ബഡ്‌ജറ്റ് സമ്മേളനത്തിൽ പുതിയ ആറ് ബില്ലുകൾ

Saturday 20 July 2024 12:04 AM IST

ന്യൂഡൽഹി: വ്യോമയാന മേഖലയിലെ വ്യവസായവും നിർമ്മാണവും എളുപ്പമാക്കാനുള്ള എയർക്രാഫ്റ്റ് നിയമ ഭേദഗതി അടക്കം ആറ് പുതിയ ബില്ലുകൾ ജൂലായ് 22ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ജനുവരി 23നാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌‌ജറ്റ്.

നിലവിലുള്ള നിയമത്തിലെ അവ്യക്തതകൾ പരിഹരിച്ച് 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയെ പിന്തുണയ്ക്കുന്ന തരത്തിൽ വ്യോമയാന മേഖലയിലെ ബിസിനസ് എളുപ്പമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് 1934-ലെ എയർക്രാഫ്റ്റ് നിയമം ഭേദഗതി ചെയ്യുന്ന ഭാരതീയ വായുയാൻ വിധേയക് 2024ബില്ലിൽ ഉണ്ടാകുക. അന്താരാഷ്‌ട്ര ചട്ടങ്ങൾക്ക് അനുസൃതമായ വ്യവസ്ഥകളും ഉൾപ്പെടുത്തും.


ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രവർത്തനത്തിൽ വ്യക്തതയും ഏകോപനം ലക്ഷ്യമിട്ടുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഭേദഗതി) ബില്ലാണ് മറ്റൊന്ന്. ബോയിലറുകളുമായി ബന്ധപ്പെട്ട് പഴയ ചട്ടങ്ങളിൽ മാറ്റം വരുത്തുന്ന ബോയിലേഴ്സ് ബിൽ, ഇന്ത്യൻ കാപ്പി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും കോഫി ബോർഡിന്റെ പ്രവർത്തനത്തെ സഹായിക്കുന്നതിനുമായി കോഫി (പ്രമോഷൻ ആൻഡ് ഡെവലപ്‌മെന്റ്) ബിൽ, റബ്ബർ വ്യവസായത്തിന്റെ പ്രോത്സാഹനത്തിനും റബ്ബർ ബോർഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ബില്ലും ഉണ്ടാകും. ചൊവ്വാഴ്ച അവതരിപ്പിക്കുന്ന 2024-25 ബഡ്‌ജറ്റിന്റെ ഭാഗമായ ധനകാര്യ ബില്ലാണ് മറ്റൊന്ന്.

Advertisement
Advertisement