കേരളത്തിന്റെ 'വിദേശ കാര്യം'
കേരളത്തിനൊരു വിദേശകാര്യ സെക്രട്ടറിയുണ്ടോ? എല്ലാവരെയും അത്ഭുതത്തിലാക്കുന്ന ഈ ചോദ്യത്തിന് അടിസ്ഥാനം പൊതുഭരണ വകുപ്പ് കഴിഞ്ഞദിവസം ഇറക്കിയ അസാധാരണമായ ഒരു ഉത്തരവാണ്. വിദേശരാജ്യങ്ങളുമായും എംബസികളുമായും മിഷനുകളുമായും നേരിട്ടുള്ള സഹകരണത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥയായ കെ.വാസുകിയെ നിയോഗിച്ചാണ് ഈ ഉത്തരവ്. കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് വിദേശരാജ്യങ്ങളുമായോ ഏജൻസികളുമായോ കരാറുകളോ ഉടമ്പടികളോ ഒപ്പിടാനാവില്ലെന്നിരിക്കെയാണ് കേരളം വിദേശ സഹകരണത്തിന് സെക്രട്ടറിയെ നിയോഗിച്ചത്. കേരളം സന്ദർശിക്കുന്ന സ്ഥാനപതികളും കോൺസുൽ ജനറൽമാരും വിദ്യാഭ്യാസം,തൊഴിൽ, വ്യവസായ,വാണിജ്യ മേഖലകളിൽ പരസ്പര സഹകരണത്തിന് സന്നദ്ധരാവുന്നുണ്ടെന്നും ഇക്കാര്യങ്ങളിൽ എല്ലാവകുപ്പുകളുമായും ബന്ധപ്പെട്ട് തുടർപ്രവർത്തനങ്ങൾ ഉറപ്പുവരുത്താനുമാണ് ഐ.എ.എസുദ്യോഗസ്ഥയെ നിയോഗിച്ചതെന്നാണ് സർക്കാർ വിശദീകരണം.
അധികാരപരിധി മറികടന്നുള്ള കേരളത്തിന്റെ വിദേശകാര്യ നീക്കങ്ങൾ ആദ്യമല്ല. ടോംജോസ് ചീഫ് സെക്രട്ടറിയായിരിക്കെ, വിദേശത്തെ എംബസികളുമായും സംഘടനകളുമായും ഇടപെടാനും കേന്ദ്രസർക്കാരുമായുള്ള ഉഭയകക്ഷി വിഷയങ്ങൾ പരിഹരിക്കാനും "കേരളത്തിന്റെ വിദേശകാര്യ മന്ത്രാലയം " പോലെ ചീഫ് സെക്രട്ടറി തന്റെ ഓഫീസിൽ സ്പെഷ്യൽ സെൽ രൂപീകരിച്ചിരുന്നു. എംബസികളുടെയും കോൺസുലേറ്റുകളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്വമാണെന്ന് കണക്കിലെടുക്കാതെ, ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ യു.എ.ഇ കോൺസുലേറ്റ് ജനറലിന് ഗൺമാൻമാരെ നിയോഗിച്ചതും വിവാദമായിരുന്നു.
വിദേശരാജ്യങ്ങൾ, വിദേശകാര്യം, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം, വാണിജ്യം, ബാങ്കിംഗ് അടക്കം 97വിഷയങ്ങൾ കേന്ദ്രസർക്കാരിന് മാത്രം അധികാരമുള്ളതാണ്. സംസ്ഥാനങ്ങൾക്ക് ഇതിൽ ഇടപെടാനാവില്ല. വിദേശരാജ്യങ്ങളുമായുള്ള ഏത് ഇടപാടിനും കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയുണ്ടായിരിക്കണം. വിദേശരാജ്യങ്ങളുമായുള്ള സഹകരണത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദേശ ഏകോപനം (എക്സ്റ്റേണൽ കോ-ഓർഡിനേഷൻ) ഡിവിഷൻ രൂപീകരിച്ചത്. വിദേശരാജ്യങ്ങളുമായി പരസ്പര താത്പര്യമുള്ള കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുകയാണ് ലക്ഷ്യം. അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികളുടെ ക്ഷേമത്തിന് നോർക്ക വകുപ്പുണ്ട്. നോർക്ക സെക്രട്ടറിയായിരുന്ന സുമൻബില്ലയ്ക്ക് നേരത്തേ വിദേശസഹകരണ ചുമതല നൽകിയിരുന്നെങ്കിലും കേന്ദ്ര അധികാരത്തിൽ പെടുന്നതായതിനാൽ അദ്ദേഹം ഇടപെട്ടിരുന്നില്ല. വിവിധ രാജ്യങ്ങളിൽ സ്ഥാനപതിയായിരുന്ന വേണുരാജാമണിയെ, വിദേശകാര്യസർവീസിൽ നിന്ന് വിരമിച്ചശേഷം വിദേശ രാജ്യങ്ങളുമായും ഭരണാധികാരികളുമായും അംബാസഡർമാരുമായും ബന്ധംപുലർത്താനുള്ള ചുമതല നൽകി സംസ്ഥാനസർക്കാർ ഡൽഹിയിൽ നിയമിച്ചിരുന്നു.
കേരള 'വിദേശകാര്യ' വകുപ്പ്
വിദേശത്തെ എംബസികളുമായും സംഘടനകളുമായും ഇടപെടാനും കേന്ദ്രസർക്കാരുമായുള്ള ഉഭയകക്ഷി വിഷയങ്ങൾ പരിഹരിക്കാനുമാണ് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് സ്പെഷ്യൽ സെൽ തന്റെ ഓഫീസിൽ രൂപീകരിച്ചത്. കിൻഫ്രയ്ക്ക് താത്കാലിക ജീവനക്കാരെ ലഭ്യമാക്കുന്ന മാൻപവർ കൺസൾട്ടൻസി ഏർപ്പാടാക്കിയവരാണ് സെല്ലിലുണ്ടായിരുന്നത്. വിദേശനിക്ഷേപം ആകർഷിക്കൽ, വിദേശത്തെ കമ്പനികളുമായി ചേർന്നുള്ള പദ്ധതികളുടെ ഏകോപനം എന്നിവയൊക്കെയാണ് സെല്ലിന്റെ ദൗത്യമെന്നായിരുന്നു വിശദീകരണം. വിദേശത്തെ ഇടപെടൽ ഫലപ്രദമായി നടത്തുന്ന നോർക്ക വകുപ്പുള്ളപ്പോഴാണ് കരാറുകാർക്ക് ഒന്നേകാൽലക്ഷം വരെ ശമ്പളം നൽകി സ്പെഷ്യൽ സെല്ലുണ്ടാക്കിയത്. സ്പെഷ്യൽസെൽ ടീം ലീഡർ, ഡെപ്യൂട്ടി ടീം ലീഡർ തസ്തികയിലേക്ക് യോഗ്യത നിശ്ചയിച്ചതും ആളെ തിരഞ്ഞെടുത്തതും ശമ്പളം തീരുമാനിച്ചതും ചീഫ് സെക്രട്ടറിയായിരുന്നു. ഇവർക്ക് പദവിയും സർക്കാർ മുദ്രയും ശമ്പളത്തിൽ അഞ്ച് ശതമാനം വാർഷികവർദ്ധനവും നൽകി. പ്രവർത്തനം വിലയിരുത്തി പിരിച്ചുവിടാനുള്ള അധികാരവും ചീഫ് സെക്രട്ടറിക്കുതന്നെ. കേട്ടുകേൾവിയില്ലാത്തതും അസാധാരണവുമായ നടപടിയാണിത്.
തൊഴിൽവകുപ്പ് സെക്രട്ടറിയായിരിക്കെ തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായിരുന്ന യുവതിയെയും ടോംജോസ് സെല്ലിൽ അംഗമാക്കി. ടീം ലീഡർക്ക് 75,000–1.25 ലക്ഷം, രണ്ട് ഡെപ്യൂട്ടി ടീം ലീഡർമാർക്ക് 40,000–75,000 എന്നിങ്ങനെയാണ് ശമ്പളം. നിലവിൽ സെല്ലിൽ രണ്ടംഗങ്ങളേയുള്ളൂ. ഇവർക്ക് 36 ലക്ഷത്തോളം രൂപ ശമ്പളമായി നൽകിയിട്ടുണ്ട്. സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലെ പ്രാവീണ്യം യോഗ്യതയിലുൾപ്പെടുത്തിയത് വേണ്ടപ്പെട്ടവരെ നിയമിക്കാനായിരുന്നു. ഏറ്റവുമധികം മലയാളികൾ ഗൾഫിലാണെങ്കിലും അറബി ഭാഷ ഇക്കൂട്ടത്തിലുൾപ്പെടുത്തിയിട്ടില്ല. സ്പെഷ്യൽസെല്ലിൽ വിദേശ ഇടപാടുകളുടെയോ നിക്ഷേപകമ്പനികളുമായുള്ള ചർച്ചകളുടെയോ ഫയലുകൾ ഇല്ലെന്ന് കണ്ടെത്തി. സെൽ പിന്നീട് ഒഴിവാക്കിയിരുന്നു.
വിദേശസഹായവും
വാങ്ങാനാവില്ല
കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ ഒരു വിദേശ സഹായവും സ്വീകരിക്കാൻ സംസ്ഥാനത്തിന് കഴിയില്ല. പ്രളയകാലത്ത് യു.എ.ഇ പ്രഖ്യാപിച്ച 700കോടിയുടെ സഹായം വാങ്ങാനാവാതെ പോയത് അങ്ങനെയായിരുന്നു. മലപ്പുറത്തെ വിശ്വാസികൾക്ക് സക്കാത്ത് നൽകണമെന്ന് യു.എ.ഇ കോൺസുൽ ജനറലിനോട് മന്ത്രിയായിരിക്കെ കെ.ടി ജലീൽ അഭ്യർത്ഥിച്ചതും വിവാദമായിരുന്നു. യു.എ.ഇ കോൺസുലേറ്റിന്റെ ഭക്ഷ്യകിറ്റ് ആവശ്യപ്പെട്ട് മന്ത്രി കോൺസുൽ ജനറലിനെ നേരിട്ട് വിളിച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രോട്ടോകോളിന്റെ ലംഘനമാണ്.മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും മറ്റ് രാജ്യങ്ങളുടെ എംബസികൾ, കോൺസുലേറ്റുകൾ, അവിടത്തെ ജീവനക്കാർ എന്നിവരുമായി എങ്ങനെ ഇടപെടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ ഹാൻഡ്ബുക്കിലുണ്ട്. താത്കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാനസർക്കാരിന്റെ അധികൃതരുമായി വിദേശരാജ്യ കാര്യാലയങ്ങൾ ബന്ധം സ്ഥാപിക്കാൻ പാടില്ലെന്നാണ് ഹാൻഡ്ബുക്കിന്റെ 18ാം അദ്ധ്യായത്തിൽ. സാമ്പത്തികസഹായം നൽകുന്നെങ്കിൽ ഫോറിൻ കറൻസി റഗുലേഷൻ ആക്ടിന് വിധേയമായിരിക്കണമെന്നും ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നും അടുത്ത അദ്ധ്യായത്തിൽ പറയുന്നു. വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നവരുമായി ഇടപെടുന്നതിൽ മന്ത്രിമാർക്കും ഉന്നതോദ്യോഗസ്ഥർക്കും പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇതെല്ലാം മറികടന്ന് കെ.വാസുകി എങ്ങനെ കേരളത്തിന്റെ 'വിദേശകാര്യ' സെക്രട്ടറിയായി പ്രവർത്തിക്കുമെന്നാണ് കണ്ടെറിയേണ്ടത്.