" ഈ സിനിമ നിരോധിക്കുമോയെന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്; കരിപ്പൂർ എന്ന പേര് മാറ്റുകയാണെങ്കിൽ സ്വർണപ്പൂർ എന്ന പേര് മാറ്റാൻ ഞാൻ റെഡി"

Saturday 20 July 2024 4:46 PM IST

തന്റെ പുതിയ ചിത്രമായ കേരള ലൈവിനെക്കുറിച്ച് തുറന്നുപറഞ്ഞ് സന്തോഷ് പണ്ഡിറ്റ്. തന്റെ പന്ത്രണ്ടാമത്തെ സിനിമയാണിതെന്നും ചിത്രം നിരോധിക്കുമോയെന്ന് പലരും ചോദിക്കുന്നുണ്ടെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

'പന്ത്രണ്ടാമത്തെ സിനിമ കേരള ലൈവ് ആണ്. വിവാദമാക്കാൻ വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല. സിനിമ നിരോധിക്കുമോയെന്നൊക്കെ എന്നോട് ചിലർ ചോദിക്കുന്നുണ്ട്. അഞ്ച് വർഷത്തിന് ശേഷം പ്രവാസികളെല്ലാം തിരിച്ചുവരുന്നു. ഇതാണ് സിനിമയുടെ തുടക്കം. നായകൻ വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ മോനേ നീ വന്നോ എന്ന് അച്ഛനമ്മമാർ ചോദിക്കുകയാണ്. പണി പോയി.

വൈള്ളമടി കാര്യങ്ങളൊന്നുമില്ല, പത്ത് വർഷം കിട്ടിയ പൈസയൊക്കെ കോപറേറ്റീവ് ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആക്കിയിട്ടുണ്ടെന്ന് കോൺഫിഡൻസോടെ പറയുകയാണ്. നാളെത്തന്നെ ഞാൻ പോയി പണമെടുക്കുന്നു. എംസിഎ ഒക്കെ കഴിഞ്ഞതാണ്. നല്ലൊരു ഷോപ്പുണ്ടാക്കുമെന്ന് പറയുന്നു.

അയാൾ ചെല്ലുമ്പോഴേക്ക്‌ കോപറേറ്റീവ് ബാങ്ക് പൊട്ടിയിട്ടുണ്ടാകും. എന്നാൽ പിന്നെ ഇനി ബിസിനസ് നടക്കില്ലെന്ന് പറഞ്ഞ് വേറെ പണിക്ക് പോകുന്നു. ഏത് പണിക്ക് പോയാലും മര്യാദയ്ക്ക് ശമ്പളം കിട്ടില്ല. മടുത്തുമടുത്ത് അവസാനം ഒരു ഓൺലൈൻ ചാനലുകാരൻ യോഗ്യതയൊന്നും പ്രശ്നമില്ല, ഏഴാം ക്ലാസായാലും കുഴപ്പമില്ല, റിപ്പോർട്ടറെ വേണമെന്ന് പറഞ്ഞ് പരസ്യം കൊടുക്കുന്നു. നിങ്ങൾ ആരെക്കുറിച്ചും എന്തോ എഴുതിക്കോ ഞങ്ങൾക്ക് ലൈക്കും ഷെയറുമാണ് വേണ്ടതെന്നും വിവാദമുണ്ടാക്കിയില്ലെങ്കിൽ പുറത്താക്കുമെന്ന് പറയുന്നു.

എം സി ജെയൊന്നും വേണ്ടേയെന്ന് നായകൻ ചോദിക്കുന്നു. വിവാദമുണ്ടാക്കാനുള്ള കഴിവാണ് വേണ്ടതെന്ന് പറയുന്നു. ഇവൻ കയറുന്ന ചാനലിന്റെ പേരാണ് കേരള ലൈവ്.'- സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.


ഈയടുത്ത കാലത്ത് നിങ്ങളറിഞ്ഞ പല വാർത്തകളും മുഖ്യധാരാ മാദ്ധ്യമങ്ങളല്ല നിങ്ങൾക്ക് തന്നിരിക്കുന്നത്. ഓൺലൈൻ മാദ്ധ്യമങ്ങളാണ് തന്നിരിക്കുന്നത്. കാരണം അവർ ഇവരുടെ പരസ്യം കൊണ്ടല്ല ജീവിക്കുന്നത്. പക്ഷേ അവർക്കും പിടിച്ചുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ചിത്രത്തിൽ വിമാനത്താവളത്തിന്റെ പേര് സ്വർണപ്പൂർ എന്ന് ആക്കിയതിനെപ്പറ്റിയും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി. 'ചേട്ടാ നിങ്ങൾ സ്വർണപ്പൂർ എന്ന് പേരിട്ടത് ശരിയാണോ, പേര് മാറ്റിക്കൂടേയെന്ന് പലരും ചോദിച്ചു. അങ്ങനെ ചിന്തിക്കുകയാണെങ്കിൽ കരിപ്പൂർ എന്ന് പറയുന്നതിനേക്കാൾ നല്ലതല്ലേ സ്വർണപ്പൂർ. കരിപ്പൂർ വിമാനത്താവളം എന്ന പേര് മാറ്റുകയാണെങ്കിൽ സ്വർണപ്പൂർ എന്ന പേര് മാറ്റാൻ ഞാൻ റെഡിയാണ്.'- അദ്ദേഹം പറഞ്ഞു.

Advertisement
Advertisement