മുളയിലേ നുള്ളേണ്ട ഉത്തരവ്

Sunday 21 July 2024 2:08 AM IST

വിവിധ മതവിഭാഗങ്ങളിലുള്ളവർ സാമാന്യേന മികച്ച സൗഹൃദത്തോടെ കഴിയുന്ന ലോക രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. നൂറ്റാണ്ടുകളായുള്ള സമാധാനപരമായ ജീവിതക്രമത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞു വന്നതാണ് ഈ സാഹോദര്യം. ഒരു മതാധിഷ്ഠിത രാജ്യവുമല്ല ഇന്ത്യ. എല്ലാ മതക്കാർക്കും തുല്യ നീതിയും അവകാശവും പ്രദാനം ചെയ്യുന്ന ഭരണഘടനയാണ് നമുക്കുള്ളത്. അപ്പോൾ മതത്തിന്റെ പേരിലുള്ള വർഗീയ ചേരിതിരിവുകൾ ആര് സൃഷ്ടിക്കാൻ ശ്രമിച്ചാലും അത് രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധം തന്നെയാണ്. ഏതു പാർട്ടിയിൽപ്പെട്ടവരായാലും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മറ്റും ആയിക്കഴിഞ്ഞാൽ അവർ മതഭേദമെന്യേ എല്ലാ ജനവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ്. ആ രീതിയിൽ നിന്ന് വിഭിന്നമായ പ്രസ്‌താവനകളും നടപടികളും അവരിൽ നിന്ന് ഉണ്ടാകുന്നത് നമ്മുടെ സാമൂഹ്യ ഘടനയുടെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കും.

ഇന്ത്യയിൽ മതങ്ങൾക്ക് രാഷ്ട്രീയം അനിവാര്യമല്ല. ഒരു രാഷ്ട്രീയവുമില്ലാതെയും നിലനിൽക്കുന്ന മതവിഭാഗങ്ങൾ ഇവിടെയുണ്ട്. അതേസമയം പ്രബലമായ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും മതങ്ങളുടെ സഹായം തിരഞ്ഞെടുപ്പിൽ ജയിക്കാൻ ആവശ്യമാണ്. അതിനാൽ വിവിധ മതവിഭാഗങ്ങളിൽ വേർതിരിവുണ്ടാക്കാൻ വേണ്ടിയുള്ള സംഭവങ്ങൾ രാഷ്ട്രീയകക്ഷികൾ സൃഷ്ടിക്കാറുണ്ട്. മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ സൗഹൃദത്തിൽ കഴിയുന്ന മതവിഭാഗങ്ങൾക്കിടയിൽ രാഷ്ട്രീയ കക്ഷികൾ സൃഷ്ടിക്കുന്ന അതിവികാര പ്രശ്നങ്ങൾ പലപ്പോഴും സമുദായ സംഘർഷങ്ങൾക്കും ലഹളകൾക്കും വരെ കാരണമായിത്തീരുകയും ചെയ്തേക്കാം. അളവിൽ കവിഞ്ഞ രാഷ്ട്രീയം മതത്തിൽ കലർത്തുന്നതിന്റെ പ്രശ്നമാണിത്. പൊതുസമൂഹം ഒരിക്കലും അംഗീകരിക്കുന്ന ഒരു രീതിയല്ല ഇത്. അത്തരം നടപടികൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് ശക്തിയുക്തം എതിർക്കപ്പെടേണ്ടതു തന്നെയാണ്.

ബി.ജെ.പി ഭരിക്കുന്ന യു.പിയിലും ഉത്തരാഖണ്ഡിലും അടുത്തിടെ ഇറങ്ങിയ ഒരു ഉത്തരവ് ഭരണഘടനയുടെ മതേതര കാഴ്ചപ്പാടിന് നിരക്കുന്നതല്ല. കൻവർ തീർത്ഥാടകർ കടന്നുപോകുന്ന വഴിയിലെ ഭക്ഷണശാലകളിൽ കടയുടമകളുടെ പേരെഴുതി പ്രദർശിപ്പിക്കണമെന്ന ഉത്തരവാണത്. ആദ്യം പൊലീസ് വകുപ്പാണ് ഈ ഉത്തരവിറക്കിയത്. പിന്നീട് അതത് സംസ്ഥാന സർക്കാരുകൾ തന്നെ ഈ ഉത്തരവുമായി രംഗത്തെത്തുകയാണ് ചെയ്തത്. മുസഫർ നഗർ പൊലീസ് കൊണ്ടുവന്ന നിർദ്ദേശം വിവേചനപരവും വർഗീയ സംഘർഷത്തിന് ഇടയാക്കുന്നതുമാണെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് അവർ അതു പിൻവലിച്ചിരുന്നു. എന്നാൽ,​ സമാന ഉത്തരവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്നാലെ എത്തുകയാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് ഉത്തരാഖണ്ഡും ഇതേ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

റസ്റ്റാറന്റുകൾ മാത്രമല്ല തട്ടുകടകൾ വരെ ഉടമകളുടെ പേരെഴുതി പ്രദർശിപ്പിക്കണമെന്നാണ് നിർദ്ദേശം. മുസ്ളിം കടകൾക്ക് ഹിന്ദു ദൈവങ്ങളുടെ പേരിടരുതെന്ന് യു.പിയിലെ ഒരു മന്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ ഒരു സ്ഥാപനത്തിന് ഏതു പേരിടണമെന്നത് ഉടമയുടെ അവകാശമാണ്. ഒരു മതത്തിന്റെയും ധ്വനി സൃഷ്ടിക്കാത്ത പേരുകൾ ഇടാനും ഉടമകൾക്ക് അവകാശമുണ്ട്. ഇതിനെയൊക്കെ ചോദ്യം ചെയ്യുന്നത് ഭരണഘടനയെയും നിയമ വ്യവസ്ഥയെയും ചോദ്യംചെയ്യുന്നതിനു സമമാണ്. അതിനാൽ ഈ ഉത്തരവ് രണ്ടു സർക്കാരുകളും അടിയന്തരമായി പിൻവലിക്കാൻ തയ്യാറാകണം. അവർ അതിന് തയ്യാറാകുന്നില്ലെങ്കിൽ പ്രധാനമന്ത്രി തന്നെ ഈ പ്രശ്നത്തിൽ ഇടപെട്ട് ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന പരിഹാരം കാണേണ്ടതാണ്. കാരണം,​ മുളയിലേ നുള്ളേണ്ടതാണ് ഇത്തരം ദുഷ്‌പ്രവണതകൾ. ഇല്ലെങ്കിൽ അത് ജനാധിപത്യത്തിനു തന്നെ ഭാവിയിൽ ഭീഷണിയായി മാറും.

Advertisement
Advertisement