വ്യാജ ആർ.സി നിർമ്മാണം; ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സൂചന

Sunday 21 July 2024 1:49 AM IST

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർ.ടി ഓഫീസിലെ വ്യാജ ആർ.സി നിർമ്മാണ കേസിൽ പിടിയിലായവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചു. കേസിൽ പിടിയിലായ വ്യാജ ആർ.സി നിർമ്മാണത്തിലെ പ്രധാന കണ്ണിയായ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയാൻകാവ് സ്വദേശി കരുവാടത്ത് നിസാർ(37), മിനി സിവിൽസ്റ്റേഷന് അടുത്തുള്ള ടാർജറ്റ് ഓൺലൈൻ ഷോപ്പ് ഉടമയും തിരൂരങ്ങാടി സ്വദേശിയും പെരുവള്ളൂർ കരുവാൻകല്ല് പാലൻതോട് താമസക്കാരനുമായ നയീം(28), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കൽ ഫൈജാസ് (32) എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് അവസാനിച്ചത്. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ വൈകിട്ട് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവരെ തിരൂർ ജയിലിലേക്ക് മാറ്റി. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ലഭിച്ചതായാണ് വിവരം. എന്നാൽ ഇടനിലക്കാരായി പ്രവർത്തിച്ച കൂടുതൽ പേർ പൊലീസിന്റെ പിടിയിലാകാനുണ്ട്. ഇന്നലെ രാവിലെ നിസാറിനെയും ഫൈജാസിനെയും ചെട്ടിപ്പടിയിലെ ഡിസൈൻ ഷോപ്പിലെത്തിച്ച് തെളിവെടുത്തിരുന്നു. വ്യാജ ആർ.സി നിർമ്മാണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഷോപ്പിലെ പ്രിന്ററും രേഖകളും പൊലീസ് പിടിച്ചെടുത്തു. ഫൈജാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷോപ്പ്. ഈ കടയിലെത്തി ആർ.സി നിർമ്മിച്ച രീതിയും മറ്റും നിസാർ പൊലീസിന് വിവരിച്ചു നൽകി. ഇവിടെ നിന്നും ഫോട്ടോഷോപ്പ് വഴി നിർമ്മിച്ച ആർ.സിയാണ് അപേക്ഷകളിൽ അപ്ലോഡ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നയീമിന്റെ ഉടമസ്ഥതയിലുള്ള ചെമ്മാട്ടെ ഓൺലൈൻ ഷോപ്പിലെത്തിച്ചും തെളിവെടുത്തിരുന്നു. ഇവിടെ നിന്നും പ്രിന്ററും രേഖകളും പിടിച്ചെടുത്തു. നിസാറിന്റെ സഹായിയും കേസിലെ പ്രധാനിയുമായ വ്യക്തി ഒളിവിലാണ്. ഇദ്ദേഹത്തിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.