അമേരിക്കൻ ശതകോടീശ്വരൻ ജെയിംസ് ക്ലൈൻ ആത്മഹത്യ ചെയ്തു
ന്യൂയോർക്ക്: യു.എസിലെ പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ ജെയിംസ് മൈക്കൽ ക്ലൈൻ (64) ഹോട്ടലിന്റെ ഇരുപതാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 10.19ന് മാൻഹട്ടണിലെ കിംബർലി ഹോട്ടലിലായിരുന്നു സംഭവം. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. യു.എസിൽ സിനിമ ടിക്കറ്റുകളുടെ വിൽപ്പന നടത്തുന്ന ഫാൻഡാൻഗോ മീഡിയ കമ്പനിയുടെ സ്ഥാപകനാണ് ജെയിംസ്. 2000ത്തിൽ സ്ഥാപിച്ച കമ്പനിയെ 2016ൽ എൻ.ബി.സി യൂണിവേഴ്‌സലും വാർണർ ബ്രദേഴ്‌സും ഏറ്റെടുത്തിരുന്നു. ഫാൻഡാൻഗോയിൽ ജെയിംസ് നിക്ഷേപം നടത്തിയിരുന്നു. മറ്റ് നിരവധി സംരംഭങ്ങൾക്കും ടെക് കമ്പനികൾക്കും അദ്ദേഹം തുടക്കം കുറിച്ചു.
കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഹാർവഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എം.ബി.എ സ്വന്തമാക്കിയിരുന്നു. മൃഗസംരക്ഷണ പ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം നാഷണൽ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ഫൗണ്ടേഷന്റെ മുൻ ചെയർമാനാണ്. പമേലയാണ് ഭാര്യ. 6 മക്കളുണ്ട്. 2020ൽ ഫ്ലോറിഡയിൽ ജെയിംസ് 2 കോടിയിലധികം ഡോളർ വിലമതിക്കുന്ന ആഡംബര വസതി സ്വന്തമാക്കിയത് വാർത്തയായിരുന്നു.