അർജുനെ കണ്ടെത്താൻ ഷിരൂറിലേക്ക് ഓടിയെത്തി രഞ്ജിത്ത് ഇസ്രയേൽ, രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകും
അങ്കോള: കർണാടകയിൽ മലയിടിഞ്ഞുണ്ടായ ദുരന്തത്തിൽ മണ്ണിനടിയിലായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനത്തിനിറങ്ങി രഞ്ജിത്ത് ഇസ്രയേൽ. ഉത്തരാഖണ്ഡിൽ നടന്ന മേഘ വിസ്‌ഫോടനം, കേരളത്തെ നടുക്കിയ പ്രളയദുരന്തം, കവളപ്പാറ ഉരുൾപൊട്ടൽ, ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ, ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവൻ ടണൽ ദുരന്തം ഇവിടെയൊക്കെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സന്നദ്ധപ്രവർത്തകനാണ് രഞ്ജിത്ത് ഇസ്രയേൽ.
സ്വമേധയായാണ് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നതെന്ന് രഞ്ജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രി കെബി ഗണേഷ് കുമാർ ബന്ധപ്പെട്ടിട്ടുണ്ടെന്നും എൻഡിആർഎഫ് ഉദ്യോഗസ്ഥരുമായി ചേർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമെന്നും രഞ്ജിത്ത് പറഞ്ഞു. ട്രെക്കിനടുത്ത് എത്താനുള്ള ശ്രമമാണ് ആദ്യം നടത്തുന്നത്. അഞ്ച് ദിവസം കഴിഞ്ഞു, ആ ഗോൾഡൻ ടൈം അവർ ഉപയോഗിക്കാത്തത് കൊണ്ട് വളരെയധികം വിഷമമുണ്ട്. സ്ഥലം കണ്ടാൽ മാത്രമാണ് ഏത് തരം രക്ഷാപ്രവർത്തനമാണ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷത്തിനിടെയുണ്ടായ ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവർത്തകനായി ദുരന്ത പ്രതികരണസേനയ്‌ക്കൊപ്പം രഞ്ജിത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
ഗോവ- മംഗളൂരു ദേശീയ പാതയിൽ ഉത്തര കന്നഡ ജില്ലയിലെ അങ്കോല ഷിരൂർ മലഞ്ചെരുവിലാണ് കോഴിക്കോട് കക്കോടി കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനെ (30) ലോറിയടക്കം കാണാതായത്. അർജുൻ അടക്കം പത്തുപേരാണ് അത്യാഹിതത്തിൽപ്പെട്ടത്. എഴുപേരുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കർണാടകയിൽ നിന്ന് തടി കൊണ്ടുവരാൻ മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായാണ് അർജുൻ ഈ മാസം എട്ടിന് പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്.കഴിഞ്ഞ ദിവസം ജി.പി.എസ് സാന്നിദ്ധ്യം ദുരന്ത സ്ഥലത്താണെന്ന് ഭാരത് ബെൻസ് കമ്പനി ലോറി ഉടമയെ അറിയിച്ചതോടെതാണ് നാട്ടിൽ അറിഞ്ഞത്.