ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു നാട്ടിൽ വ്യാധി, എങ്ങും ആധി
കോട്ടയം: ജില്ല പനിക്കിടക്കയിലാണ്. മഴയെത്തിയതോടെ ഡെങ്കിപ്പനിയാണ് വ്യാപകമാകുന്നത്. ജില്ലയിൽ പല സ്ഥലങ്ങളിലും ഡെങ്കിപ്പനി പടരുന്ന സാഹചര്യവുമുണ്ടായി. ഡെങ്കിപ്പനി ബാധിച്ച് ജില്ലയിൽ നാലു പേർക്കാണ് ജീവൻ നഷ്ടമായത്. മഴയെ തുടർന്ന് മേഖലയിലാകെ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി വ്യാപകമാകാൻ കാരണം. ജില്ലയിൽ വ്യാഴാഴ്ച വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 267 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 1174 പേർ രോഗലക്ഷണത്തോടെ ചികിത്സയിലാണ്. അതേസമയം സാധാരണ വൈറൽ പനി 553 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചെങ്കിലും രോഗവ്യാപനത്തിൽ കുറവില്ല.
പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതം
ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി. രോഗം പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ വാർഡ് കൗൺസിലർമാരുടെ സഹായത്തോടെ ആരോഗ്യവകുപ്പ് അധികൃതർ സ്വീകരിച്ചു. ഫോഗിംഗ് ഉൾപ്പെടെ നടത്തുന്നുണ്ട്. ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ വാർഡുകളിൽ മാലിന്യം നീക്കുന്ന ജോലികളും ശക്തമാക്കി.
രോഗബാധിതർ ഏറെയും ഇവിടെ
ഞീഴൂർ
മറവൻതുരുത്ത്
ഉദയനാപുരം
കൂരോപ്പട
തലയാഴം
ഭരണങ്ങാനം
കാണക്കാരി
വെളിയന്നൂർ
തൃക്കൊടിത്താനം
അയർക്കുന്നം
ഡെങ്കിപ്പനി കണക്ക്
ഇന്നലെ 2 ഒരാഴ്ച്ച:28 ഒരുമാസം: 60 ഒരു വർഷം: 267
പനി കണക്ക് ഇങ്ങനെ
ഇന്നലെ : 553 ഒരാഴ്ച: 2752 ഒരുമാസം: 87901 ഒരു വർഷം: 60567
രോഗലക്ഷണങ്ങൾ
തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടൽ, ഛർദ്ദി, ചെറിയ ചുമ, തൊണ്ടവേദന.
എങ്ങനെ പ്രതിരോധിക്കാം
വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഒഴിവാക്കണം. കിണറുകൾ ക്ലോറിനേറ്റ് ചെയ്യണം. രോഗം ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളിൽ കിടത്തണം. ധാരാളം പാനീയങ്ങൾ കുടിക്കണം.