'പിള്ളേച്ചൻ ആകേണ്ടിയിരുന്നത് ജഗതിയല്ലായിരുന്നു, മീശമാധവനും പറക്കുംതളികയും ശ്രദ്ധിച്ച് കണ്ടാൽ ഒരു കാര്യം മനസിലാകും'

Saturday 20 July 2024 12:50 PM IST

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച മീശമാധവൻ സിനിമയിലെ കൃഷ്ണ വിലാസം ഭഗീരഥൻ പിളളയെ മലയാളികൾക്ക് പെട്ടന്നൊന്നും മറക്കാൻ സാധിക്കില്ല. മീശമാധവനിലെ പുത്തൻപണക്കാരനായ ഭഗീരഥൻ പിളളയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ജഗതി ശ്രീകുമാറായിരുന്നു. പിള്ളേച്ചൻ എന്നാണ് ചിത്രത്തിലുടനീളം ഭഗീരഥൻ പിളള അറിയപ്പെട്ടിരുന്നത്. ഇപ്പോഴിതാ ജഗതി ശ്രീകുമാർ ഗംഭീരമാക്കിയ കഥാപാത്രത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് മീശമാധവന്റെ തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ്.

'മീശമാധവനിൽ അഭിനയിക്കേണ്ട എല്ലാ താരങ്ങളെയും മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഈ സിനിമ ആദ്യമായി പ്രൊപ്പോസ് ചെയ്ത സമയത്ത് അതിന് മീശമാധവൻ എന്ന് പേരിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ അന്ന് വിതരണത്തിന് എടുക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല. കാരണം ഞാനും സംവിധായകൻ ലാൽജോസും ചേർന്ന് രണ്ടാംഭാവം എന്ന സിനിമ ചെയ്ത് പരാജയപ്പെട്ട് നിൽക്കുന്ന സമയമായിരുന്നു അത്.

പിള്ളേച്ചന്റെ കഥാപാത്രം ചെയ്യാൻ ആദ്യം തിരഞ്ഞെടുത്തത് നെടുമുടി വേണു ചേട്ടനെയായിരുന്നു. പക്ഷെ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലെ നെടുമുടി വേണു ചേട്ടന്റെ കഥാപാത്രത്തിന്റെ ആവർത്തനമാകുമോ ഇതെന്ന സംശയത്തിലാണ് വേഷം ജഗതി ചേട്ടൻ ചെയ്തത്.

ആ സമയത്താണ് പറക്കുംതളിക എന്ന ചിത്രം ചെയ്ത നിർമാതാക്കൾ ഞങ്ങളോട് സഹകരിച്ചത്. അവർ ഞങ്ങൾക്ക് മുന്നിൽ ഒരു ആവശ്യം മുന്നോട്ടുവച്ചു. പറക്കുംതളികയിൽ ഉണ്ടായിരുന്ന എല്ലാവരും മീശമാധവനിലും വേണമെന്നായിരുന്നു. എല്ലാവർക്കും നല്ല കഥാപാത്രങ്ങളും ഉണ്ടാവണമെന്നും അവർ ആവശ്യപ്പെട്ടു. മീശമാധവൻ ശ്രദ്ധിച്ചാൽ അത് മനസിലാകും. സത്യത്തിൽ ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ചവർ തന്നെയായിരുന്നു അവർ'- രഞ്ജൻ പ്രമോദ് പറഞ്ഞു.

Advertisement
Advertisement