കായികാദ്ധ്യാപകരില്ല നിലയുറക്കാതെ 'ഹെൽത്തി കിഡ്സ്"

Saturday 20 July 2024 9:03 PM IST

കണ്ണൂർ:പ്രൈമറി ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് വേണ്ടി സർക്കാർ ആവിഷ്കരിച്ച ഹെൽത്തി കിഡ്സ് പദ്ധതി നടത്തിപ്പിൽ ആശങ്ക.സർക്കാർ മുന്നൊരുക്കങ്ങളില്ലാതെയാണ് പദ്ധതി നടപ്പാക്കാൻ ഇറങ്ങിയതെന്നാണ് അദ്ധ്യാപകർക്കിടയിൽ തന്നെയുള്ള ആക്ഷേപം.സമഗ്ര കായികപരിപോഷണവുംകായിക സാക്ഷരതയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നിരിക്കെ പരിശീലനം നൽകാൻ മതിയായ കായികാദ്ധ്യാപകരെ നിയമിക്കാത്തതാണ് ആശങ്കയ്ക്ക് പിന്നിൽ.

. നിലവിൽ പ്രൈമറി സ്‌കൂൾ അദ്ധ്യാപകർക്ക് കായിക വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനവും ആവശ്യമായ കായിക ഉപകരണങ്ങളും നൽകി പദ്ധതി തുടങ്ങാനാണ് സർക്കാർ നീക്കം.എൽ.പി വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരുടേയും പരിശീലനം രണ്ടുമാസം കൊണ്ട് പൂർത്തിയാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്. എന്നാൽ സ്‌കൂൾ തുറന്ന് ഒന്നരമാസം കഴിയുമ്പോഴും ഇതുമായി ബന്ധപ്പെട്ട യാതാരു നിർദേശവും അദ്ധ്യാപകർക്ക് ലഭിച്ചിട്ടില്ല. നിലവിൽ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ സാഹചര്യത്തിൽ ഏത് സമയത്താണ് കായികപരിശീലനം നൽകുകയെന്നത് സംബന്ധിച്ചും സന്ദേഹമുണ്ട്.

അദ്ധ്യാപകരുടെ അവധിക്കാല പരിശീലന ക്ലാസുകളിൽ പോലും പദ്ധതിയെ കുറിച്ച് സൂചിപ്പിച്ചില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

അമിതഭാരമാകുമെന്ന ആശങ്കയും

ഒന്നു മുതൽ നാല് വരെ ക്ലാസെടുക്കുന്ന അദ്ധ്യാപകർ രണ്ടോ അതിലധികമോ വിഷയങ്ങൾ പഠിപ്പിക്കേണ്ടതുണ്ട്. അതിന് പുറമേ കായിക വിദ്യാഭ്യാസ ചുമതലകൂടി നൽകുന്നത് അമിതഭാരമാകുമെന്നാണ് ഇവരുടെ അഭിപ്രായം.കായിക വിദ്യാഭ്യാസത്തെ കുറിച്ച് യാതൊരു അറിവുമില്ലാത്ത ഇത്തരം അദ്ധ്യാപകർക്ക് പ്രാക്ടിക്കൽ സെക്ഷൻസ് കൈകാര്യം ചെയ്യാനുമാകില്ല. വിഷയത്തിൽ യാതൊരു താൽപര്യവുമില്ലാതെ അദ്ധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടി വരുമ്പോൾ പദ്ധതിയുടെ ഗുണം കുട്ടികളിൽ എത്തുകയില്ലെന്നും ആശങ്കയുണ്ട്.

നിയമിക്കണം ദിവസവേതനക്കാരെ

കായികപഠനം പൂർത്തിയാക്കിയ നിരവധിപേർ പുറത്ത് ജോലിക്കായി കാത്തിരിപ്പുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുകയാണെങ്കിൽ ഇവർക്ക് പദ്ധതി കാര്യക്ഷമമായി നടത്താനാകുമെന്ന നിർദേശം അദ്ധ്യാപകർ മുന്നോട്ട് വെക്കുന്നുണ്ട്. അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ കായിക പഠനവും കായികാദ്ധ്യാപക ക്ഷാമം മൂലം നിലച്ചിരിക്കുകയാണ്.സംസ്ഥാനത്ത് 3037 യു.പി സ്‌കൂളുകളിലും 2790 ഹൈസ്‌കൂളുകളിലുമായി 1800ൽ താഴെ കായികാദ്ധ്യാപക തസ്തികകൾ മാത്രമാണുള്ളത്.

കേരള മോഡൽ;രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യമായി കേരളമാണ് പ്രൈമറി തലത്തിൽ കായികപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് .