ബൈഡന്റെ പിന്മാറ്റം, അഭ്യൂഹങ്ങൾ ശക്തം
വാഷിംഗ്ടൺ: അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. പിന്മാറുമെന്ന സൂചന അടുപ്പമുള്ളവരോട് പങ്കുവച്ചതായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കാമെന്നും അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബൈഡൻ തന്റെ സാദ്ധ്യതകളെ കുറിച്ച് ഡെമോക്രാറ്റിക് പാർട്ടിയിലെ അടുപ്പക്കാരോട് ചർച്ച ചെയ്തിരുന്നു. കൊവിഡ് കാരണം വിശ്രമിക്കുന്ന ബൈഡൻ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്ന് ഡോക്ടർ പറഞ്ഞാൽ മത്സരത്തിൽ തുടരാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ബൈഡൻ ഒരു ടെലിവിഷൻ അഭിമുഖത്തിലും വ്യക്തമാക്കി. മുൻ പ്രസിഡന്റ് ഒബാമ, ബൈഡന്റെ സ്ഥാനാർത്ഥിത്വം ജയസാദ്ധ്യത ഇല്ലാതാക്കുമെന്ന് പാർട്ടി വൃത്തങ്ങൾക്കുള്ളിൽ സംസാരിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കുന്നതിനോട് ബൈഡന് യോജിപ്പില്ല. എന്നാൽ വൈസ് പ്രസിഡന്റ് എന്ന നിലയിൽ കമല മത്സരിക്കുന്നത് നല്ലതാണെന്ന വാദവുമുണ്ട്. കൊവിഡ് ഭേദപ്പെട്ടാൽ ഉടൻ ബൈഡൻ നിലപാട് വ്യക്തമാക്കും എന്നാണ് നിരീക്ഷകർ കരുതുന്നത്.
'ദൈവം എന്റെ കൂടെ"
വധശ്രമത്തെ അതിജീവിച്ച മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള ജനപ്രീതി കുതിക്കുകയാണ്. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിച്ച അദ്ദേഹം വോട്ടർമാരെ അഭിസംബോധന ചെയ്തു. പ്രസംഗം ഒരു മണിക്കൂർ 32 മിനിറ്റ് നീണ്ടു. 'ദൈവം എന്റെ കൂടെയുണ്ട്. സർവശക്തനായ ദൈവത്തിന്റെ കൃപയാൽ മാത്രമാണ് ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്"- പാർട്ടിയുടെ നാഷണൽ കൺവെൻഷൻ വേദിയിൽ അദ്ദേഹം പറഞ്ഞു.
പ്രചാരണവേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന ഭാര്യ മെലാനിയ അടക്കം ട്രംപിന്റെ കുടുംബാംഗങ്ങളെല്ലാം വേദിയിൽ എത്തി. വലതുചെവിയിൽ വെള്ള ബാൻഡേജുകൾ ധരിച്ചെത്തി അണികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ ഞായറാഴ്ച പെൻസിൽവേനിയയിലെ റാലിക്കിടെ ട്രംപിന്റെ വലതുചെവിക്കാണ് വെടിയേറ്റത്. യു.എഫ്.സി മാർഷൽ ആർട്സ് നെറ്റ്‌വർക്ക് സി.ഇ.ഒ ഡാന വൈറ്റ്, മുൻ പ്രൊഫഷണൽ റസ്‌ലിംഗ് താരം ഹൾക്ക് ഹോഗൻ തുടങ്ങിയവരുമെത്തി.
തനിക്ക് നേരെയുണ്ടായ വധശ്രമത്തിനിടെ അക്രമിയുടെ വെടിയേറ്റ് മരിച്ച മുൻ അഗ്നിരക്ഷാ സേനാംഗം കോറി കോംപററ്റോറിന്റെ യൂണിഫോം വേദിയിലെത്തിച്ച് ആദരമർപ്പിച്ചു. കോറിയുടെ ഹെൽമെറ്റിൽ ചുംബിച്ച ട്രംപ് അദ്ദേഹത്തിനായി ഒരു നിമിഷത്തെ മൗനാചരണം നടത്താൻ സദസിനോട് ആവശ്യപ്പെടുകയും ചെയ്തു.