ചാരക്കേസ്: യു.എസ് മാദ്ധ്യമ പ്രവർത്തകന് റഷ്യയിൽ 16 വർഷം തടവ്
മോസ്കോ: റഷ്യയിൽ ചാരവൃത്തി ആരോപിക്കപ്പെട്ട് യു.എസ് മാദ്ധ്യമപ്രവർത്തകന് 16 വർഷം തടവ്. ദ വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടറായ ഇവാൻ ഗെർഷ്‌കോവിചിനെയാണ് (32) ശിക്ഷിച്ചത്. ഇവാന് അപ്പീൽ നൽകാൻ 15 ദിവസത്തെ സമയമുണ്ട്. റഷ്യൻ നടപടിയെ യു.എസ് അപലപിച്ചു.
ശീതയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു യു.എസ് മാദ്ധ്യമപ്രവർത്തകനെ ചാരവൃത്തി ആരോപിച്ച് റഷ്യ തടവിലാക്കുന്നത്. നേരത്തെ റഷ്യയിൽ തന്നെ എ.എഫ്.പിയിലും മോസ്കോ ടൈംസിലും ഇവാൻ ജോലി ചെയ്തിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ മോസ്കോയിൽ നിന്ന് 1,800 കിലോമീറ്റർ അകലെ കിഴക്കുള്ള യെകറ്റെറിൻബർഗിൽ നിന്ന് റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) ആണ് ഇവാനെ അറസ്റ്റ് ചെയ്തത്.
ചാരവൃത്തി നടത്തുന്നതിനിടെ ഇവാനെ കയ്യോടെ പിടികൂടിയെന്നാണ് റഷ്യ പ്രതികരിച്ചത്. യു.എസിൽ നിന്നുള്ള നിർദ്ദേശാനുസൃതം ഇവാൻ റഷ്യയുടെ സൈനിക നീക്കങ്ങൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്നും ഒരു റഷ്യൻ പ്രതിരോധ സംരംഭത്തിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കൈക്കലാക്കിയെന്നും എഫ്.എസ്.ബി പറയുന്നു.
ആരോപണങ്ങൾ ഇവാനും വാൾസ്ട്രീറ്റ് ജേണലും യു.എസ് ഭരണകൂടവും നിഷേധിച്ചിരുന്നു. യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ പല വിദേശ മാദ്ധ്യമ പ്രവർത്തകരെയും റഷ്യ ' വിദേശ ഏജന്റുകൾ" എന്ന് മുദ്രകുത്തിയിരുന്നു. പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമ പ്രവർത്തകർക്ക് ഉപരോധവുമേർപ്പെടുത്തി.