സ്‌ക്രീനിൽ തെളിഞ്ഞത് 'ഡി.എസ്.പി വിക്രം', പക്ഷേ പിന്നിൽ പെരുംകള്ളൻ
പാലാ: ബാംഗ്ലൂരിൽ നിന്നും കരൂർ പഞ്ചായത്തംഗത്തിന് വാട്‌സാപ്പ് കോൾ. സ്‌ക്രീനിൽ തെളിഞ്ഞത് ഡി.എസ്.പി വിക്രം എന്ന പേരും പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലുള്ള ചിത്രവും. ''മയക്കുമരുന്ന് കൈവശം വച്ചതിന് താങ്കളുടെ മകളെയും രണ്ട് സുഹൃത്തുക്കളെയും ബാംഗ്ലൂർ പൊലീസ് പിടികൂടിയിരിക്കുന്നു. 25 ലക്ഷം രൂപ തന്നാൽ വിട്ടയ്ക്കാം. മകളോട് സ്‌നേഹമുണ്ടെങ്കിൽ ഉടൻ പണം അയയ്ക്കണമെന്നും നിർദേശം. ഞെട്ടിത്തരിച്ച് നിൽക്കുന്നതിനിടയിൽ അടിയന്തിരമായി 50,000 രൂപ ആവശ്യപ്പെട്ട്
മെമ്പർക്ക് വീണ്ടും കോൾ.
തനിക്ക് മകളോട് സംസാരിക്കണമെന്ന് മെമ്പർ ആവശ്യപ്പെട്ടപ്പോൾ പൊലീസ് ജീപ്പിലെ അലാറവും ഒരു പെൺകുട്ടിയുടെ കരച്ചിലും കേൾപ്പിച്ചു. കരച്ചിൽ ശബ്ദം കേട്ടപ്പോൾ അത് തന്റെ മകളല്ലെന്ന് മെമ്പർ ഉറപ്പിച്ചു. ഉടൻ മകളെ വിളിച്ചപ്പോൾ താൻ ഹോസ്റ്റലിലുണ്ടെന്നും ഒരു പ്രശ്‌നവുമില്ലെന്ന് മറുപടിയും. ഇതോടെ ഒന്നാംതരം തട്ടിപ്പിൽ നിന്ന് താൻ രക്ഷപെട്ടെന്ന് മെമ്പർക്ക് മനസിലായി.
മകൾ ബാംഗ്ലൂരിൽ ഏത് സ്ഥാപനത്തിലാണ് പഠിക്കുന്നതെന്നും മകളുടെ പേരുപോലും മനസിലാക്കിയായിരുന്നു തട്ടിപ്പെന്നും മെമ്പർ പറയുന്നു.
പ്രാർത്ഥിക്കാൻ വന്നു, വള കൊണ്ടുപോയി
കരൂരിൽ നിന്ന് പുതുതായി ഒരു തട്ടിപ്പിന്റെ കഥകൂടി പുറത്ത്. രണ്ട് സ്ത്രീകൾ ആലപ്പുഴയിലെ ക്രൈസ്തവ വിശ്വാസകേന്ദ്രത്തിൽ നിന്നാണെന്ന് പറഞ്ഞ് അന്ത്യാളത്തെ ഒരു വീട്ടിലെത്തി. വീട്ടമ്മയെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. ബാത്ത് റൂമിൽ പോകണമെന്ന് പ്രാർത്ഥനക്കാർ ആവശ്യപ്പെട്ടു. വീട്ടമ്മ ഇവർക്ക് വീട്ടിനുള്ളിലെ ബാത്ത് റൂം കാണിച്ചുകൊടുത്തു. അഞ്ച് മിനിട്ടിനുള്ളിൽ ഇരുവരും മടങ്ങി. അലമാരയിൽ വച്ചിരുന്ന വീട്ടമ്മയുടെ രണ്ട് വളകളും ഒപ്പം കൊണ്ടുപോയി!