വിൻഡോസ് തകരാറിൽ മുട്ടുമടക്കാത്ത ഇന്ത്യൻ റെയിൽവെ; ഒറ്റ സർവീസ് പോലും സ്‌തംഭിച്ചില്ല, കാരണം

Saturday 20 July 2024 10:57 AM IST

ചെന്നൈ: കഴിഞ്ഞ ദിവസം നിരവധി രാജ്യങ്ങളിൽ കോടിക്കണക്കിന് കമ്പ്യൂട്ടറുകൾ പണിമുടക്കിയതോടെ ലോകം ആകെ സ്തംഭിച്ചു. വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിലായതോടെ കമ്പ്യൂട്ടറുകൾ ബൂട്ട് ചെയ്യാതെ ഷട്ട് ഡൗൺ- റിസ്റ്റാർട്ട് മോഡിലാവുകയായിരുന്നു. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസീലാൻഡ്, സ്‌പെയിൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ തകരാറ് ബാധിച്ചു.

ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3.26നാണ് തകരാർ തുടങ്ങിയത്. പിന്നീട് ലോകമെമ്പാടും വ്യാപിച്ചു. ലോകത്തെ കമ്പ്യൂട്ടറുകളിൽ 80 ശതമാനത്തിലും വിൻഡോസ് സിസ്റ്റമാണ്. തകരാർ ഭീകരമായതോടെ ലോകത്തെ വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന പല വിമാനങ്ങളും റദ്ദാക്കി. ഓൺലൈൻ ബുക്കിംഗ്, ചെക്ക് ഇൻ, ബോർഡിംഗ് പാസ് സേവനങ്ങൾ സ്തംഭിച്ചു. ചെക്കിൻ കൗണ്ടറുകളിൽ ക്യൂ നീണ്ടു.

സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, ടെലികോം കമ്പനികൾ, ടിവി, റേഡിയോ നിലയങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, ആശുപത്രികൾ, സമൂഹമാദ്ധ്യമ കമ്പനികൾ, ഐ.ടി, മെട്രോ റെയിൽ, ഓഹരി വിപണി മേഖലകളെല്ലാം പ്രതിസന്ധിയിലായി. എന്നാൽ ലോകം മുഴുവൻ പ്രതിസന്ധിയിലായപ്പോഴും ഇന്ത്യൻ റെയിൽവെയെ ഈ പ്രശ്നങ്ങൾ ഒന്നും തന്നെ ബാധിച്ചില്ല. ഒറ്റ ട്രെയിൻ സർവീസ് പോലും ഈ പ്രശ്നം കാരണം മുടങ്ങിയില്ല. എന്തുകൊണ്ടാവാം മൈക്രോസോഫ്റ്റ് തകരാർ ഇന്ത്യൻ റെയിൽവെ ബാധിക്കാതിരുന്നത്?

മൈക്രോസോഫ്റ്റ് തകരാർ ഇന്ത്യൻ റെയിൽവെ ബാധിച്ചിട്ടില്ലെന്നാണ് മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നത്. ലോക്കൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് കഴിഞ്ഞ ദിവസം ഒരു തടസവും നേരിട്ടിട്ടില്ല. റെയിൽവെയുടെ ഇങ്ങനെയുള്ള എല്ലാ സേവനങ്ങളും 1999ൽ വികസിപ്പിച്ച സിആർഐഎസ് പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന്റെ സഹായത്തോടെയാണ് നടക്കുന്നത്. ഇയർ 2000 പ്രോബ്ലം നടന്ന സമയത്താണ് റെയിൽവെ ഈ സംവിധാനം വികസിപ്പിച്ചത്.

അന്ന് രണ്ടായിരാമാണ്ടിനു മുൻപ് നിർമ്മിച്ച പഴയ കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ ഉള്ള ഒരു പ്രശ്നമായിരിന്നു (ബഗ്ഗ്) ഇയർ 2000 പ്രോബ്ലം. ഈ പ്രശ്നത്തെ വൈ ടു കെ പ്രോബ്ലം (Y 2 K) എന്നും പറഞ്ഞിരുന്നു. റെയിൽവെയുടെ ഈ സംവിധാനം കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ഈ സംവിധാനം കാരണമാണ് മൈക്രോ സോഫ്റ്റ് തകരാർ റെയിൽവെ സേവനങ്ങളെ ബാധിക്കാതിരുന്നത്.