മരത്തിന് മുകളിൽ പന്ത്രണ്ട് അടി നീളമുള്ള രാജവെമ്പാല; പടുകൂറ്റൻ പാമ്പിനെ പിടികൂടിയത് അതിസാഹസികമായി, വീഡിയോ

Saturday 20 July 2024 9:59 AM IST

പാമ്പ് പിടിക്കുന്നവരുടെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിൽ മിക്കതും നമ്മളെ അത്ഭുതപ്പെടുത്താറുമുണ്ട്. പലപ്പോഴും ജീവൻ പണയംവച്ചാണ് പല പാമ്പ് പിടുത്ത വിദഗ്ദരും ഇവയെ പിടികൂടുന്നത്.

കർണാടകയിലെ അഗുംബെയിൽ നിന്ന് പാമ്പിനെ പിടികൂടുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വെറും പാമ്പ് അല്ല, പന്ത്രണ്ട് അടി നീളമുള്ള രാജവെമ്പാലയെയാണ് പിടികൂടി കാട്ടിൽ വിട്ടത്. വിഷപ്പാമ്പുകളിൽ വെച്ച് ഏറ്റവും നീളം കൂടിയതാണ് രാജവെമ്പാല.

അഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷനിലെ (എ ആർ ആർ എസ്) ഫീൽഡ് ഡയറക്ടർ അജയ് ഗിരിയാണ് പാമ്പിനെ പിടികൂടിയത്. ഇതിന്റെ വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ പിന്നീട് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ പങ്കുവച്ചിരുന്നു.


പ്രദേശവാസികൾ റോഡിലാണ് രാജവെമ്പാലയെ ആദ്യം കണ്ടത്. പിന്നീട് പാമ്പ് ഒരു വീട്ടുവളപ്പിൽ പ്രവേശിച്ചു. പാമ്പിനെ കണ്ട വീട്ടുടമ വനംവകുപ്പിനെയും എ ആർ ആർ എസ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരെത്തുമ്പോൾ പാമ്പ് മരത്തിൽ കയറി. അജയ് ഒരു വടി ഉപയോഗിച്ച് പാമ്പിനെ ശ്രദ്ധാപൂർവ്വം മരത്തിൽ നിന്ന് താഴെയിറക്കി. തുടർന്ന് നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ രാജവെമ്പാലയെ പിടികൂടി സഞ്ചിയിലാക്കുകയും കാട്ടിലേക്ക് തുറന്നുവിടുകയുമായിരുന്നു. അതിസാഹസികമായിട്ടാണ് രാജവെമ്പാലയെ പിടികൂടിയത്.

Advertisement
Advertisement