പ്ലാൻ ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ, എല്ലാം സർവേശ്വരന്റെ അനുഗ്രഹം പോലെ നടക്കുമെന്നായിരുന്നു മറുപടി. നാട്ടിലെ വിവരങ്ങളെല്ലാം അറിയുന്നുണ്ട്. ഇവിടെയാണെങ്കിലും മനസ്‌ കേരളത്തിൽ തന്നെയാണ് - യേശുദാസ് പറഞ്ഞു.

Advertisement
Advertisement