ബിൽക്കിസ് ബാനു കേസ്: കുറ്റവാളികൾക്ക് ജാമ്യമില്ല

Saturday 20 July 2024 12:07 AM IST

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന രണ്ട് കുറ്റവാളികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി എങ്ങനെ നിലനിൽക്കുമെന്ന് ജസ്റ്രിസുമാരായ സഞ്ജീവ് ഖന്നയും പി.വി. സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ച് ചോദിച്ചു.

തെറ്രിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള ഹർജിയാണിതെന്നും വ്യക്തമാക്കി. ഇത്തരം ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന് കോടതി നിലപാട് കടുപ്പിച്ചതോടെ ഇടക്കാല ജാമ്യം വേണമെന്ന ഹ‌ർജി കുറ്റവാളികളായ രാധേശ്യാം ഭഗവാൻദാസ് ഷായും രാജുഭായ് ബാബുലാൽ സോണിയും പിൻവലിച്ചു.

11 കുറ്റവാളികളെയും ശിക്ഷായിളവ് നൽകി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി രൂക്ഷമായ വിമർശനത്തോടെ കഴിഞ്ഞ ജനുവരി എട്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഗുജറാത്ത് സർക്കാരും കുറ്റവാളികളും സമർപ്പിച്ച പുനഃപരിശോധനാഹർജികൾ കോടതിയുടെ പരിഗണനയിലാണ്. ശിക്ഷായിളവിൽ കോടതിയിൽ നിന്ന് അന്തിമ തീരുമാനമാകുന്നതു വരെ ജാമ്യം വേണമെന്നായിരുന്നു കുറ്റവാളികളുടെ ആവശ്യം. 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടമാനഭംഗത്തിനിരയാക്കുകയും മൂന്നര വയസുള്ള കുഞ്ഞിനെ അടക്കം 14 പേരെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ ജീവപര്യന്തം കഠിനതടവാണ് കുറ്റവാളികൾക്ക് വിധിച്ചത്.

Advertisement
Advertisement