നായകനാക്കാൻ തീരുമാനിച്ചത് മാധവനെ, മോഹൻലാൽ ആഗ്രഹം പ്രകടിപ്പിച്ചതോടെ ദേവദൂതനിൽ മാറ്റങ്ങൾ വരുത്തി

Saturday 20 July 2024 9:32 AM IST

മലയാളികൾക്ക് സിനിമയുടെ പുതിയ ഗതി സമ്മാനിച്ച ചിത്രമാണ് സിബിമലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. 2000ൽ തീയേറ്ററുകളിൽ എത്തിയ ചിത്രം വേണ്ടത്ര വിജയം നേടിയില്ലെങ്കിലും 24 വർഷങ്ങൾ പിന്നിടുമ്പോൾ സോഷ്യൽമീഡിയയിലൂടെ ഇന്നത്തെ തലമുറ ദേവദൂതനെ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ദേവദൂതൻ റിലീസിനായി ഒരുങ്ങുകയാണ്. ഈ മാസം 26നാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ പോകുന്നത്.

ചിത്രത്തിന്റെ റീറിലീസിനോടനുബന്ധിച്ച് ദേവദൂതനിലെ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സിബിമലയിൽ. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലേതാണ് വെളിപ്പെടുത്തൽ. 'ദേവദൂതൻ എന്ന സിനിമയുടെ കഥ മനസിൽ രൂപപ്പെട്ടപ്പോൾ അത് എഴുതാനായി ഞങ്ങൾ ആദ്യം സമീപിച്ചത് പത്മരാജൻ സാറിന്റെയടുത്തായിരുന്നു. എന്നാൽ തിരക്കുകൾ കാരണം പത്മരാജൻ സാറിന് അത് ചെയ്യാൻ സാധിക്കാതെ വന്നു. ഇത് എന്റെ ആദ്യസിനിമയ്ക്കായി രൂപപ്പെടുത്തിയ കഥ കൂടിയായിരുന്നു. അന്ന് ഒരു വർഷത്തോളം സമയമെടുത്താണ് കഥയെഴുതി പൂർത്തീകരിച്ചത്. ചില കാരണങ്ങൾകൊണ്ട് അന്ന് അത് സിനിമയായി മാറിയില്ല.

2000ലാണ് ദേവദൂതൻ ചെയ്യാനുളള ഭാഗ്യമുണ്ടായത്. അന്ന് എഴുതിവച്ച തിരക്കഥയിൽ നായകാനാക്കാൻ തീരുമാനിച്ചത് ഒരു ചെറുപ്പക്കാരനെയായിരുന്നു. അതിനിടയിലാണ് മോഹൻലാൽ ഈ പ്രോജക്ടിലേക്ക് കടന്നുവന്നത്. അദ്ദേഹം എത്തിയതോടെ തിരക്കഥ ഒന്നുകൂടി മാ​റ്റി എഴുതേണ്ടി വന്നു. ഇന്നത്തെ തലമുറ ദേവദൂതൻ വീണ്ടും തീയേ​റ്ററിലൂടെ കാണാൻ ആഗ്രഹിക്കുന്നവെന്ന തിരിച്ചറിവുണ്ടായതിനെ തുടർന്നാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ പോകുന്നത്.

ദേവദൂതനിലൂടെ പ്രണയകഥ പറയാനാണ് ഉദ്ദേശിച്ചത്. ആദ്യം തിരക്കഥ ഒരുക്കിയപ്പോൾ നിഖിൽ മഹേശ്വറിന്റെയും അലീനയുടെയും വേഷങ്ങൾ ചെയ്യാൻ മനസിൽ ഞാൻ കണ്ടത് നസ്രുദ്ദീൻ ഷായെയും മാധവിയെയുമായിരുന്നു. പക്ഷെ അത് നടന്നില്ല. ഒരു പുതുമുഖത്തെ ചിത്രത്തിലേക്ക് കൊണ്ടുവരണമെന്നുണ്ടായിരുന്നു. അതിനായി തമിഴ് നടൻ മാധവനെ സമീപിച്ചിരുന്നു. പക്ഷെ അന്ന് അദ്ദേഹവും മറ്റൊരു പ്രോജക്ടുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. അതിനിടെ മോഹൻലാൽ കഥ കേൾക്കുകയും സിനിമ ചെയ്യാൻ താൽപര്യം പ്രകടിപ്പിക്കുകയുമായിരുന്നു. സിനിമയുടെ പോസ്​റ്റ്‌പ്രൊഡക്ഷൻ നടക്കുമ്പോഴാണ് ദേവദൂതൻ എന്ന പേരിടാമെന്ന് തീരുമാനിച്ചത്'- സിബിമലയിൽ പറഞ്ഞു.

Advertisement
Advertisement