മുഖ്യമന്ത്രിയായിരിക്കണം യൂണിവേഴ്സിറ്റി ചാൻസലർ; ഭഗവന്ത് മൻ

Saturday 20 July 2024 12:01 AM IST

ഛണ്ഡിഗർ: പഞ്ചാബിൽ വീണ്ടും രൂക്ഷമായി സർക്കാർ- ഗവർണർ പോര്. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ മുഖ്യമന്ത്രിയായിരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ ഗവർണർ ബൻവാരിലാൽ പുരോഹിതിനെ ലക്ഷ്യമിട്ട് പറഞ്ഞു. പഞ്ചാബ് സർവകലാശാല നിയമഭേദഗതി ബിൽ രാഷ്ട്രപതി തിരിച്ചയച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമർശം. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി മുഖ്യമന്ത്രിയെ നിയമിക്കാൻ ലക്ഷ്യമിട്ടാണ് ബിൽ അവതരിപ്പിച്ചത്. എന്നാൽ, ഇത് രാഷ്ട്രപതി തിരിച്ചയച്ച പശ്ചാത്തലത്തിൽ യോഗം ചേർന്ന് തീരുമാനമെടുക്കമെന്നും മൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയെ ചാൻസലറാക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലുകൾ കേരളം,​ ബംഗാൾ സർക്കാരുകൾ കൊണ്ടുവന്നിട്ടുണ്ടെന്ന് മൻ ചൂണ്ടിക്കാട്ടി. ജനാധിപത്യംവഴി തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം. അല്ലാതെ, മറ്റ് രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കരുത് ചാൻസലർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബ് സർവകലാശാല നിയമഭേദഗതി,​ സിഖ് ഗുരുദ്വാരകൾ (ഭേദഗതി) ബിൽ, 2023, പഞ്ചാബ് പൊലീസ് (ഭേദഗതി) ബില്ലുകൾ സുപ്രീംകോടതി വിധിയെത്തുടർന്നാണ് കഴിഞ്ഞ ഡിസംബറിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ അയയ്ക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളുടെ അംഗീകാരം ഗവർണർ പുരോഹിത് തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാണിച്ച് മൻ സർക്കാർ നൽകിയ ഹർജികളിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

Advertisement
Advertisement